Sunday, November 21, 2010

അസാധുവായ ജനകീയ പോരാളികള്‍

അസാധുവായ ജനകീയ പോരാളികള്‍

റിയാസ്‌ മോന്‍?

കേരളത്തില്‍ ഒന്നര ലക്ഷം പോരാളികള്‍ ജനിച്ചിരിക്കുന്നു. വോട്ട്‌ ചെയ്യുകയെന്ന വിപ്ലവപ്രവര്‍ത്തനമാണ്‌ അവര്‍ നടത്തിയത്‌. അവരുടെ വിജയം വിദൂരത്തല്ല. പ്രതീക്ഷയുടെ വെള്ളി നക്ഷത്രം പ്രത്യക്ഷമായിരിക്കുന്നു. ഇരുട്ടിനു ദീര്‍ഘായുസ്സില്ല. പുതിയ സൂര്യോദയത്തിന്‌ കാത്തിരിക്കുക.? പറയുന്നത്‌ കൂട്ടില്‍ മുഹമ്മദലിയാണ്‌. പ്രബോധനം വാരികയുടെ നവംബര്‍ 13 ലക്കം കേരളത്തിലെ പൊതുസമൂഹത്തിന്‌ നിരാശരുടെ പരാക്രമങ്ങളെ കുറിച്ച്‌ ചില സൂചനകള്‍ നല്‌കുന്നുണ്ട്‌. മുസ്‌ലിം ലീഗിന്റെ വിജയം മതേതരത്വത്തിന്റെ വിജയമാണോ എന്ന ചോദ്യമാണ്‌ പ്രബോധനം ഉയര്‍ത്തുന്നത്‌. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിനുണ്ടായ വിജയത്തില്‍ കലി പൂണ്ട്‌ കേരളത്തിലെ മുസ്‌ലിം സംഘടനകളെ വിമര്‍ശിക്കുക കൂടി ചെയ്യുന്നുണ്ട്‌ പ്രബോധനം വാരിക. ജമാഅത്തെ ഇസ്‌ലാമി സ്‌പോണ്‍സര്‍ ചെയ്യുന്ന ജനകീയ വികസനമുന്നണിയുടെ പരാജയം കേരളം വേണ്ടവിധം ചര്‍ച്ച ചെയ്‌തിട്ടുണ്ട്‌. അതിന്റെ ഷോക്കില്‍ നിന്ന്‌ ജമാഅത്ത്‌ നേതൃത്വം ഇനിയും മുക്തമായിട്ടില്ല. അതാണ്‌ പ്രബോധനം വാരിക തെരഞ്ഞെടുപ്പ്‌ രണ്ടാം കവര്‍ സ്റ്റോറിയിലൂടെ മാലോകരെ അറിയിക്കുന്നത്‌. ഒന്നര ലക്ഷം പോരാളികള്‍ വോട്ടു ചെയ്യുകയെന്ന വിപ്ലവത്തിലൂടെ ഏത്‌ ഇരുട്ടിനെയാണ്‌ ഇല്ലാതാക്കുന്നതെന്ന്‌ മലയാളികള്‍ തിരിച്ചറിയുന്നുണ്ട്‌. ജനാധിപത്യത്തോട്‌ മുഖം തിരിഞ്ഞു നിന്ന ഇരുട്ടിന്റെ ശക്തികളെ അതിന്റെ അകത്ത്‌ തന്നെ ആശയവിപ്ലവം നടത്തി തിരുത്തുവാനുള്ള നീക്കം പൊതുസമൂഹം പ്രതീക്ഷയോടെയാണ്‌ നോക്കികാണുന്നത്‌. ജമാഅത്തെ ഇസ്‌ലാമിയില്‍ ഈ തെരഞ്ഞെടുപ്പ്‌ ഫലം സൃഷ്‌ടിക്കാനിടയുള്ള ആഭ്യന്തരസംഘര്‍ഷങ്ങളെ കുറിച്ചുള്ള സൂചനകൂടി പ്രബോധനത്തിന്റെ പുതിയ ലക്കത്തില്‍ വായിക്കാന്‍ സാധിക്കുന്നു. വോട്ട്‌ ചെയ്യുന്നത്‌ തന്നെ വിപ്ലവമാണെന്ന്‌ പറയുമ്പോള്‍, ഒരു കാര്യം ഓര്‍ക്കണം. മത-മതേതര പ്രവര്‍ത്തകര്‍ 1948മുതല്‍ കേരളത്തിലെ ജനാധിപത്യത്തില്‍ പങ്കാളികളാണ്‌. അവര്‍ക്ക്‌ വോട്ട്‌ ചെയ്യുക എന്നത്‌ വിപ്ലവകരമായ ഒരു പ്രവര്‍ത്തനമേ അല്ല. നിരന്തരമായ രാഷ്‌ട്രീയജീവിതത്തിലൂടെയാണ്‌ അവര്‍ വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ക്ക്‌ വോട്ട്‌ ചെയ്യുന്നത്‌ ഇപ്പോഴും വിപ്ലവമാണ്‌! (അമ്പത്‌ വര്‍ഷം പിറകില്‍ ഓടുന്ന കുതിരവണ്ടി).?എല്ലാവരും ഒന്നിച്ചെതിര്‍ത്തിട്ടും ജനകീയമുന്നണി വീറോടെ പൊരുതി. ഒന്നര ലക്ഷം വോട്ടും നേടി. ഒന്നര ലക്ഷം പേര്‍. അവരെ കേവല വോട്ടര്‍മാരെന്ന്‌ വിളിക്കുന്നത്‌ അപമാനിക്കലാകും. അവര്‍ ഒന്നര ലക്ഷം പോരാളികള്‍?. (പ്രബോധനം നവംബര്‍ 13 പേജ്‌ 22)കേരളത്തില്‍ രാഷ്‌ട്രീയ പരീക്ഷണം നടത്തിയ എല്ലാവര്‍ക്കും ആദ്യ തെരഞ്ഞെടുപ്പില്‍ അല്‌പം വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്‌. പിന്നീട്‌ കുറയുകയാണ്‌ പതിവ്‌. എന്നാല്‍ ജനകീയ മുന്നണിയുടെ കന്നിപ്രകടനം പോലും ദയനീയമായി. അസാധുവിനോട്‌ നേരിട്ട പൊരുതുന്ന കാഴ്‌ചയാണ്‌ പലയിടത്തും കണ്ടത്‌. സംസ്ഥാനത്ത്‌ ആകെ കിട്ടിയ വോട്ടും ആകെ അസാധുവിനെക്കാള്‍ കുറവ്‌. അതിന്റെ കാരണം കൂട്ടില്‍ മുഹമ്മദലിയുടെ തന്നെ വാക്കുകളിലുണ്ട്‌. പൊതുജനത്തിന്റെ ഭാഗമായി കൂടുന്നത്‌ കുറച്ചിലായി തോന്നുന്ന അഹങ്കാരത്തിന്‌ ജനം നല്‌കിയ തിരിച്ചടിയായിരുന്നു ഈ തെരഞ്ഞെടുപ്പ്‌ ഫലം. വെയിലു കൊള്ളാതെ തണലത്തിരുന്നവര്‍ക്ക്‌ വെയില്‍ കൊള്ളാനുള്ള പാഠമാണ്‌ ഈ തെരഞ്ഞെടുപ്പ്‌ നല്‌കുന്നത്‌. ഒരു പത്രത്തിന്റെ ബ്യൂറോകളും, ഡസ്‌കും ഒന്നിച്ച്‌ വാര്‍ത്തായുദ്ധം നടത്തിയാല്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചു കയറാമെന്ന വ്യാമോഹത്തിനേറ്റ കനത്ത തിരിച്ചടി. എന്നിട്ടും അഹങ്കാരം തീരുന്നില്ല. വോട്ടര്‍മാര്‍ എന്ന്‌ വിളിക്കുന്നത്‌ ജമാഅത്ത്‌ പ്രവര്‍ത്തകര്‍ക്ക്‌ അപമാനമാണത്രേ. സര്‍, കേരളത്തില്‍ കഴിഞ്ഞ അഞ്ച്‌ പതിറ്റാണ്ടിലധികമായി ജനങ്ങള്‍ വോട്ടര്‍ എന്ന നിലയില്‍ അഭിമാനം കൊളളുന്നവരാണ്‌. അത്‌ ജനാധിപത്യത്തിലുള്ള അവരുടെ വിശ്വാസം കാരണമാണ്‌. വോട്ടര്‍ വിളി അപമാനമായി തോന്നുന്നവര്‍ക്ക്‌ ജനാധിപത്യത്തില്‍ ഇടമില്ല. ഇനി അല്‍പം ഉയര്‍ന്ന നിലവാരം ഉള്ള വോട്ടര്‍ എന്നാണ്‌ ഉദ്ദ്യേശിക്കുന്നതെങ്കില്‍ ആ അഹങ്കാരത്തിന്‌ ബാലറ്റിലൂടെ കേരളം ഇനിയും മറുപടി നല്‌കുന്നതായിരിക്കും. മുസ്‌ലിം ലീഗ്‌ നേടിയ അഭിമാനകരമായ വിജയത്തെ കുറച്ച്‌ കാണിക്കാനുള്ള നീക്കമാണ്‌ ഇപ്പോള്‍ മാധ്യമം ദിനപത്രവും, പ്രബോധനം വാരികയും നിര്‍വഹിക്കുന്നത്‌. മുസ്‌ലിം ലീഗ്‌ വിജയിപ്പിച്ചെടുത്ത 2000ത്തിന്‌ മുകളില്‍ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളും 100ല്‍ പരം നഗരസഭാ കൗണ്‍സിലര്‍മാരും ജനകീയ മുന്നണിയുടെ ഒമ്പത്‌ പഞ്ചായത്ത്‌ അംഗങ്ങള്‍ക്കു മുന്നില്‍ എത്രയോ മുകളിലാണ്‌. അത്‌ ജമാഅത്തെ ഇസ്‌ലാമി അംഗീകരിക്കാത്തത്‌ അവരുടെ അല്‌പത്തം കാരണമാണ്‌. ചിലയിടങ്ങളില്‍ മുസ്‌ലിം ലീഗിനുണ്ടായ പരാജയം പരിശോധിക്കുകയും, കാരണങ്ങള്‍ കണ്ടെത്തുകയും ചെയ്യാന്‍ മുസ്‌ലിം ലീഗിന്‌ മടിയില്ല. കാരണം മുസ്‌ലിം ലീഗ്‌ ഇതിനു മുമ്പും തോല്‌ക്കുകയും, ജയിക്കുകയും ചെയ്‌തിട്ടുണ്ട്‌. രാഷ്‌ട്രീയപ്രവര്‍ത്തനമെന്നത്‌ നിരന്തരമായി തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും, പരാജയങ്ങളില്‍ നിന്ന്‌ പാഠം ഉള്‍ക്കൊണ്ട്‌ പുതിയ വിജയങ്ങള്‍ നേടുകയും ചെയ്യുന്നതാണ്‌. ആ അര്‍ഥത്തില്‍ മുസ്‌ലിം ലീഗ്‌ ജയപരാജയങ്ങളെ ഉള്‍ക്കൊള്ളുന്നു. മുസ്‌ലിം ലീഗിന്റെ വിജയം മതേതരത്വത്തിന്റെ വിജയമാണോ എന്ന ശങ്ക ജമാഅത്തിന്‌ ബാക്കിയാവുകയാണ്‌. പട്ടികജാതിവിഭാഗങ്ങള്‍ക്ക്‌ നിര്‍ണ്ണായക സ്വാധീനമുള്ള വാര്‍ഡുകളില്‍ മുസ്‌ലിം ലീഗ്‌ സ്ഥാനാര്‍ഥികള്‍ നേടിയ എതിരാളികളെ അമ്പരിപ്പിച്ച ഉജ്വലവിജയങ്ങള്‍ അതിന്‌ മറുപടി പറയുന്നുണ്ട്‌. തിരുവാലി പഞ്ചായത്തില്‍ ജനറല്‍ വനിതക്ക്‌ സംവരണം ചെയ്‌തിട്ടുള്ള പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനം പട്ടികജാതി വനിതക്കാണ്‌ പാര്‍ട്ടി നല്‌കിയത്‌. അവിടെ മുസ്‌ലിം വനിത ആ സ്ഥാനത്തേക്ക്‌ ഇല്ലാഞ്ഞിട്ടല്ല. ഈഴവ, ക്രിസ്‌ത്യന്‍ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ച്‌ മുസ്‌ലിം ലീഗ്‌ അതിന്റെ പ്രസക്തിയും മതേതരത്വത്തോടുള്ള കൂറും വ്യക്തമാക്കിയിട്ടുണ്ട്‌. പട്ടികജാതി സംവരണ സീറ്റുകളില്‍ നിന്ന്‌ മുസ്ലിം ലീഗ്‌ സ്ഥാനാര്‍ഥികളായി വിജയിച്ച നിരവധി പേര്‍ ലീഗിന്റെ നയം സമൂഹത്തെ ബോധ്യപ്പെടുത്തുന്നുണ്ട്‌. മതസംഘടനകള്‍ ലീഗിനു വേണ്ടി വോട്ട്‌ പിടിച്ചുവെന്നതാണ്‌ മറ്റൊരു പരിഭവം. മുജാഹിദുകള്‍ക്ക്‌ രാഷ്‌ട്രീയമില്ലെന്ന ഡോ. കൂട്ടില്‍ മുഹമ്മദലിയുടെ അഭിപ്രായവും ഇതോടൊന്നിച്ചുണ്ട്‌. കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം ഒറ്റത്തവണ വായിച്ചിരുന്നുവെങ്കില്‍ കൂട്ടില്‍ മുഹമ്മദലി അത്തരം അഭിപ്രായം പറയുമായിരുന്നില്ല. കെ.എം സീതിസാഹിബും, കെ.എം മൗലവിയും, എന്‍.വി അബ്‌ദുസ്സലാം മൗലവിയും മുസ്‌ലിം ലീഗിന്റെ സംസ്ഥാന ഭാരവാഹികളും നദ്‌വത്തുല്‍ മുജാഹിദീന്റെ സംസ്ഥാന ഭാരവാഹികളുമായത്‌ ഒരേ സമയത്തായിരുന്നു. അതേ സമയത്ത്‌ തന്നെയാണ്‌ അവര്‍ ഫാറൂഖ്‌ കോളെജിന്റെയും, തിരൂരങ്ങാടി യതീംഖാനയുടെയും, സുല്ലമുസ്സലാമിന്റെയും നേതൃത്വത്തിലുമിരുന്നത്‌. സ്വാതന്ത്ര്യസമരത്തിലും, തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ രാഷ്‌ട്രീയത്തിലും സജീവമായിരുന്ന മുഹമ്മദ്‌ അബ്‌ദുറഹ്‌മാന്‍ സാഹിബ്‌, ഇ മൊയ്‌തുമൗലവി,കട്ടിലശ്ശേരി മുഹമ്മദ്‌ മൗലവി തുടങ്ങിയവര്‍ മുജാഹിദുകളുടെ രാഷ്‌ട്രീയ നിലപാടിന്റെ മായാത്ത മുദ്രകളാണ്‌. മതേതര രാഷ്‌ട്രീയത്തില്‍ ഇന്നും ഇടപെടുന്ന മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ചരിത്രവും വര്‍ത്തമാനവും അറിയാതെയാണ്‌ കൂട്ടില്‍ മുഹമ്മദലി വിമര്‍ശനം നടത്തുന്നത്‌. കേരളത്തിലെ ജനകീയ മുന്നണിയെ മാത്രമല്ല മുജാഹിദുകള്‍ എതിര്‍ത്തിട്ടുള്ളത്‌. പി ഡി പിയെയും, ഐ എസ്‌ എസിനെയും, എന്‍ ഡി എഫിനെയും അത്തരത്തില്‍ മുജാഹിദുകള്‍ എതിര്‍ത്തിട്ടുണ്ട്‌. തീവ്രവാദ- വര്‍ക്ഷീയ രാഷ്‌ട്രീയത്തോടുള്ള ജനാധിപത്യ ചേരിയില്‍ നിന്നുള്ള ചരിത്രപരമായ പോരാട്ടത്തിന്റെ തുടര്‍ച്ചയാണത്‌. തലയില്ലാത്ത ഒരു തെങ്ങിലും പ്രവര്‍ത്തകരും അനുയായികളും കയറരുതെന്ന മുന്നറിയിപ്പ്‌ മുജാഹിദ്‌ പ്രവര്‍ത്തകര്‍ സമുദായത്തോട്‌ നല്‌കിയതിന്‌ കൂട്ടില്‍ മുഹമ്മദലി ഇത്ര അരിശം കൊള്ളേണ്ടതില്ല. ജമാഅത്തെ ഇസ്‌ലാമി മുസ്‌ലിം ലീഗിനെ കുറിച്ച്‌ നല്ലത്‌ പറയുമെന്ന്‌ ആരും കരുതരുത്‌. മുസ്‌ലിം ലീഗിന്റെ ആദ്യകാല നേതാക്കളുടെ ത്യാഗത്തെ കുറിച്ച്‌ പ്രസംഗിച്ച്‌ പാര്‍ട്ടിയുടെ ഇന്നലെകള്‍ മഹത്തരമായിരുന്നുവെന്ന്‌ ജമാഅത്ത്‌ ഇപ്പോള്‍ പറയുന്നത്‌ കേള്‍ക്കാം. പണ്ട്‌ ജമാഅത്തുകാര്‍ ലീഗിന്റെ നന്മക്ക്‌ വേണ്ടി പ്രവര്‍ത്തിച്ചിരുന്നുവെന്ന്‌ തോന്നും. പിറവി തൊട്ടേ ലീഗിനോടുള്ള വൈരാഗ്യം കൂടെ കൊണ്ട്‌ നടക്കുന്നവരാണ്‌ ഇടക്ക്‌ ഉപദേശി ചമയുന്നത്‌. ദയവായി മുസ്‌ലിം ലീഗിനെ ജമാഅത്തെ ഇസ്‌ലാമി ഉപദേശിക്കരുത്‌.ശിഹാബ്‌ തങ്ങളുടെ പേരില്‍ മുസ്‌ലിം ലീഗ്‌ പ്രവര്‍ത്തകര്‍ വോട്ട്‌ ചെയ്യാന്‍ സത്യം ചെയ്യിപ്പിച്ചുവെന്ന്‌ പ്രബോധനം വാരിക വിലപിക്കുന്നു. പകരം മൗദൂദിയുടെ പേരില്‍ ജമാഅത്തിനും സത്യം ചെയ്യിപ്പിക്കാമായിരുന്നു. പക്ഷേ മൗദൂദിയുടെ പേര്‌ പോലും ജനകീയ മുന്നണി മിണ്ടിയില്ല. അതാണ്‌ യഥാര്‍ഥത്തില്‍ ചര്‍ച്ച ചെയ്യേണ്ടത്‌. സ്വന്തം നേതാവിന്റെ പേര്‌ ഉപയോഗിക്കാന്‍ കൂട്ടില്‍ മുഹമ്മദലിയുടെ സംഘടന മടിക്കുമ്പോള്‍ ശിഹാബ്‌തങ്ങളുടെ പേര്‌ മുസ്‌ലിം ലീഗ്‌ പ്രവര്‍ത്തകര്‍ക്ക്‌ പൊതുസമൂഹത്തിന്‌ മുന്നില്‍ അഭിമാനത്തോടെ ഉയര്‍ത്തി കാണിക്കാന്‍ കഴിയുന്നു. പതിതരായിരുന്ന ഒരു ജനതയുടെ ശബ്‌ദമാകുകയും, അവരുടെ വളര്‍ച്ചയുടെ ഉത്‌പ്രേരകമാകുകയും ചെയ്‌ത സ്വന്തം ഇന്നലെകളെ കുറിച്ച്‌ മുസ്‌ലിം ലീഗ്‌ അഭിമാനം കൊള്ളുന്നു.

21.11.2010 ചന്ദ്രിക എഡിറ്റോറിയല്‍ ലേഖനം പ്രസിദ്ധീകരിച്ചു.