Saturday, January 22, 2011

സമാധാനിപ്പിക്കാത്ത അറിവ്‌

സമാധാനിപ്പിക്കാത്ത അറിവ്‌

കോട്ടക്കലിനടുത്ത രണ്ടത്താണിയില്‍ സമാപിച്ച കേരള സ്റ്റുഡന്റ്‌സ്‌ കോണ്‍ഫ്രന്‍സ്‌ പ്രബോധന രംഗത്ത്‌ നല്‌കിയ സംഭാവനകളെ കുറച്ചു കാണുന്നില്ലെന്ന്‌ ആമുഖമായി പറയട്ടെ. സങ്കുചിത സംഘടനാ താത്‌പര്യങ്ങളിലൂടെ മാത്രം കാര്യങ്ങള്‍ കാണുന്നത്‌ സാമുഹ്യ പ്രവര്‍ത്തകര്‍ക്ക്‌ യോജിച്ചതല്ല.
അതേ സമയം, രണ്ടത്താണിയിലെ എ പി മുജാഹിദുകളുടെ സമ്മേളനം ഉയര്‍ത്തുന്ന പ്രസക്തമായ ചില ചോദ്യങ്ങള്‍ മുജാഹിദ്‌ പ്രവര്‍ത്തകര്‍ ഗൗരവത്തോടെ കാണേണ്ടതുണ്ട്‌. കാരണം കേരളത്തിലെ മുജാഹിദ്‌ പ്രസ്ഥാനത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന അപനിര്‍മ്മിതികള്‍ ഈ സമ്മേളനം അനാവരണം ചെയ്യുന്നുണ്ട്‌.

ഇവന്റ്‌മാനേജ്‌മെന്റ്‌ കമ്പനികള്‍ക്ക്‌ ആഡംബരപൂര്‍ണ്ണമായി പന്തല്‍ ഒരുക്കാനറിയാം. പരസ്യ ഏജന്‍സികള്‍ക്ക്‌ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും, ചുവരെഴുത്തുകള്‍ നടത്താനും അറിയാം. കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങള്‍ ഇങ്ങനെയാണ്‌ കാര്യങ്ങള്‍ ചെയ്യുന്നത്‌. നോട്ടുകെട്ടുകള്‍ നല്‌കിയാല്‍ ടി വി ചാനലുകള്‍ പരിപാടികള്‍ ലൈവ്‌ടെലികാസ്റ്റ്‌ ചെയ്യും. ഇത്‌ പണമുള്ളവരുടെ കാര്യം. അതില്‍ പണമില്ലാത്ത സംഘടനകള്‍ അസൂയപ്പെടുന്നതില്‍ അര്‍ഥമില്ല.മുജാഹിദ്‌ പ്രസ്ഥാനത്തിന്‌ സേവന തത്‌പരരായ വളണ്ടിയര്‍ വിഭാഗം ആവശ്യമില്ലെന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പെ പറഞ്ഞവര്‍ ഇത്തരം കോര്‍പ്പറേറ്റ്‌ സ്വപ്‌നങ്ങള്‍ നേര്‌തതെ കണ്ടിരിക്കണം. ദീനാറിന്റെ കിലുക്കവും, അറബ്‌ശൈഖുമാരുടെ അരമനയില്‍ ദാസ്യവേലയും ഉണ്ടെങ്കില്‍ നഗരി മുഴുവന്‍ പച്ചയും, ചുവപ്പും കാര്‍പ്പെറ്റ്‌ വിരിക്കാം. ഓലപന്തലുകള്‍ക്ക്‌ താഴെ കടലാസ്‌ വിരിച്ചിരുന്ന്‌ സമ്മേളനം വീക്ഷിച്ചിരുന്ന പാവം മുജാഹിദ്‌ പ്രവര്‍ത്തകരേ, രണ്ടത്താണിയിലെ ഈ പുതുമകള്‍ കണ്ട്‌ കുണ്‌ഠിതപ്പെടാതിരിക്കുക. ഇത്‌ പണം നിയന്ത്രിക്കുന്ന കോര്‍പ്പറേറ്റ്‌ സമ്മേളനമാണ്‌.
ബാലകൗതുകം മാസിക രണ്ട്‌ പതിറ്റാണ്ട്‌ മുമ്പ്‌ എം എസ്‌ എം പ്രസിദ്ധീകരണം ആരംഭിച്ച കുട്ടികളുടെ മാസികയാണ്‌. അതേ മാസിക വീണ്ടും സമ്മേളനത്തില്‍ പ്രകാശനം ചെയ്‌തു. മുടങ്ങിപോയ ഒന്ന്‌ പുനപ്രസിദ്ധീകരിച്ചു എന്ന്‌ സാരം. വൃത്തിയായി ഒരു മാസിക ഇറക്കാന്‍ പോലും കഴിയാത്തവര്‍ അത്‌ മുമ്പ്‌ പിടിച്ചെടുത്തതായിരുന്നു എന്ന്‌ കൂടി ഓര്‍ക്കണം. ഇതേ വിഭാഗമാണ്‌ ഇപ്പോഴും പ്രസിദ്ധീകരണം തുടരുന്ന വര്‍ത്തമാനം ദിനപത്രത്തിനെതിരെ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നത്‌.
സമ്മേളനത്തിന്റെ പ്രത്യേക പതിപ്പായ ജനവരി 14 ലക്കം ഭിന്നിപ്പ്‌ വാരിക വെറുതെയൊന്ന്‌ വായിച്ചു നോക്കണം. 35ലേറെ സമ്മേളന പടങ്ങളുണ്ട്‌ അതില്‍. പക്ഷേ വനിതാസമ്മേളനത്തിന്റെ പടം കാണാനില്ല, പത്രങ്ങള്‍ക്കും അത്‌ നല്‌കിയിരുന്നില്ല. ആകെയുള്ളത്‌ ബാലസമ്മേളനത്തിന്റെ മദ്രസാബാലികമാരുടെ പടമാണ്‌. മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ സമ്മേളനങ്ങളുടെ പ്രധാന പ്രത്യേകയായ വനിതാസമ്മേളനങ്ങള്‍ അവഗണിക്കപ്പെടുന്നത്‌ ചില സൂചനകള്‍ നല്‌കുന്നുണ്ട്‌. സ്‌ത്രീകള്‍ക്ക്‌ സമ്മേളനങ്ങളില്‍ പ്രാതിനിധ്യം നല്‌കി മാതൃകയായ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ വനിതാ സമ്മേളനത്തിന്റെ സ്റ്റേജില്‍ പോലും വനിതകള്‍ക്ക്‌ കയറാനാകാതെ വരുന്നതിനെ കുറിച്ച്‌ ആ വിഭാഗത്തിലെ വനിതാ നേതാക്കളെങ്കിലും മറുപടി പറയണം. (അറബി കല്യാണത്തെയും, തഞ്ചാവൂര്‍ കല്യാണത്തെയും ന്യായീകരിക്കാന്‍ മലപ്പുറത്ത്‌ പത്രസമ്മേളനം വിളിച്ച ധീരവനിതകള്‍ എവിടെ? )
ഐ എസ്‌ എമ്മിന്റെ പരിപാടികളില്‍ സലഫി എന്നും മുജാഹിദ്‌ എന്നും ഇല്ലാതാകുന്നത്‌ ഇഖ്‌വാനിസത്തിന്റെ സൂചനയായിരുന്നു. അത്‌ പഴയ കഥ. എന്നാല്‍ കേരള സ്റ്റുഡന്റ്‌സ്‌ കോണ്‍ഫ്രന്‍സ്‌ എന്ന പേര്‌ ആദര്‍ശ ഗരിമയുടെ ഉജ്വലപ്രഖ്യാപനം മുഴക്കുകയാണ്‌. തീര്‍ന്നില്ല, സമ്മേളനത്തിന്റെ അവസാന ദിവസം അറിവ്‌ സമാധാനത്തിന്‌ എന്ന വിഷയം അവതരിപ്പിക്കേണ്ടിയിരുന്ന അതിഥി അലിഗഡ്‌ മുസ്ലിം യൂനിവാഴ്‌സിറ്റി ഇസ്‌ലാമിക്‌ സ്റ്റഡീസ്‌ വിഭാഗം പ്രോഫസര്‍ ഡോ. ഉബൈദുള്ള ഫഹദ്‌ ആയിരുന്നു. പ്രോഗ്രാം നോട്ടിസില്‍ പേരും വന്നു. റീഡിഫൈനിംങ്‌ ഇസ്‌ലാമിക്‌ പോളിറ്റികല്‍ തോട്ട്‌, ശൂറ എന്നീ പുസ്‌തകങ്ങളുടെ കര്‍ത്താവായ ഇഖ്‌വാന്‍ ബുദ്ധിജീവിയെ ആരാണ്‌ വിഷയം അവതരിപ്പിക്കാന്‍ ക്ഷണിച്ചതെന്ന്‌ പ്രസ്ഥാനത്തിലെ ജ്ഞാനവൃദ്ധന്‍മാര്‍ രോഷം കൊണ്ടു. ഡോ ഉബൈദുള്ളയെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന്‌ വരെ മുടക്കിയാണ്‌ അതിന്‌ പ്രതിവിധി കണ്ടെത്തിയത്‌. സമ്മേളനം മുടക്കുവാനുള്ള കഴിവ്‌ സ്വന്തം സംഘടനക്കുള്ളില്‍ തന്നെ ഒരു വിഭാഗം പ്രയോഗിച്ചു തുടങ്ങിയിരിക്കുന്നു എന്ന അറിവ്‌ നേതൃത്വത്തിലിരിക്കുന്നവര്‍ക്ക്‌ അത്ര സമാധാനത്തിന്‌ വക നല്‌കുകയില്ല.
മാധ്യമസംസ്‌കാരത്തിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മാധ്യമസംവാദം സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. പത്രസമ്മേളനത്തില്‍ മൊബൈല്‍ഫോണ്‍ ഗിഫ്‌റ്റായി നല്‌കുന്നതിനെ കുറിച്ച്‌ ആരും ഒന്നും ചോദിച്ചില്ല. മുജാഹിദുകള്‍ക്ക്‌ പൊതുസമൂഹത്തോട്‌ സംവദിക്കാന്‍ ദിനപത്രമോ, ഇന്റര്‍നെറ്റോ ആവശ്യമില്ലെന്ന പ്രഖ്യാപനം കൂടി നടത്തിയിരുന്നുവെങ്കില്‍ മാധ്യമസംവാദം ബഹുജോറാകുമായിരുന്നു.
സമ്മേളനത്തിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ ഗാനങ്ങളുടെ സി ഡി പുറത്തിറക്കി വിദ്യാര്‍ഥികള്‍ ആദര്‍ശവ്യതിയാനത്തിന്റെ സൂചനകള്‍ നല്‌കിയിരിക്കുന്നു. മ്യൂസിക്കിന്റെയും, സംഗീതത്തിന്റെയും പേരില്‍ ഒരു വിഭാഗത്തിന്‌ സംഭവിച്ച ആദര്‍ശവ്യതിയാനത്തെ കുറിച്ച്‌ പ്രസ്ഥാനത്തിനകത്തെ ജ്ഞാനവൃദ്ധന്‍മാര്‍ ഒന്നുകൂടി വിശദീകരിക്കണം. (ഇപ്പോഴും ഹുസൈന്‍ മടവൂരിന്റെ നിലപാടുകള്‍ കൊണ്ട്‌ നടക്കുന്ന ശിഷ്യന്‍മാര്‍ സി ഡി ടവറിലുണ്ടോ എന്നും പരിശോധിക്കാവുന്നതാണ്‌.)
സമ്മേളനത്തിന്‌ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്‌ത കോട്ടക്കല്‍ സ്വദേശി സംഭാഷണത്തിനിടയില്‍ പറഞ്ഞത്‌ കൂടി ഇവിടെ പകര്‍ത്തട്ടെ. ധൂര്‍ത്തിനും ആര്‍ഭാടത്തിനും എതിരെ പ്രസംഗിക്കാനുള്ള അവകാശം ഇതോടെ നമുക്ക്‌ നഷ്‌ടമായിരിക്കുന്നു. സമ്മേളനം മുജാഹിദ്‌ കുടുംബത്തില്‍ പിറന്ന വിദ്യാര്‍ഥിക്ക്‌ ഇത്തരം സന്ദേശം നല്‌കുന്നതിനെ കുറിച്ച്‌ സൂക്ഷ്‌മമായി അന്വേഷിക്കേണ്ടതുണ്ട്‌. കോണ്‍ഫ്രന്‍സിന്റെ സമാപന ദിവസം നഗരിയില്‍ വെച്ച്‌ പരിചയപ്പെട്ട തൊടുപുഴക്കാരനായ പ്രവര്‍ത്തകനോട്‌ കുശലം പറഞ്ഞ്‌ ചര്‍ച്ച ആദര്‍ശത്തിലെത്തി. പ്രാര്‍ഥനയെ കുറിച്ച്‌ പറയുന്നതിനിടയില്‍ ജിന്നുകള്‍സഹായിക്കുമെന്നും, പിശാച്‌ സഹായിക്കുമെന്നും പറഞ്ഞു. പക്ഷേ, നമ്മള്‍ അവരോട്‌ പ്രാര്‍ഥിച്ചാല്‍ ശിര്‍ക്കാണ്‌. ഇതാണ്‌ അദ്ദേഹത്തിന്റെ കാഴ്‌ചപ്പാട്‌.
സംഘചൈതന്യത്തിന്റെ ഉജ്വലത പ്രഖ്യാപിച്ച്‌ കൊണ്ട്‌ ഒഴുകിയെത്തിയ പതിനായിരക്കണക്കിന്‌ വിദ്യാര്‍ഥികളും അവര്‍ക്ക്‌ ഐക്യദാര്‍ഢ്യം ആശംസിച്ചെത്തിയ രക്ഷിതാക്കളും, സ്‌നേഹജനങ്ങളും രണ്ടത്താണി സലഫി നഗറിനെ അക്ഷരാര്‍ഥത്തില്‍ വീര്‍പ്പ്‌ മുട്ടിച്ചുവെന്ന്‌ ഭിന്നിപ്പ്‌ വാരിക (വിചിന്തനം) ആവേശം കൊള്ളുന്നു. ചൂഷണത്തിന്‌ കളമൊരുക്കുന്ന വിശ്വാസ വൈകല്യങ്ങളെ വളമിട്ട്‌ വളര്‍ത്തി ആദര്‍ശ പ്രസ്ഥാനത്തെ വീര്‍പ്പ്‌ മുട്ടിക്കാമെന്ന്‌ കിനാവ്‌ കാണുന്നു അവര്‍.
രണ്ടു നാള്‍ സമ്മേളന പന്തലില്‍ ചെലവഴിച്ചിട്ടും യഥാര്‍ഥ തൗഹീദ്‌ പറഞ്ഞു പഠിപ്പിക്കാന്‍ സാധിക്കാത്തത്‌ ലജ്ജാവഹം തന്നെ. തൗഹീദ്‌ അതിന്റെ തനിമയോടെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവര്‍ ഉജ്വലത പ്രഖ്യാപിച്ചത്‌ കൊണ്ട്‌ യാതൊരു കാര്യവുമില്ല.
സമ്മേളനം നല്‌കുന്ന അറിവുകള്‍ അതിന്റെ നേതൃത്വത്തിന്‌ സമാധാനിക്കാന്‍ വക നല്‌കുന്നില്ല എന്നതാണ്‌ സമ്മേളനം ഇപ്പോള്‍ നല്‌കുന്ന ഏറ്റവും വലിയ സന്ദേശം