Friday, June 1, 2012

ഹൈന്ദവ കേരളത്തിലെ നെയ്യാറ്റിന്‍കര

http://www.varthamanam.com/index.php/editorial/13589-2012-05-03-19-37-34 നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ ജയിക്കാന്‍ തന്നെയാണ് മത്സരിക്കുന്നത്. ജയിച്ചില്ലെങ്കിലും രണ്ടാം സ്ഥാനം കിട്ടണം. അതുമില്ലെങ്കില്‍ തിളങ്ങുന്ന മൂന്നാം സ്ഥാനം വേണം. നെയ്യാറ്റിന്‍കര ഒരു പരീക്ഷണശാലയാണ്. അധികാരത്തിലേക്ക് കലാപച്ചാലുകള്‍ നീന്തിക്കടക്കാന്‍ ശ്രമിക്കുന്ന ബി ജെ പിക്ക് നെയ്യാറ്റിന്‍കര വലിയൊരു പരീക്ഷണശാലയാണ്. അലിയുടെ മന്ത്രി സ്ഥാനത്തോടെ സാമുദായിക സന്തുലനം തകര്‍ന്നു കഴിഞ്ഞ കേരളത്തില്‍ രാഷ്ട്രീയവിജയം നേടാനാവുമോ എന്നാണ് ഒ രാജഗോപാലിന്റെ സ്ഥാനാര്‍ഥിത്വത്തോടെ ബി ജെ പി ഉറ്റുനോക്കുന്നത്. കോടിയേരി ബാലകൃഷ്ണന്‍ മുതല്‍ പിണറായി വിജയന്‍ വരെയുള്ള ഒന്നാം നമ്പര്‍ മതേതരവാദികള്‍ പ്രസ്താവന യുദ്ധങ്ങളിലൂടെ മുറിവേല്‍പിച്ച കേരളത്തിന്റെ മതേതര മനസ്സില്‍ നിന്ന് വര്‍ഗ്ഗീയതയുടെ ചെകുത്താന്‍പൂക്കള്‍ വിരിയിക്കാന്‍ സംഘ്പരിവാര്‍ അജണ്ടകള്‍ മെനയുന്ന നെയ്യാറ്റിന്‍കരയിലാണ് ജൂണ്‍ രണ്ടിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. യു ഡി എഫിനും, എല്‍ ഡി എഫിനും രാഷ്ട്രീയ അജണ്ടകള്‍ ഉള്ള നെയ്യാറ്റിന്‍കരയില്‍ ഹിന്ദുത്വഫാസിസത്തിനും രാഷ്ട്രീയ വര്‍ഗ്ഗീയ അജണ്ടകള്‍ ഏറെയുണ്ട്. എല്‍ ഡി എഫിലും, യു ഡി എഫിലും രണ്ട് നാടാര്‍ ക്രിസ്ത്യാനികള്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ നായര്‍ സര്‍വീസ് സൊസൈറ്റി സമദൂര സിദ്ധാന്തം വെടിഞ്ഞ് ബി ജെ പി സ്ഥാനാര്‍ഥി ഒ രാജഗോപാലിനെ പിന്തുണക്കുമെന്ന് ഹൈന്ദവ കേരളം വെബ്‌സൈറ്റ് പറയുന്നു. എന്‍ എസ് എസ് സെക്രട്ടറി സുകുമാരന്‍ നായര്‍ ബി ജെ പി നേതാവ് ഒ രാജഗോപാലിനെ കണ്ടതിനു ശേഷമാണ് ഹൈന്ദവ കേരളം രാജഗോപാലിന് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥന നടത്തിയിട്ടുള്ളത്. കേരളത്തില്‍ വര്‍ഗ്ഗീയത വളര്‍ത്താന്‍ പ്രിന്റ്, ദൃശ്യമാധ്യമങ്ങളില്‍ ഏറെ പണിയെടുത്തിട്ടും വിജയിക്കാതെ വന്ന ഹിന്ദുത്വ തീവ്രവാദം ഇപ്പോള്‍ കൂടുതല്‍ വിഷലിപ്തമായ പ്രചാരണങ്ങള്‍ക്ക് വെബ്‌സൈറ്റുകളെയാണ് ആശ്രയിക്കുന്നത്. ലൗജിഹാദ് വിവാദത്തില്‍ പ്രതിസ്ഥാനത്ത് വന്ന ഹിന്ദുജാഗ്രുതി ഡോട്ട് ഓര്‍ഗിനെ പോലെ അഞ്ചു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റാണ് ഹൈന്ദവകേരളംഡോട്ട് കോം (ംംം.വമശിറമ്മസലൃമഹമാ.രീാ). ഏപ്രില്‍ 24ന് ഹൈന്ദവകേരളം. കോം പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ട് ഏറെ ഗൗരവമുള്ളതാണ്. നാരായണപ്പണിക്കര്‍ക്ക് ശേഷം എന്‍ എസ് എസ് നേതൃത്വത്തിലെത്തിയ സുകുമാരന്‍ നായര്‍ എന്‍ എസ് എസിനെ ആര്‍ എസ് എസിന്റെ ആലയില്‍ കൊണ്ടു പോയി കെട്ടാന്‍ ശ്രമിക്കുകയാണ് എന്ന ആരോപണം ശക്തിപ്പെട്ടു വരികയാണ്. കേരളത്തില്‍ ഹിന്ദുക്കള്‍ നാടുവിടേണ്ട അവസ്ഥയിലാണെന്ന് പരസ്യപ്രസ്താവന ഇറക്കിയ വിവരദോഷി കൂടിയാണ് സുകുമാരന്‍ നായര്‍. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കരയിലെ ബി ജെ പി സ്ഥാനാര്‍ഥി ഒ രാജഗോപാലുമായി കൂടിക്കാഴ്ച നടത്തിയ വിവരം പ്രാധാന്യപൂര്‍വ്വം നല്കിയത് അമൃത ടി വിയാണ്. മാതാഅമൃതാനന്ദമയിയുടെ ഉടമസ്ഥതയിലുള്ള അമൃത ടി വി ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത് കേരളത്തില്‍ മുന്നണികള്‍ക്ക് ബദല്‍ ഉയര്‍ന്നു വരുന്നതിലെ സന്തോഷത്തോടെയായിരുന്നു. എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ള 12 ഹിന്ദു സംഘടനാ നേതാക്കളുമായി നേരിട്ട് ചര്‍ച്ച നടത്തിയാണ് നെയ്യാറ്റിന്‍കരയില്‍ രാജഗോപാല്‍ ചുവടുറപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. നെയ്യാറ്റിന്‍കരയിലെ യു ഡി എഫ് സ്ഥാനാര്‍ഥി സെല്‍വരാജ് എം എല്‍ എ സ്ഥാനം രാജിവെച്ചപ്പോള്‍ ഹൈന്ദവകേരളം. കോം അദ്ദേഹത്തെ ന്യൂനപക്ഷനാടാര്‍ സമുദായത്തിന്റെ നേതാവ് ആയി ആണ് വിശേഷിപ്പിച്ചിരുന്നത്. മാര്‍ച്ച് 10ന് വെബ്‌സൈറ്റ് നല്കിയ വാര്‍ത്തയില്‍ നാടാര്‍ സമുദായത്തിന്റെ നേതാവായും, ന്യൂനപക്ഷത്തിന്റെ പ്രതിനിധി സി പി എമ്മില്‍ നിന്ന് അകലുന്നതായും വാര്‍ത്ത പ്രസിദ്ധീകരിച്ചു. ഒരു സി പി എം നേതാവിനെ ജാതിനേതാവായി കണ്ട വെബ്‌സൈറ്റിന്റെ അജണ്ടകള്‍ അഞ്ചാം മന്ത്രി വിവാദത്തില്‍ എത്രകണ്ട് പ്രവര്‍ത്തിച്ചു എന്നത് രാഷ്ട്രീയ നിരീക്ഷകര്‍ ഇനിയും വിലയിരുത്തിയിട്ടില്ല. തിരുവനന്തപുരത്ത് വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കാനുള്ള ആര്‍ എസ് എസ് - ബി ജെ പി തന്ത്രത്തിന് ഹിന്ദു സമുദായത്തിലെ ചില സംഘടനകളില്‍ നിന്ന് കൂടി പിന്തുണ ലഭിക്കുന്നുണ്ടെന്ന സൂചനകളുണ്ട.് കേരളപുലയ മഹാസഭ ഗാന്ധി പാര്‍ക്കില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി ജനറല്‍ സെ്രകട്ടറി കുമ്മനം രാജശേഖരന്റെ വിഷലിപ്തമായ പ്രസംഗം ഉണ്ടായിരുന്നു. മഹാത്മാ അയ്യങ്കാളിയെ കുറിച്ചുള്ള സൂര്യദേവ് എന്ന സിനിമ പ്രദര്‍ശിപ്പിച്ച അതേ സമ്മേളനത്തിലാണ് കുമ്മനം രാജശേഖരന് പ്രസംഗിക്കാന്‍ അവസരം നല്കിയത് ആര്‍ എസ് എസിന്റെ വര്‍ഗ്ഗീയ അജണ്ടകള്‍ വിജയിക്കുന്നുവെന്നത് സൂചകമാണ്. പുലയമഹാസഭ സമ്മേളനത്തില്‍ കുമ്മനം രാജശേഖരന്‍ അത്യധികം വിഷലിപ്തമായ പ്രസ്താവനകളാണ് നടത്തിയിട്ടുള്ളത്. വരുന്ന പത്ത് വര്‍ഷത്തിനകം കേരളത്തിലെ എന്‍ജിനീയര്‍മാരും, ഡോക്ടര്‍മാരും പൂര്‍ണ്ണമായും മുസ്‌ലിംകളും, ക്രിസ്ത്യാനികളുമാകും. കോടികള്‍ ചെലവഴിച്ച് ആ സമുദായങ്ങള്‍ കോളെജുകള്‍ ആരംഭിക്കുകയാണ്. കേരളത്തിലെ കച്ചവടം, റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസം എന്നിവ ന്യൂനപക്ഷങ്ങളുടെ കരങ്ങളിലാണ്. മതപരിവര്‍ത്തനത്തെ കുറിച്ച് ആശങ്കകള്‍ പ്രകടിപ്പിച്ച കുമ്മനം രാജശേഖരന്‍ ഹിന്ദുക്കളുടെ ഐക്യത്തെ കുറിച്ചും വാചാലനാകുന്നുണ്ട്. ന്യൂനപക്ഷ കോളെജുകളില്‍ എസ് സി- എസ് ടി സംവരണം ഒഴിവാക്കണമെന്ന് മുസ്‌ലിം ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുന്നതായി ഒ രാജഗോപാല്‍ പറയുകയുണ്ടായി. പിന്നാക്ക സംവരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആര്‍ എസ് എസ് എടുത്ത കടുത്ത സവര്‍ണ്ണ നിലപാടിനെ മറച്ചു വെച്ച് കൊണ്ട് കുമ്മനം പ്രസ്താവനയിറക്കുന്നത് കൃത്യമായ വര്‍ഗ്ഗീയ രാഷ്ട്രീയ അജണ്ടകളോടെയാണ്. ലൗജിഹാദ് വിഷയത്തില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നു ഹിന്ദുജാഗ്രുതി. ഓര്‍ഗും, മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനം വാര്‍ത്തയാക്കിയിട്ടുണ്ട്. 1960ല്‍ സി എച്ച് മുഹമ്മദ് കോയയോട് തൊപ്പിയഴിച്ചു വെച്ച് സ്പീക്കര്‍ ആവാന്‍ ആവശ്യപ്പെട്ടിരുന്ന കാലത്ത് നിന്ന് മുസ്‌ലിം ലീഗ് വളര്‍ന്നതിലുള്ള കുണ്ഠിതം ഹിന്ദുജാഗ്രൂതി പങ്ക് വെക്കുന്നു. മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനത്തോടെ കേരള മന്ത്രിസഭയില്‍ ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമായതിലുള്ള പരിഭവമാണ് ഹിന്ദുജാഗ്രുതിക്ക്. (ഇതേ പരിഭവം തന്നെയാണോ കൊടിയേരി ബാലകൃഷ്ണനും, വി എസ് അച്യൂതനാന്ദനും പങ്ക് വെച്ചത് എന്ന് ചോദിക്കരുത്.) ഇക്കഴിഞ്ഞ ഏപ്രില്‍ 24ന് ചൊവ്വ കൊച്ചിയില്‍ നടന്ന ഹിന്ദു എക്കണോമിക് ഫോറത്തില്‍ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസംഗവും ഹിന്ദുജാഗ്രുതി വെബ്‌സൈറ്റില്‍ ഉണ്ട്. ഹിന്ദുക്കള്‍ ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് നടേശഗുരുക്കള്‍ പറഞ്ഞിരിക്കുന്നത്. നെയ്യാറ്റിന്‍കരയില്‍ പരമാവധി വോട്ടുകള്‍ നേടാന്‍ തന്നെയാണ് ഒ രാജഗോപാല്‍ മത്സരിക്കുന്നതെന്നാണ്‌നടേശന്‍ പറഞ്ഞത്. എന്നാല്‍ എസ് എന്‍ ഡി പി യോഗം ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും നടേശന്‍ പറയുന്നുണ്ട്. പതിനായിരത്തിലേറെ വോട്ട് നെയ്യാറ്റിന്‍കരയില്‍ ഒ രാജഗോപാലിന് നേടാനായാല്‍ അത് വര്‍ഗ്ഗീയതയുടെ വിജയമാണ്. കുറയുന്ന വോട്ട് കോണ്‍ഗ്രസിന്റേതോ, സി പി എമ്മിന്റെതോ എന്നത് മാത്രമാണ് തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ചയാകുക. അഞ്ചാം മന്ത്രി സ്ഥാനത്തോടെ സാമുദായിക സന്തുലനം തകര്‍ന്നുവെന്ന പ്രചാരണം സി പി എം നെയ്യാറ്റിന്‍കരയില്‍ ആവര്‍ത്തിച്ചാല്‍ ഭൂരിപക്ഷ വോട്ടുകള്‍ യു ഡി എഫില്‍ നിന്ന് അകലും. എന്നാല്‍ അത് താമരയില്‍ വീണാല്‍ അതിന്റെ ഉത്തരവാദിത്തം സി പി എമ്മിന് മാത്രമായിരിക്കും. ബി ജെ പിയുടെ രാഷ്ട്രീയ അജണ്ടകളെ എങ്ങനെ പരാജയപ്പെടുത്താം എന്ന ആലോചന കൂടി നെയ്യാറ്റിന്‍കരയില്‍ ഉണ്ടാകണം. ഒ രാജഗോപാല്‍ ബി ജെ പിക്ക് വലിയ നേതാവാണ്. എന്നാല്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് രാജ്യസഭ വഴി ഒരിക്കല്‍ കേന്ദ്രസഹമന്ത്രി പദത്തില്‍ എത്തിയിട്ടുണ്ടെന്നത് ഒഴിച്ചാല്‍ അദ്ദേഹം കേരള രാഷ്ട്രീയത്തില്‍ പ്രസക്തനേ അല്ല. എന്നിട്ടും രാജേട്ടനെ ബി ജെ പിയുടെ മികച്ച സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന ചില ദൃശ്യമാധ്യമങ്ങളുടെ സംഘ്പരിവാര്‍ അജണ്ട കൂടി പരാജയപ്പെടുത്തേണ്ട ബാധ്യത നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ഉണ്ട്. മൂന്നാം സ്ഥാനത്തിന് വേണ്ടി പൊരുതുന്ന ഒരു സ്ഥാനാര്‍ഥിക്ക് ഇത്ര മേല്‍ പ്രാധാന്യം നല്കുകയും, ദേ നെയ്യാറ്റിന്‍കരയില്‍ ത്രികോണ മത്സരമാണ് എന്ന് പറയുകയും ചെയ്യുന്ന മാധ്യമതന്ത്രം അങ്ങേ തരംതാഴ്ന്നതാണ്. നെയ്യാറ്റിന്‍കരയില്‍ രണ്ടു പ്രധാന സ്ഥാനാര്‍ഥികളെ ഉള്ളൂ. പത്ത് ശതമാനത്തില്‍ താഴെ വോട്ട് നേടാന്‍ സാധ്യതയുള്ള ഒരു പഴയ കാവി നിക്കറുകാരന്‍ അവിടെ പ്രധാന സ്ഥാനാര്‍ഥിയേ അല്ല. അദ്ദേഹം പിടക്കുന്ന ഏതാനും ആയിരം വോട്ടുകള്‍ യു ഡി എഫ് അനുകൂല സവര്‍ണ്ണ വോട്ടുകളാണെങ്കില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജയിക്കും എന്നത് മാത്രമാണ് അദ്ദേഹത്തെ പ്രസക്തനാക്കുന്ന പോയിന്റ്. തിരിച്ച് എല്‍ ഡി എഫ് അനുകൂല വോട്ട് ബി ജെ പി പിടിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇമേജ് കാന്‍ഡിഡേറ്റുള്ളതിനാല്‍ വോട്ട് വില്ക്കാന്‍ ഇത്തവണ കൂടുതല്‍ പണം കിട്ടണമെന്ന് ബി ജെ പി ആവശ്യപ്പെട്ടാല്‍ ആ വോട്ട് മൊത്തമായി കൂടിയ കച്ചവടമാക്കാന്‍ മാത്രമേ ഉള്ളൂവെന്ന് കൂടി വിസ്മരിക്കരുത്.

No comments:

Post a Comment