Friday, June 1, 2012

അടിതെറ്റുന്ന കാലിക്കറ്റിലെ ഭൂമിദാന വിവാദം

കാലിക്കറ്റ് സര്‍വകലാശാലയില്‍ സി എച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പേരില്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ സ്വകാര്യ ട്രസ്റ്റുകളുണ്ടാക്കി ഭൂമി കൈവശപ്പെടുത്തുന്നുവെന്ന ആരോപണം പലരും ഞെട്ടലോടെയാണ് കേട്ടത്. കാലിക്കറ്റ് സര്‍വകലാശാലയിലെ നോമിനേറ്റഡ് സിണ്ടിക്കേറ്റിന്റെ ആരെയും കൂസാത്ത ഇത്തരം നടപടിയെ കുറിച്ചോര്‍ത്ത് പലരും മൂക്കത്ത് വിരല്‍ വെച്ചു. കശുവണ്ടി ഗവേഷണവുമായി നടന്നിരുന്ന ഒരു അബ്ദുസ്സലാമിനെ വൈസ്ചാന്‍സലറാക്കിയത് തന്നെ കാലിക്കറ്റ് സര്‍വകലാശാലയെ വര്‍ഗ്ഗീയവത്കരിക്കാനാണെന്ന് സി പി എമ്മിനു പുറമെ യുവമോര്‍ച്ചയും ആരോപിച്ചു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ന്യൂനപക്ഷ സെല്‍ തുടങ്ങാനുള്ള നീക്കം വര്‍ഗ്ഗീയ പ്രീണനമാണെന്ന് എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിയും, ബി ജെ പി സംസ്ഥാന കമ്മിറ്റിയും ഒരേ സ്വരത്തില്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയില്‍ പത്തേക്കര്‍ സ്ഥലം സി എച്ച് ഇന്‍സ്റ്റിറ്റിയൂട്ടിനു വേണ്ടി നല്കാന്‍ സിണ്ടിക്കേറ്റ് തീരുമാനിച്ചുവെന്ന വാര്‍ത്ത നല്കിയ മലയാള മനോരമ മുതല്‍ മാധ്യമം വരെ നീണ്ടു നില്ക്കുന്ന പത്രങ്ങള്‍ക്കും ദൃശ്യമാധ്യമങ്ങള്‍ക്കും ഇതു വരെയായി സി എച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന് ഭൂമി കൈമാറിയ രേഖകള്‍ പ്രസിദ്ധീകരിക്കാന്‍ സാധിച്ചിട്ടില്ല. കാലിക്കറ്റ് സര്‍വകലാശാലയില്‍ പത്തേക്കര്‍ ഭൂമി സര്‍വകലാശാല സി എച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന് വേണ്ടി അളന്നതിന്റെയോ, വളച്ചു കെട്ടിയതിന്റെയോ രേഖകള്‍ നല്കാനും മേല്‍ മാധ്യമങ്ങള്‍ക്ക് ഇതു വരെ സാധിച്ചിട്ടില്ല. യാതൊരു രേഖയും ഹാജരാക്കാതെ ചില മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്ത നല്കിയതിന്റെ പശ്ചാത്തലം വിലയിരുത്തേണ്ടതുണ്ട്. കാലിക്കറ്റ് സര്‍വകലാശായില്‍ സി എച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന് പത്തേക്കര്‍ ഭൂമി അനുവദിക്കണമെന്ന് കാണിച്ച് ഗ്രേസ് എന്ന സംഘടന സര്‍വകലാശാലക്ക് കത്ത് നല്കിയതാണ്. ഗ്രേസ് ഒരു കടലാസ് സംഘടന അല്ല. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്ത് കാലിക്കറ്റ് സര്‍വകലാശാലയില്‍ 25 ലക്ഷം രൂപ കെട്ടി വെച്ച് സര്‍വകലാശാല സി എച്ച് ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംങ് സൊസൈറ്റീസ് യാഥാര്‍ഥ്യമാക്കിയ് സന്നദ്ധ സംഘടനയാണ്് ഗ്രേസ് എഡ്യുക്കേഷനല്‍ അസോസിയേഷന്‍. അതൊരു സ്വകാര്യ ട്രസ്റ്റല്ല. രജിസ്‌ട്രേഡ് സൊസൈറ്റിയാണ്. അതിന്റെ ഭാരവാഹികള്‍ കേരളത്തിലെ പ്രമുഖരാണ്. കടലാസ് പുലികളല്ല. രജിസ്റ്റര്‍ ചെയ്ത് കൃത്യമായി ഓഡിറ്റ് നടത്തി സുതാര്യമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം നല്കിയ കത്ത് കാലിക്കറ്റ് സര്‍വകലാശാല സിണ്ടിക്കേറ്റ് യോഗം ചര്‍ച്ച ചെയ്തിട്ടുണ്ട്. സി എച്ച് മുഹമ്മദ് കോയ കാലിക്കറ്റ് സര്‍വകലാശാലയുടെ സ്ഥാപകനാണ്. സ്ഥാപകന്റെ പേരില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഒരു ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കാനുള്ള കത്ത് അതിനാല്‍ തന്നെ സര്‍വകലാശാല പ്രാധാന്യപൂര്‍വ്വമാണ് പരിഗണിച്ചത്. ഈ കത്ത് ചര്‍ച്ചചെയ്ത കാലിക്കറ്റ് സര്‍വകലാശാല സിണ്ടിക്കേറ്റ് ഇക്കാര്യത്തില്‍ എടുത്ത തീരുമാനത്തിന്റ പകര്‍പ്പ് പക്ഷേ ലഭ്യമായിട്ടും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് ചില മാധ്യമങ്ങളുടെ ഉദ്ദേശ്യ ശുദ്ധിയെ സംശയിക്കാന്‍ പോന്നതാണ്. കാലിക്കറ്റ് സര്‍വകലാശാലയില്‍ സി എച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കണമെന്ന ആവശ്യത്തിന്‍മേല്‍ കാലിക്കറ്റ് സര്‍വകലാശാല സിണ്ടിക്കേറ്റ് എടുത്ത തീരുമാനം ഇക്കാര്യം സര്‍വകലാശാലയുടെ ഭൂവിനിയോഗ നയങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തിനും വിധേയമായിരിക്കും എന്ന ഉപാധിയോടെയാണ്. അഥവാ കാലിക്കറ്റ് സര്‍വകലാശാ എടുക്കുന്ന ഏത് തീരുമാനവും സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനും, അനുമതിക്കും ശേഷമായിരിക്കും എന്ന് ചുരുക്കം. രണ്ടാമതായി കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്ഥാപിക്കാനിരിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഭൂമിയുടെയും, കെട്ടിടങ്ങളുടെയും അവകാശം സര്‍വകലാശാലക്കായിരിക്കും. ഇന്‍സ്റ്റ്റ്റിയൂട്ടിന്റെ നിയന്ത്രണം വൈസ് ചാന്‍സലര്‍ ചെയര്‍മാനായ സമിതിക്കായിരിക്കും. അതായത് കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗ്രേസ് സ്ഥാപിക്കുന്ന കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം പോലും ഗ്രേസിനില്ല; സര്‍വകലാശാലക്കാണ്. പിന്നെ എങ്ങനെയാണ് ഭൂമി ദാനം ചെയ്തു എന്ന് പറയാന്‍ സാധിക്കുക? കാലിക്കറ്റ് സര്‍വകലാശാലയില്‍ സി എച്ച് ചെയര്‍ ആരംഭിക്കുന്നത് കഴിഞ്ഞ സി പി എം സിണ്ടിക്കേറ്റിന്റെ കാലത്താണ്. ഡോ ടി കെ നാരായണന്‍ രജിസ്ട്രാറുടെയും, അന്‍വര്‍ ജഹാന്‍ സുബൈരി വൈസ് ചാന്‍സലറുടെയും ചുമതല വഹിച്ചിരുന്ന സമയത്താണ് സി എച്ച് ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംങ് സൊസൈറ്റീസ് യാഥാര്‍ഥ്യമാകുന്നത്. അന്നൊരു യോഗത്തില്‍ അന്നത്തെ വൈസ് ചാന്‍സലര്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ഓര്‍ക്കുകയാണ്. കാലിക്കറ്റിലെ മറ്റു ചെയറുകളെ പോലെ സി എച്ച് ചെയര്‍ ശുഷ്‌കമായി പോകരുത്. ഗവേഷണങ്ങളും അനുബന്ധപ്രവര്‍ത്തനങ്ങളും നടക്കണം. അതിനു വേണ്ടിയുള്ള പ്രൊജക്ടുകള്‍ ആവിഷ്‌കരിക്കണം. സി എച്ച് ചെയര്‍ സംഘാടകര്‍ ആത്മാര്‍ഥമായി അതിന് വേണ്ടി പരിശ്രമം തുടര്‍ന്നു. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. മലബാറില്‍ നിലവില്‍ സോഷ്യല്‍ സയന്‍സില്‍ ഗവേഷണത്തിനു വേണ്ടി മികച്ച സ്ഥാപനങ്ങള്‍ ഇല്ല. മലബാറിന്റെ ആ പരിമിതി കൂടി സി എച്ച് ഇന്‍സ്റ്റിറ്റിയൂട്ട് നികത്തണം എന്ന് സംഘാടകര്‍ കണക്ക് കൂട്ടി. അതിനു വേണ്ടിയാണ് 30 കോടി രൂപ ചെലവ് വരുന്ന പത്തേക്കറോളം ഭൂമി ആവശ്യമായ ഒരു സ്വപ്‌ന പദ്ധതി തയ്യാറാക്കിയത്. അതിനു പ്രവര്‍ത്തനാനുമതിയാണ് സര്‍വകലാശാലയോട് ചോദിച്ചത്. എവിടെയും സി എച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പേരില്‍ പത്തേക്കര്‍ ഭൂമി വിട്ടു തരണമെന്നും, കൈമാറണമെന്നോ ആവശ്യപ്പെട്ടിട്ടില്ല. ഭൂമി വിട്ടു നല്കണമെന്ന ആവശ്യം സി എച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സംഘാടകര്‍ ആവശ്യപ്പെടാത്തിടത്തോളം ആ വിഷയം സിണ്ടിക്കേറ്റ് ചര്‍ച്ച ചെയ്യേണ്ടതില്ല. അതിനാല്‍ തന്നെ ചര്‍ച്ച ചെയ്തിട്ടുമില്ല. വാര്‍ത്ത നല്കിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇക്കാര്യം നന്നായി അറിയാം. പിന്നെ എന്തു കൊണ്ട് ഇത് വിവാദമായി? കാലിക്കറ്റിലെ ഭൂമിദാന വാര്‍ത്ത എക്‌സ്‌ക്ലൂസീവ് അടിച്ച വാര്‍ത്താചാനല്‍ വാര്‍ത്ത തയ്യാറാക്കിയത് അതിന്റെ മലപ്പുറം, കോഴിക്കോട് ബ്യൂറോകളില്‍ നിന്നല്ല. മറിച്ച് തിരുവനന്തപുരത്തും, കൊച്ചിയില്‍ നിന്നുമാണ്. അഥവാ മലപ്പുറം ജില്ലയില്‍ ദശകോടികള്‍ സ്വരൂപിച്ച് ഒരു ഗവേഷണ സ്ഥാപനം വരുന്നതിന്റെ നേട്ടങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞവരാണ് അവര്‍. കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികള്‍ അടക്കമുള്ളവരോട് അഭിപ്രായം സ്വരൂപിച്ചാണ് ഒരു ഇന്‍സ്റ്റിറ്റിയൂട്ട് എന്ന ആശയം അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ രൂപപ്പെടുത്തുന്നത് എന്നതും പ്രത്യേകം ഓര്‍ക്കേണ്ടതാണ്. കാലിക്കറ്റില്‍ സി എച്ച് ചെയര്‍ മാത്രമല്ല ഉള്ളത്. ഇ എം എസ് ചെയറും, ഗാന്ധിയന്‍ ചെയറും, സനാതന ധര്‍മ്മ പീഠവും ഉണ്ട്. സര്‍വകലാശായില്‍ നിന്ന് റിട്ടയര്‍ ചെയതവരുടെ കേന്ദ്രമായി അവ ചുരുങ്ങിയിരിക്കുകയാണ്. അവര്‍ക്ക് വലിയ അജണ്ടകളോ, താത്പര്യങ്ങളോ ഇല്ല. ഇതിനിടയില്‍ ഒരു സി എച്ച് ചെയര്‍ വരുകയും, അത് ഗവേഷണ കേന്ദ്രമായി പരിവര്‍ത്തിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക വിഷലിപ്ത ചിന്തകളാണ് കാലിക്കറ്റില്‍ ഉണ്ടായിട്ടുള്ളത്. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഭൂമിദാന വിവാദത്തെ തുടര്‍ന്ന് ഡി വൈ എഫ് ഐയും, ബി ജെ പിയും സമരത്തിന് ഇറങ്ങിയിരിക്കുകയാണ്. ഏത് ഭൂമി, എവിടെ വിറ്റു? വിറ്റുവെന്ന് പറയുന്നതിന് വേണ്ട രേഖകള്‍ എവിടെ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ സമരക്കാര്‍ക്ക് ബാധ്യതയുണ്ട്. എന്നാല്‍ അവര്‍ അത് ചെയ്യുന്നില്ല. അഴിമതിക്കാരന്‍ വൈസ് ചാന്‍സലര്‍ ഡോ എം അബ്ദുസ്സലാമിനെതിരെ വാള്‍പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍ എന്തു കൊണ്ട് അഴിമതിക്കെതിരെ രേഖകളുമായി കോടതിയെ സമീപിക്കുന്നില്ല? വൈസ് ചാന്‍സലര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതിന്റെയോ, അധികാര ദുര്‍വിനിയോഗം നടത്തിയതിന്റെയോ തെളിവുകള്‍ നിരത്താന്‍ വൈസ്ചാന്‍സലര്‍ക്കെതിരെ സമരം നടത്തുന്നവര്‍ക്ക് സാധിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. മാത്രമല്ല സര്‍വകലാശാലക്കെതിരായ സമരങ്ങള്‍ക്ക് ബഹുജനങ്ങളില്‍ നിന്നോ, അക്കാഡമിക് സമൂഹത്തില്‍ നിന്നോ വേണ്ടത്ര പിന്തുണ ലഭിക്കുന്നുമില്ല. കാലിക്കറ്റ് സര്‍വകലാശാലയില്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തി ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം ലക്ഷക്കണക്കിന് രൂപ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സി പി എം നേതൃത്വത്തിലുണ്ടായിരുന്ന മുന്‍സിണ്ടിക്കേറ്റിന്റെ കാലത്താണ് ഈ അഴിമതികള്‍ നടന്നത്. ഇതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി പോലും സര്‍വകലാശാലക്കെതിരെ ഉത്തരവുകള്‍ പുറപ്പെടുവിച്ചു. അന്നു നടന്ന പ്രമോഷന്‍, നിയമനം എന്നിവയില്‍ നടന്ന ക്രമക്കേടുകളില്‍ ഇപ്പോഴും നിയമ നടപടി തുടരുകയാണ്. അതില്‍ നിന്നും മുഖം രക്ഷിക്കാന്‍ വേണ്ടി നടത്തുന്ന സമരാഭാസങ്ങളാണ് കാലിക്കറ്റില്‍ നടക്കുന്നത്. അഴിമതിയുണ്ടെന്ന് പറയുന്നവര്‍ രേഖകള്‍ ഹാജരാക്കുകയും, കോടതിയെ സമീപിക്കുകയുമാണ് വേണ്ടത്. അതിനു തയ്യാറാകാതെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് വിലകുറഞ്ഞ വേലത്തരമാണ്. ചോദിക്കുന്നവര്‍ക്കെല്ലാം ഭൂമി, കാലിക്കറ്റില്‍ പട്ടയമേള എന്ന് വാര്‍ത്ത നല്കിയത് മാധ്യമം ദിനപത്രമാണ്. കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് ഭൂമി വിവാദത്തെ തുടര്‍ന്ന് അക്രമാസക്തമായ മാര്‍ച്ച് നടത്തിയത് യുവമോര്‍ച്ചയെന്ന ബി ജെ പിയുടെ യുവനിരയും. സി എച്ചിന്റെ പേരില്‍ മലബാറില്‍ ഒരു ഗവേഷണ കേന്ദ്രം വരുമ്പോള്‍ യുവമോര്‍ച്ച പ്രതിഷേധിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നിയന്ത്രണത്തിലുള്ള മാധ്യമം ദിനപത്രം സങ്കുചിത താത്പര്യങ്ങളുടെ കുഴലൂത്തുകാരാവുന്നതാണ് തീരെ മനസ്സിലാവാത്തത്. http://www.varthamanam.com/index.php/editorial/14585-2012-05-19-05-26-16 http://www.varthamanam.com/index.php/editorial/14585-2012-05-19-05-26-16

1 comment:

  1. കാലിക്കറ്റിലെ ഭൂമിദാന വാര്‍ത്ത എക്‌സ്‌ക്ലൂസീവ് അടിച്ച വാര്‍ത്താചാനല്‍ വാര്‍ത്ത തയ്യാറാക്കിയത് അതിന്റെ മലപ്പുറം, കോഴിക്കോട് ബ്യൂറോകളില്‍ നിന്നല്ല. മറിച്ച് തിരുവനന്തപുരത്തും, കൊച്ചിയില്‍ നിന്നുമാണ്.///////////// IT IS WRONG മാധ്യമം കോഴിക്കോട് ബ്യൂറോ റിപ്പോർട്ടർ എംസി നിഹ്മത് ആണ് ആദ്യമായി ഭൂമിദാന വിവാദം വാർത്തയാക്കുന്നത്

    ReplyDelete