Monday, April 11, 2011

അങ്ങനെ ജമാഅത്തെ ഇസ്‌ലാമിയും രണ്ടായി, അല്ലേ?


ഹമീദ് വാണിമേല്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ല. വലിയ മൈലേജ് എന്തായാലും ഹമീദിന്റെ രാജിക്ക് ലഭിച്ചിട്ടില്ല. ഹമീദിന്റെ രാജി കൊണ്ട് ജമാഅത്തെ ഇസ്‌ലാമി രണ്ടാകുമെന്ന് വിചാരിച്ചവര്‍ക്ക് തെറ്റി.
ഈ ലേഖകന്‍ ഇതു വരെ ജമാഅത്തെ ഇസ്‌ലാമിക്കാരനല്ല. മാത്രമല്ല, ജമാഅത്തെ ഇസ്‌ലാമിയോട് തികഞ്ഞ വിയോജിപ്പ് പുലര്‍ത്തുകയും ചെയ്യുന്നു. 2003 മുതല്‍ 2010 വരെ ജമാഅത്ത് സാധ്യമാക്കിയ വളര്‍ച്ചയെ ഇത്തിരി അസഹിഷ്ണുതയോടെ നോക്കി കാണുകയും ചെയ്തിട്ടുണ്ട്. 2009 മുതല്‍ തന്നെ അതിന്റെ വളര്‍ച്ച മുരടിച്ചുണ്ടായിരുന്നു. 2010 പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ അതിന്റെ വളര്‍ച്ച പൂര്‍ണ്ണമാകുകയും ചെയ്തു. ഇനി ജമാഅത്തെ ഇസ്‌ലാമിക്ക് വളരാനാകുമോ എന്ന ചോദ്യത്തിന് എനിക്ക് ഉത്തരം പറയാനാകില്ല. വളരാന്‍ സാധ്യതയുണ്ട്. പക്ഷേ, അതിന് ധീരരായ നേതൃത്വം വേണം. ഭാവി കാത്തിരുന്ന് കാണാം.
ജമാഅത്തെ ഇസ്‌ലാമിയില്‍ ഒരു പിളര്‍പ്പ് ഉണ്ടാകരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കാരണം ഇനിയുമൊരു മുസ്‌ലിം സംഘടനക്ക് കേരളത്തില്‍ സ്‌പേസ് ഇല്ല. പണ്ട് എല്‍ പി സ്‌കൂളില്‍ ഞാനിരുന്ന ബെഞ്ചില്‍ ആറുപേരുണ്ടായിരുന്നു. ചിലപ്പോള്‍ ഏഴു പേരുണ്ടാകും. സൈഡില്‍ ഇരിക്കുന്ന നിര്‍ഭാഗ്യവാന്‍ തിക്കിലും, തിരക്കിലും പെട്ട് വീഴാന്‍ സാധ്യത ഏറെയായിരുന്നു. ജാഗ്രതയോടെ ഇരിക്കണം എന്നര്‍ഥം. ആ അവസ്ഥയിലാണ് ഇന്ന് മുസ്‌ലിം സംഘടനകള്‍. ഉള്ള സ്‌പേസില്‍ കുത്തിത്തിരക്കി ഇരിക്കുകയാണ്.
അപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ നയങ്ങളോട് വിയോജിപ്പുള്ളവര്‍ അകത്ത് സഹിച്ചിരിക്കണമോ? ആ ചോദ്യത്തിന് ഉത്തരം പറയും മുമ്പ് സഹിച്ചിരിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ പറയേണ്ട ഉത്തരം മറ്റൊന്നാണ്. അത് ഇസ്‌ലാമിന്റ അടിസ്ഥാന പ്രമാണം ഖുര്‍ആനാണ് എന്നതാണ്. തീര്‍ന്നില്ല. ഹദീസുമുണ്ട്. അപ്പോള്‍ ഒരു ചോദ്യം ഉയരും. ഇത് ജമാഅത്തെ ഇസ്‌ലാമി അംഗീകരിക്കുന്നില്ലേ എന്ന്. ഉണ്ട്. പക്ഷേ, ഒരു കാര്യം കൂടി മനസ്സില്‍ ഉറപ്പിച്ച് നാവ് കൊണ്ട് വെളിവാക്കണം. അത് സയ്യിദ് അബുല്‍ അഅലാ മൗദൂദി എഴുതിയിത് പ്രമാണമായി അംഗീകരിക്കാന്‍ മുസ്‌ലിമിന് ബാധ്യത ഇല്ല എന്നതാണ്. അത് കൂടി അംഗീകരിച്ചാല്‍ പിന്നെ സൈ്വര്യമായി പ്രവര്‍ത്തിക്കാന്‍ വേറെ സംഘടനകള്‍ കേരളത്തിലുണ്ട്.
ഹമീദ് വാണിമേല്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ നിന്ന് രാജി വെച്ച ഉടന്‍ അവരെ മുജാഹിദ് പ്രസ്ഥാനം വിളിച്ചിരുത്തി സത്കരിക്കണം എന്ന അര്‍ഥത്തില്‍ ഞാനൊരു കുറിപ്പ് എഴുതിയിരുന്നു. (ഐ എസ് എം വിഭാഗം അതിന് മുന്‍കൈ എടുക്കണം. എ പി വിഭാഗത്തിന് ദൂബൈ ശൈഖുമാരുടെ അനുമതി തേടേണ്ടി വരും. ഐ എസ് എമ്മിന് മര്‍ക്കസുദ്ദഅവയില്‍ യോഗം കൂടി തീരുമാനിച്ചാല്‍ മതിയല്ലോ.) പക്ഷേ, അതിന് വലിയ പ്രതികരണം ലഭിച്ചില്ല.
ഹമീദ് ഇപ്പോഴും അലയുകയാണ്. ഹമീദിനെ കൊണ്ട് വലിയ ഉപകാരം ഉണ്ടാകുകയില്ലെങ്കിലും, ഭാവിയില്‍ ജമാഅത്തില്‍ നിന്ന് ഇറങ്ങിപോരുന്നവര്‍ക്ക് മുജാഹിദ് പ്രസ്ഥാനത്തില്‍ വന്ന് ദീനീ പ്രവര്‍ത്തനം നടത്താന്‍ അത് പ്രേരണയാകും. ഇത്ര കാലം മുജാഹിദുകള്‍ ജമാഅത്ത് വിരുദ്ധ ലേഖനങ്ങള്‍ എഴുതിയതിനെക്കാള്‍ ശക്തമായ പ്രതികരണമായിരിക്കും ആ നീക്കത്തിന് ലഭിക്കുക.
ഇതിനിടെ ഫേസ്ബുക്കില്‍ ജമാഅത്ത് -മുജാഹിദ് സംവാദം വന്നു കണ്ടു. അര്‍ഥൂന്യമായ പല വാദങ്ങളും മുജാഹിദുകള്‍ അതില്‍ ഉദ്ധരിച്ചിരിക്കുന്നു. അതേ കുറിച്ച് ഈ വിനീതന്‍ നടത്തിയ കമന്റുകള്‍ ഡിലീറ്റ് ചെയ്തു കളഞ്ഞു.
ജമാഅത്ത് മുജാഹിദ് സംവാദത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ താഴെ പറയുന്നു.
1. നമ്മള്‍ ജീവിക്കുന്നത് വര്‍ത്തമാന കാലത്താണ്. ഈ കാലത്തിന്റെ ഭാഷ ഉപയോഗിക്കുന്നത് സംവാദത്തെ കൂടുതല്‍ ഫലപ്രദമാക്കും.
2. കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് പ്രവര്‍ത്തകരെക്കാള്‍ കൂടുതല്‍ അനുഭാവികളുണ്ട്. അത് ഉണ്ടായത് 2003ന് ശേഷമാണ്. അഥവാ ഐ എസ് എമ്മിനെ പിരിച്ചു വിട്ടതിന് ശേഷമാണ്. മുജാഹിദ് ഭിന്നിപ്പിന് ശേഷമാണ് സോളിഡാരിറ്റി കേരളത്തില്‍ വന്നത് എന്നതും മറക്കരുത്.
3. മുസ്‌ലിം സമുദായത്തിലെ പുരോഗമന ചിന്തയുള്ള ആളുകളെ ആകര്‍ഷിക്കുന്നതില്‍ മുജാഹിദ് പ്രസ്ഥാനത്തിലെ ഭിന്നിപ്പിന് ശേഷം അതിന് ശക്തി കുറഞ്ഞു. അതു കാരണം മുജാഹിദ് പ്രസ്ഥാനത്തോട് ഒപ്പം നില്‌ക്കേണ്ട പലരും ജമാഅത്തിന്റെ കൂടെ കൂടി.
4. മുജാഹിദ് പ്രസ്ഥാനത്തിന്റെ വേദികളില്‍ തര്‍ക്കവിഷയങ്ങള്‍ക്ക് അമിത പ്രാധാന്യം ലഭിച്ചു. അതേ സമയം പൊതുയോഗങ്ങളല്ല, സംഘടനയെ വളര്‍ത്തുന്നത് എന്ന തത്വം മുജാഹിദുകള്‍ വിസ്മരിക്കുകയും ചെയ്തു.
5. മരം നടീല്‍ വാരം, കണ്ണീരൊപ്പാന്‍ കൈകോര്‍ക്കുക, മദ്യത്തിനെതിരെ, അധാര്‍മ്മികതക്കെതിരെ യുവശക്തി തുടങ്ങിയ ഐ എസ് എം കാമ്പയിനുകള്‍ നിര്‍ജ്ജീവമായപ്പോള്‍ സാമൂഹ്യപ്രതിബദ്ധതയുള്ള പുതിയ തലമുറക്ക് വേദി നഷ്ടമായി. അങ്ങനെയുള്ള സാഹചര്യത്തിലാണ് ജമാഅത്തെ ഇസ്‌ലാമി പരിസ്ഥിതി അജണ്ടകള്‍ ഉപയോഗിച്ച് വളര്‍ച്ച നേടിയത്.
6. ഒരു ജനതയോട് സംവദിക്കാന്‍ മീഡിയ അനിവാര്യമാണ്. മാധ്യമം ദിനപത്രം അക്കാര്യത്തില്‍ വിജയമാണ്. ഇത് മനസ്സിലാക്കുന്നിടത്ത് മുജാഹിദുകള്‍ക്ക് സംഭവിച്ച പരാജയം, ജമാഅത്തിന് അനുകൂലമായി.
7. പരിസ്ഥിതി, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങള്‍ യഥാര്‍ഥത്തില്‍ ഐ എസ് എമ്മിന്റെ ചര്‍ച്ച അല്ല, മുസ്‌ലിം ഐക്യ സംഘം മുതല്‍ മുജാഹിദുകള്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇസ്‌ലാമിന്റെ വിശാലമായ ആ ഭുമികയില്‍ നിന്ന് മുജാഹിദുകളെ പിറകോട്ട് വലിച്ചവരാണ് യഥാര്‍ഥത്തില്‍ കേരളത്തിലെ ജമാഅത്ത് വളര്‍ച്ചയുടെ കാരണക്കാര്‍.
8. ഒന്നു കൂടി പറയട്ടെ, കേരളത്തില്‍ ഇടക്കാലത്ത് വളര്‍ച്ച നേടിയ തീവ്രവാദത്തിന്റെയും കാരണങ്ങളില്‍ ഒന്ന് ഐ എസ് എമ്മിന്റെ തീവ്രവാദ വിരുദ്ധകാമ്പയിന്‍ നിര്‍ജ്ജീവമായതാണ്. ബാബരി മസ്ജിദിന്റെ തകര്‍ച്ചയോടനുബന്ധിച്ച് ഉയര്‍ന്ന തീവ്രവാദത്തെ അന്ന് പ്രതിരോധിച്ച മുജാഹിദ് പ്രസ്ഥാനം ഇപ്പോള്‍ പതര്‍ച്ച അനുഭവപ്പെട്ട് തളരുന്നത് ഗൗരവകരമാണ്. തീവ്രവാദചിന്തകള്‍ക്ക് സ്വന്തമായി ദിനപത്രങ്ങള്‍ ഉണ്ടാകുമ്പോള്‍ അതേ നാണയത്തില്‍ പ്രതിരോധിക്കാനുള്ള ദിനപത്രം കൂടുതല്‍ കരുത്തോടെ നിലകൊള്ളണം. എങ്കില്‍ പ്രതിരോധം ശക്തമാക്കാം.
ജമാഅത്തെ ഇസ്‌ലാമിയിലെ പുതിയ വിവാദങ്ങള്‍ക്കിടയില്‍ മുജാഹുദുകള്‍ ഗൗരവമായി ആലോചിക്കേണ്ട വസ്തുതത മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്ലാറ്റ്‌ഫോം പഴയതു പോലെ വിശാലമാക്കി (മുസ്‌ലിം ഐക്യസംഘത്തിന്റെയും, 90കളിലെ ഐ എസ് എമ്മിന്റെയും അത്ര) കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനെ കുറിച്ചാകണം.
കേരളത്തില്‍ തൗഹീദും, വര്‍ത്തമാനവും, മരം നടലും, മരുന്നു കൊടുക്കലും, മലയാളം ഖുതുബയും, സകാത്ത് സെല്ലും ഒക്കെയായി നില്ക്കുന്ന ഒരു മുസ്‌ലിം സാമൂഹ്യ പ്രസ്ഥാനത്തിന് പ്രസക്തിയുണ്ടോ എന്നു പോലും ചിലര്‍ ചോദിക്കുന്നുണ്ട്. ആട് താടിയും, ബര്‍മുഡ പാന്റും, ഖണ്ഡന മണ്ഡന പ്രസംഗങ്ങളുമായി നടക്കുന്ന നവയാഥാസ്ഥിതിക-മൈയ്ഡ് ഇന്‍ ദൂബൈ സലഫികളെക്കാള്‍ ഇപ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാനാവുക മേല്‍ പറഞ്ഞ മുസ്‌ലിം സാമൂഹ്യ പ്രസ്ഥാനത്തിന് തന്നെയാണ്.
അത് വെറുതെ സാധ്യമാകുകയില്ല. ആരോപണങ്ങള്‍ക്ക് മുന്നില്‍ ധീരമായി നിലകൊണ്ട് ഫീല്‍ഡില്‍ വിയര്‍ത്ത് പണിയെടുത്ത് അതിന് മണ്ണ് പാകപ്പെടുത്തുകയും, നയ നിലപാടുകള്‍ കൂടുതല്‍ ശക്തവും, സുതാര്യവുമാക്കുകയും ചെയ്‌തേ അത് സാധ്യമാകൂ.
ഐ എസ് എം നേതൃത്വം ജാഗരൂകരാകേണ്ടിയിരിക്കുന്നു.