Tuesday, June 12, 2012

ബഷീറിന്റെ പ്രസംഗം ക്രിമിനല്‍ കുറ്റമോ?

Published on Wednesday, 13 June 2012 03:59 varthamanam.com താനാണ് കുറ്റം ചെയ്തതെന്ന് ഒരാള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെച്ച് വിളിച്ചു പറയുന്നത് ക്രിമിനല്‍ കുറ്റമാണ്. അത് വീഡിയോയില്‍ പകര്‍ത്തി കോടതിയില്‍ ഹാജരാക്കുകയെന്ന നടപടിയാണ് ഇടുക്കിയിലെ എം എം മണിയുടെ കേസില്‍ സംഭവിച്ചിട്ടുള്ളത്. കൊലക്കേസില്‍ കുറ്റസമ്മത മൊഴിയായി പരിഗണിക്കപ്പെടാവുന്നതാണ് എം എം മണിയുടെ പ്രസംഗം. മലപ്പുറം ജില്ലയിലെ കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ മുസ്‌ലിം ലീഗ് എം എല്‍ എ പി കെ ബഷീര്‍ ആറാം പ്രതിയാണ്. അദ്ദേഹത്തിന്റെ പ്രസംഗമാണ് പ്രതികളെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നാലംഗസംഘം നടത്തിയ കൊലപാതകത്തില്‍ പി കെ ബഷീര്‍ ആറാം പ്രതിയാകുന്നത്. (പ്രതികള്‍ ആ പ്രസംഗം കേട്ടിരുന്നോ എന്നത് വേറെ കാര്യം.) ജൂണ്‍ മൂന്നിന് മുസ്‌ലിം ലീഗ് കുനിയിലില്‍ നടന്ന ധനസഹായ വിതരണച്ചടങ്ങിലായിരുന്നു പി കെ ബഷീര്‍ പ്രസംഗിച്ചത്. കൊലക്കുറ്റമല്ല, പ്രേരണാകുറ്റമാണ് നിലവില്‍ ചുമത്തിയിരിക്കുന്നത്. എന്നാല്‍ പ്രേരണാകുറ്റം നിലനില്ക്കുമോ എന്ന് വ്യക്തമല്ല. അതിന് തെളിവുകള്‍ ആവശ്യമാണ്. ഇപ്പോള്‍ പൊലീസ് തയ്യാറാക്കിയ എഫ് ഐ ആര്‍ തന്നെ നിലനില്ക്കുമോ എന്നതിന് വരും നാളുകളില്‍ മറുപടി ലഭിക്കും. പി കെ ബഷീറിന്റെ പ്രസംഗം പ്രതികള്‍ക്ക് കുറ്റം ചെയ്യാന്‍ പ്രേരണ നല്കിയെന്ന പരാതി ഉയരുന്നത് ജൂണ്‍ 11നാണ്. പ്രതികള്‍ കൊല്ലപ്പെട്ടപ്പോളാണ് ബഷീറിന്റെ പ്രസംഗം ചര്‍ച്ചാ വിഷയമാകുന്നത്. പ്രകോപനപരമായ രീതിയിലാണ് ബഷീര്‍ പ്രസംഗിച്ചതെങ്കില്‍ അന്നു തന്നെ ബഷീറിനെതിരെ പരാതി നല്കാമായിരുന്നു. എന്നാല്‍ അത്തരം നടപടികളൊന്നും ഉണ്ടായിട്ടില്ല. കുനിയിലില്‍ നടന്നിട്ടുള്ളത് രാഷ്ട്രീയ കൊലപാതകങ്ങള്‍ അല്ല. ഒരു പക്ഷത്ത് മുസ്‌ലിം ലീഗും, മറുഭാഗത്ത് സി പിഎമ്മും നിലകൊള്ളുന്ന രാഷ്ട്രീയ നിറവും കുനിയിലില്‍ ഇല്ല. പ്രാദേശിക പ്രശ്‌നത്തിന് രാഷ്ട്രീയ നിറം നല്കുന്നവര്‍ ഇക്കാര്യം ഓര്‍ക്കണം. അതീഖുറഹ്മാനെ കൊലചെയ്ത കേസിലെ പ്രതികളെയാണ് ഇപ്പോള്‍ കൊലപ്പെടുത്തിയിട്ടുള്ളത്. അത് ഒരു രാഷ്ട്രീയ സംഘര്‍ഷമായിരുന്നില്ല. ഫുട്ബാള്‍ ടൂര്‍ണ്ണമെന്റുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് അതീഖ് കൊലചെയ്യപ്പെട്ടത്. അതിന്റെ കൗണ്ടര്‍ കൊലപാതകവും രാഷ്ട്രീയ കൊലപാതകമല്ല. ആദ്യം കൊല്ലപ്പെട്ട അതീഖുറഹ്മാന്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു എങ്കിലും ആ കൊലപാതകത്തിന് രാഷ്ട്രീയമണം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ കൊല്ലപ്പെട്ട അതീഖുറഹ്മാന്‍ കൊലക്കേസിലെ പ്രതികളായ കൊളക്കാടന്‍ ആസാദും, കൊളക്കാടന്‍ അബൂബക്കറും സി പി എം പ്രവര്‍ത്തകരോ, ഇടതുപക്ഷ പ്രവര്‍ത്തകരോ അല്ല. എന്നു മാത്രമല്ല കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥിക്കു വേണ്ടി സജീവമായി രംഗത്തുള്ളവരുമായിരുന്നു. ആയതിനാല്‍ പി കെ ബഷീര്‍ സി പി എമ്മുകാരെയോ, കോണ്‍ഗ്രസുകാരെയോ കൊല്ലാന്‍ വേണ്ടി ഒരു ആഹ്വാനം നടത്തിയെന്ന് സി പി എം പ്രവര്‍ത്തകരോ, കോണ്‍ഗ്രസ് പ്രവര്‍ത്തകരോ ആരോപിക്കുന്നില്ല. രാഷ്ട്രീയമില്ലാത്ത ഒരു കൊലപാതകം നടന്ന് അഞ്ച് മാസങ്ങള്‍ക്ക് ശേഷം കുനിയില്‍ വെച്ച് നടന്ന പരിപാടിയില്‍ മുസ്‌ലിം ലീഗ് എം എല്‍ എ പി കെ ബഷീര്‍ പ്രസംഗിച്ച വാക്കുകള്‍ വ്യക്തമാണ്. ആ വാക്കുകളില്‍ അക്രമത്തിനുള്ള ആഹ്വാനമില്ല. പി കെ ബഷീര്‍ സ്ഥലം എം എല്‍ എയാണ്. അഥവാ സര്‍ക്കാറിന്റെ പ്രതിനിധിയാണ്. കൊല്ലപ്പെട്ട അതീഖുറഹ്മാന്റെ കുടുംബത്തിന് ധനസഹായം നല്കുന്ന പരിപാടിയിലാണ് ബഷീര്‍ പ്രസംഗിച്ചത്. കേട്ടുനില്ക്കുന്നത് അതീഖുറഹ്മാന്റെ ആശ്രിതരാണ്. ദരിദ്രരായ അവര്‍ക്ക് മുന്നില്‍ നീതിയോടൊപ്പം നില്ക്കാന്‍ ഉണ്ടാകുമെന്ന പ്രഖ്യാപനമാണ് ബഷീര്‍ നടത്തിയിട്ടുള്ളത്. പ്രതികള്‍ സമ്പന്നരാകുമ്പോള്‍ ഇരകള്‍ക്ക് നീതി നിഷേധിക്കപ്പെടുമെന്ന് കരുതുന്നവര്‍ക്കിടയില്‍ പ്രതികള്‍ കുറ്റകൃത്യത്തിന് ശേഷം നാട്ടിലൂടെ സൈ്വര്യവിവഹാരംനടത്തില്ലെന്ന് എം എല്‍ എ പറയുന്നത് ക്രിമിനല്‍ കുറ്റമല്ല. നാട്ടില്‍ ഒരു കൊലപാതകം നടന്നാല്‍ പ്രതികള്‍ക്കെതിരെ കോടതിയില്‍ കേസ് ഉണ്ടായിരിക്കെ പ്രതികള്‍ക്കെതിരെ ഏതറ്റം വരെയും പോകുമെന്ന് പറഞ്ഞാല്‍ കോടതിയില്‍ ഏതറ്റം വരെയും നീതിക്കു വേണ്ടി പൊരുതുമെന്നാണെന്ന് മനസ്സിലാക്കേണ്ടത്. പ്രതികള്‍ രക്ഷപ്പെടുമെന്ന് വിചാരിക്കേണ്ടെന്ന് ഒരു മന്ത്രിയോ, പോലീസ് മേധാവിയോ പറഞ്ഞാല്‍ അവര്‍ക്കെതിരെ കൊലപാതകത്തിന് പ്രേരണാ കുറ്റം ചുമത്തുന്ന പതിവില്ല. ക്വട്ടേഷന്‍ സംഘങ്ങളെ അടിച്ചമര്‍ത്തുമെന്ന് മുന്‍ കേരള അഭ്യന്തര വകുപ്പ് മന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നതാണ്. ഇപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആ വാക്കുകള്‍ ആവര്‍ത്തിക്കാറുണ്ട്. അതിനിടയില്‍ പല ഗുണ്ടകളും കൊല്ലപ്പെടുകയുണ്ടായി. അതു പോലെയാണ് പി കെ ബഷീറിന്റെ കുനിയില്‍ കൊലപാതകത്തിന് ശേഷം സംഭവിച്ചത്. അക്രമം തുടര്‍ന്നാല്‍ കൈയും കെട്ടി നോക്കി നില്ക്കില്ലെന്ന് പി കെ ബഷീര്‍ പ്രസംഗിച്ചതും പ്രകോപനമായത്രേ. സ്വന്തം മണ്ഡലത്തില്‍ അക്രമം നടന്നതിന് ശേഷം പ്രതികള്‍ രക്ഷപ്പെടുമെന്നും, ഞാനും പാര്‍ട്ടിയും കൈയും കെട്ടി നോക്കിനില്ക്കുമെന്നും ബഷീര്‍ പ്രസംഗിക്കുകയാണെങ്കില്‍ അതാണ് യഥാര്‍ഥത്തില്‍ കുറ്റം. ഒതായിയിലെ പി വി മനാഫ് വധക്കേസ് അടക്കമുള്ള ചില കേസുകളില്‍ പ്രതികള്‍ ശിക്ഷക്കപ്പെടാത്ത അനുഭവം അദ്ദേഹത്തിന്റെ മണ്ഡലത്തിലുണ്ട്. പ്രതികളെ കോടതി വെറുതെ വിട്ട ആ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇനി വെറുതെ വിടുകയില്ലെന്ന് പറഞ്ഞാല്‍ അതിന് പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്നേ അര്‍ഥമുള്ളൂ. അക്രമികളെ നേരിടണമെന്നോ അക്രമിക്കണമെന്നോ ബഷീര്‍ ആഹ്വാനം ചെയ്തിട്ടില്ല. നിയമം കയ്യിലെടുക്കുമെന്ന് പ്രസംഗിച്ചിട്ടുമില്ല. കഴിഞ്ഞ ദിവസം രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ് ഐ ആര്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ കേസിനെ നിയമപരമായി നേരിടുകയാണ് മുസ്‌ലിം ലീഗിന്റെയും പി കെ ബഷീര്‍ എം എല്‍ എയുടെയും മുന്നിലുള്ള മാര്‍ഗ്ഗം. വിവാദപ്രസംഗത്തിന്റെ വീഡിയോ/ ഓഡിയോ ടേപ്പുകള്‍ കോടതിയില്‍ ഹാജരാക്കി ബഷീറിനെതിരെ നടപടി ഉറപ്പാക്കുക എന്നതാണ് പരാതിക്കാര്‍ക്ക് മുന്നിലുള്ള മാര്‍ഗ്ഗം. നിയമത്തിന്റെ വഴി സ്വീകരിക്കുമെന്ന് ബഷീര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പി കെ ബഷീറിനെതിരായ പരാതിയുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്ത പ്രസംഗം വര്‍ഷങ്ങള്‍ക്ക് മുമ്പ് എടവണ്ണയില്‍ അദ്ദേഹം നടത്തിയ പ്രസംഗമാണ്. അന്ന് ബഷീര്‍ എം എല്‍ എ അല്ല. ആ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരെ കേസെടുത്തതും, കോടതി നടപടികള്‍ ഉണ്ടായതുമാണ്. ആ കേസില്‍ ബഷീറിനെ അന്നത്തെ വി എസ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിട്ടില്ല. പിന്നീട് യു ഡി എഫ് സര്‍ക്കാര്‍ ആ കേസ് പിന്‍വലിക്കുകയുണ്ടായി. അപ്പോഴൊന്നും അതൊരു രാഷ്ട്രീയ വിവാദമായി വളര്‍ന്നിരുന്നില്ല. കുനിയില്‍ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ ബഷീറിനെ അറസ്റ്റ് ചെയ്യാത്തതിലാണ് പ്രതിപക്ഷത്തിന് ദുഖമുള്ളത്. അതു കാരണമാണ് പ്രതിപക്ഷം സഭവിട്ടിറങ്ങിയത്. എന്നാല്‍ എം എം മണിയുടെ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ മണിയെയും അറസ്റ്റ് ചെയ്തിട്ടില്ല എന്നത് അവര്‍ വിസ്മരിക്കുന്നു. പി കെ ബഷീറിന്റെ വിവാദമായ കുനിയില്‍ പ്രസംഗത്തിന്റെ ടേപ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചതാണ്. ആ പ്രസംഗം മാധ്യമങ്ങള്‍ ആദ്യം ബ്രോഡ്കാസ്റ്റ് ചെയ്‌തെങ്കിലും വേണ്ടത്ര ക്രിമിനല്‍ സ്വഭാവമുള്ള വാക്കുകള്‍ ആ പ്രസംഗത്തില്‍ ഇല്ലാത്തതിനാല്‍ സംപ്രേഷണം നിര്‍ത്തുകയായിരുന്നു. ആ പ്രസംഗത്തിന്റെ ടേപ്പ് ഒന്നു കൂടി കേട്ടാല്‍ തീരാവുന്ന പ്രശ്‌നമേ വിവാദത്തിലൂള്ളൂ. ഒരു പ്രസംഗത്തെ കുറിച്ച് പരാതി ലഭിച്ചാല്‍ പ്രസംഗത്തിന്റെ ടേപ്പ് പോലും കാണാതെ എം എല്‍ എയെ അറസ്റ്റ് ചെയ്യണമെന്ന് പറയുന്നതിന് യാതൊരു ന്യായീകരണവുമില്ല. എം എം മണിയുടെ പ്രസംഗം ആവര്‍ത്തിച്ചു പ്രക്ഷേപണം ചെയ്യുന്ന മാധ്യമങ്ങള്‍ ബഷീറിന്റെ കുനിയില്‍ പ്രസംഗം ആവര്‍ത്തിച്ചു കേള്‍പ്പിച്ചാല്‍ ഈ പ്രശ്‌നം താനേ കെട്ടടങ്ങും.

No comments:

Post a Comment