Friday, September 30, 2011

അമേരിക്കന്‍ അന്തിസത്കാരങ്ങളിലെ ജമാഅത്തുകാര്‍

ഫാസിസം തെറ്റിധാരണകള്‍ പരത്തുകയാണ് -6
അമേരിക്കന്‍ അന്തിസത്കാരങ്ങളിലെ ജമാഅത്തുകാര്‍

... ഉത്തര്‍പ്രദേശിലെ അസംഗഡിലെ ജാമിഅത്തുല്‍ ഫലാഹില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ കീഴിലുള്ള ഈ മതകലാലയത്തില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അതിഥികളായതിനെ കുറിച്ച് എന്തു പറയുന്നു? ജാമിഅത്തുല്‍ ഫലാഹ് പ്രിന്‍സിപ്പലും ജമാഅത്തെ ഇസ്‌ലാമി നേതാവുമായ ത്വാഹിര്‍ മദനി അമേരിക്കയില്‍ മൂന്നാഴ്ച നീണ്ടു നില്ക്കുന്ന സന്ദര്‍ശനമാണ് നടത്തിയത്.

2009 ഓഗസ്റ്റില്‍ ന്യൂഡല്‍ഹിയില്‍ അമേരിക്കന്‍ അംബാസഡര്‍ പങ്കെടുത്ത ഡിന്നറില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രമുഖ നേതാവായ മുജ്തബാഫാറൂഖ് പങ്കെടുത്തിരുന്നു. ഡല്‍ഹിയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത മുജ്തബാഫാറൂഖ് ഇപ്പോള്‍ ജമാഅത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റാണ്. ഇക്കാരണങ്ങളാല്‍ ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന് ഒരു അമേരിക്കന്‍ ചാരസംഘടനയുടെ നിറവും, മണവും ഉണ്ടെന്ന് ആരോപിച്ചാല്‍ നിഷേധിക്കാന്‍ കഴിയുമോ? കഴിഞ്ഞ മൂന്നാഴ്ചയായി മന്ത്രി ഡോ എം കെ മുനീറിനെ അമേരിക്കന്‍ ഏജന്റായി വിലയിരുത്താന്‍ മാധ്യമം ദിനപത്രം ഉപയോഗിച്ച മാനദണ്ഡങ്ങള്‍ അതു പോലെ സ്വീകരിച്ചാല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ക്രെഡിബിലിറ്റി പൂര്‍ണ്ണമായും ഇല്ലാതെയാകും. ഡോ. എം കെ മുനീര്‍ അമേരിക്കന്‍ സര്‍ക്കാറിന്റെ അതിഥിയായിട്ടില്ല എന്ന് കൂടി ഓര്‍ക്കണം. അമേരിക്ക സന്ദര്‍ശിച്ചവരും, അമേരിക്കന്‍ സര്‍ക്കാറിന്റെ പൊതൂപരിപാടികളില്‍ പങ്കെടുത്തവരും ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളെ സംഘടനയില്‍ നിന്ന് പുറത്താക്കിയിട്ടാണ് ജമാഅത്തെ ഇസ്‌ലാമി എം കെ മുനീറിന്റെ രാജി ആവശ്യപ്പെടുന്നതെങ്കില്‍ അതിന് മാന്യതയുണ്ടാകുമായിരുന്നു. അഖിലേന്ത്യാ ശൂറാ അംഗങ്ങള്‍ക്ക് ബാധകമാകാത്ത കാര്യങ്ങള്‍ മുനീറിന് മാത്രം ബാധകമാകുന്നത് എങ്ങനെയെന്ന് സോളിഡാരിറ്റി വിശദീകരിക്കണം. ജമാഅത്തെ ഇസ്‌ലാമി സ്ഥാപകന്‍ അബുല്‍ അഅ്‌ലാ മൗദൂദിയും അമേരിക്ക സന്ദര്‍ശിച്ചിട്ടുണ്ട്. മുനീര്‍ സാമ്രാജ്യത്വ ഏജന്റാണെങ്കില്‍ മൗദൂദി മുനീറിനെക്കാള്‍ വലിയ സാമ്രാജ്യത്വഭക്തനാണെന്ന് എഴുതാന്‍ ജമാഅത്ത് നേതൃത്വം മടിക്കേണ്ടതില്ല.

ഷാജഹാന്‍ മാടമ്പാട്ടിന്റെ സുഹൃത്തായ കാരണത്താല്‍ ഡോ എം കെ മുനീര്‍ ചാരനാകും
എന്ന് വ്യാഖ്യാനിക്കുന്നവര്‍ ഇതേ ഷാജഹാന്‍ മാധ്യമം ആഴ്ചപ്പതിപ്പില്‍ പംക്തി കൈകാര്യം ചെയ്തിരുന്നുവെന്നത് വിസ്മരിക്കരുത്. മാധ്യമത്തില്‍ എഴുതുമ്പോള്‍ ഷാജഹാന്‍ ബുദ്ധിജീവിയാകുകയും, മുനീറിന്റെ സുഹൃത്താകുമ്പോള്‍ ചാരനാകുകയും ചെയ്യുന്നതിന്റെ കെമിസ്ട്രി കൂടി മാധ്യമവും, ജമാഅത്തെ ഇസ്‌ലാമിയും വിശദീകരിക്കണം. ആടിനെ പട്ടിയെന്ന് വിളിക്കുകയും, പിന്നീട് പേപ്പട്ടിയെന്ന് ആക്രോശിച്ച് തല്ലിക്കൊല്ലുകയും ചെയ്യുന്ന കാപട്യമാണ് ജമാഅത്തെ ഇസ്‌ലാമി പയറ്റുന്നത്. മതരാഷ്ട്രവാദത്തെ അംഗീകരിക്കുന്നില്ല എന്ന ഒറ്റക്കാരണം കൊണ്ട് ചിലരെ സാമ്രാജ്യത്വ ദല്ലാള്‍ എന്ന മുദ്രയടിക്കാനുള്ള അപലപനീയമായ നീക്കമാണ് നടത്തുന്നത്. യാതൊരു തെളിവുമില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഫാസിസത്തിന്റെ രീതിയാണ്. ഗീബല്‍സിന്റെ ശിഷ്യപരമ്പരയെ മൗദൂദിയന്‍ പത്രങ്ങളില്‍ വംശനാശം വരാതെ സൂക്ഷിക്കുന്നുവെന്ന് മാത്രമാണ് ആരോപണങ്ങള്‍ മലയാളികളെ ബോധ്യപ്പെടുത്തുന്നത്.

സെപ്തംബര്‍ 21 ന് തേജസ് ദിനപത്രം വി എ കബീറിന്റെ ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രമുഖ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനായ കബീര്‍ വിക്കിലീക്‌സ് രേഖകളുടെ അടിസ്ഥാനത്തില്‍ ചിലരെ അമേരിക്കന്‍ ചാരന്‍ മുദ്രയടിക്കാനുള്ള നീക്കത്തിലുള്ള വിയോജിപ്പ് കത്തിലൂടെ പ്രകടിപ്പിക്കുന്നുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളോട് ഇത്തിരിയെങ്കിലും കടപ്പാടുള്ള ആരെങ്കിലും ഇനിയും ജമാഅത്തെ ഇസ്‌ലാമി ശൂറയില്‍ അവശേഷിക്കുന്നുണ്ട് എങ്കില്‍ സ്വന്തം ദിനപത്രത്തിന്റെയും, യുവജനസംഘടനയുടെയും നെറികേടുകള്‍ക്കെതിരെ രംഗത്ത് വരേണ്ടിയിരിക്കുന്നു.

അമേരിക്കന്‍ ജനതയോട് മിണ്ടരുതെന്നോ, അമേരിക്ക സന്ദര്‍ശിക്കരുതെന്നോ ഒരു മുസ്‌ലിം സംഘടനയും നിലപാട് എടുത്തിട്ടില്ല. അമേരിക്കയോടുള്ള മുസ്ലിം സമൂഹങ്ങളുടെ നിലപാട് ഇഷ്യൂകളുടെ അടിസ്ഥാനത്തിലാണ്. അധിനിവേശത്തിനും, സാമ്രാജ്യത്വകയ്യേറ്റങ്ങള്‍ക്കും എതിരെ സന്ധിയില്ലാ നിലപാട് സ്വീകരിക്കുമ്പോള്‍ തന്നെ സംവാദങ്ങളുടെ പ്രസക്തി ഇല്ലാതാകുന്നില്ല. മുസ്‌ലിം ലോകം ആശയവിനിമയത്തിന്റെ വാതിലുകളാണ് തുറന്നിടുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ സഊദി അറേബ്യ സന്ദര്‍ശിച്ചിട്ടുണ്ട്. അന്ന് സഊദിയില്‍ പ്രതിഷേധങ്ങള്‍ ഉണ്ടായില്ലെന്ന് മാത്രമല്ല, ആഹ്ലാദത്തോടെയാണ് അറേബ്യ ഒബാമയെ സ്വീകരിച്ചത്. ഒബാമയുടെ അറേബ്യന്‍ സന്ദര്‍ശനത്തെയോ, സഊദി അറേബ്യയുടെ അമേരിക്കന്‍ നയതന്ത്രബന്ധത്തെയോ വിമര്‍ശിക്കാന്‍ മാധ്യമം ദിനപത്രം ഇതു വരെ ധീരത കാണിച്ചിട്ടില്ല. ഡല്‍ഹിയിലെ അമേരിക്കന്‍ ഓഫിസുകള്‍ക്ക് മുന്നില്‍ അമേരിക്കന്‍ ഗവണ്‍മെന്റിന്റെ രാഷ്ട്രീയ നയങ്ങളോടുള്ള വിയോജിപ്പ് അറിയിക്കാന്‍ ജമാഅത്ത് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിട്ടില്ല. ഡല്‍ഹിയിലെയും പരിസര പ്രദേശത്തെയും ജമാഅത്ത് കേന്ദ്രങ്ങള്‍ക്ക് മുട്ടുവിറക്കും എന്നത് തന്നെ കാരണം. ജമാഅത്തിന്റെ അമേരിക്കന്‍ നയത്തില്‍ വ്യക്തമായ ഇരട്ടത്താപ്പുണ്ടെന്ന് ചുരുക്കം.

ഡല്‍ഹിയിലെത്തിയാല്‍ ഓന്തിനെ പോലെ നിറം മാറുന്നവര്‍ കേരളത്തില്‍ അമേരിക്കന്‍ വിരുദ്ധരാകുന്നത് കൗതുകമുള്ള കാര്യം തന്നെയാണ്. മുല്ലപ്പൂ വിപ്ലവത്തിന് ശേഷം ഈജിപ്തിന്റെ നിയന്ത്രണം ഇഖ്‌വാനുല്‍ മുസ്‌ലിമീന് കൂടി പങ്കാളിത്തമുള്ളതാണ്. അമേരിക്കയുമായി നല്ല ബന്ധമാണ് ഇഖ്‌വാനുല്‍ മുസ്‌ലിമീന്‍ ആഗ്രഹിക്കുന്നതെന്ന് ഈജിപ്ഷ്യന്‍ ഇഖ്‌വാന്‍ നേതൃത്വം അറിയിച്ചിട്ടുണ്ട്. ഇഖ്‌വാന്റെ പ്രസ്താവനയെ എങ്ങനെയാണ് കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയും, പോപ്പുലര്‍ ഫ്രണ്ടും കാണുന്നത് എന്നറിയാന്‍ കൗതുകമുണ്ട്.

കേരളത്തിലെ മുസ്‌ലിം സംഘടനകളുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ അമേരിക്ക തത്രപ്പെടുന്നു എന്ന ആരോപണത്തിന് യാതൊരു തെളിവും ലഭ്യമായിട്ടില്ല. അമേരിക്കന്‍ ചാരസംഘടനയായ സി ഐ എ ഫലസ്തീന്‍ പോരാളികളുടെ സംഘടനയായ ഹമാസില്‍ നുഴഞ്ഞു കയറിയിരുന്നു എന്ന വസ്തുത വെച്ച് കേരളത്തില്‍ നുഴഞ്ഞു കയറിയിട്ടുണ്ടാവും എന്ന് ഊഹിക്കുന്നതില്‍ അര്‍ഥമില്ല. കാരണം ലോകത്തെ സാമ്രാജ്യത്വ സൃഷ്ടിയും, യു എസിന്റെയും, യൂറോപ്യന്‍ യൂനിയന്റെയും കണ്ണിലുണ്ണിയുമായ ഇസ്രായേലിന് എതിരെയാണ് ഹമാസ് പോരാട്ടം നടത്തുന്നത്. ഹമാസിന്റെ പോരാട്ടം ചരിത്രപരവും, രാഷ്ട്രീയപരവും, വൈകാരികവുമായ മാനങ്ങളുള്ളതാണ്. അത് അമേരിക്കന്‍ താത്പര്യങ്ങളുമായി നേരിട്ട് ഏറ്റുമുട്ടുന്നതുമാണ്. അതിനാല്‍ സി ഐ എക്ക് കൂടുതല്‍ താത്പര്യങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. എണ്ണ ഉത്പാദന രാഷ്ട്രങ്ങള്‍ക്കും, പരിസ്ഥിതി വിഭവങ്ങള്‍ക്കും മേല്‍ ഒരു സാമ്രാജ്യത്വ കഴുകന്‍ കണ്ണ് എപ്പോഴുമുണ്ടാകും. യുദ്ധത്തിനോ, സായുധ കലാപങ്ങള്‍ക്കോ സാധ്യതയുള്ള രാജ്യങ്ങളിലും, ജനവിഭാഗങ്ങളിലും ആയുധവില്പന നടത്തുന്ന രാജ്യങ്ങള്‍ എപ്പോഴും സൂക്ഷ്മ നിരീക്ഷണം നടത്തുകയും, കലാപസാധ്യതകളെ പരമാവധി പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കേരളത്തില്‍ നിലവില്‍ അത്തരം സാഹചര്യങ്ങള്‍ ഇല്ല എന്നത് യാഥാര്‍ഥ്യമാണ്. മാത്രമല്ല, ഇന്ത്യയെന്ന ശക്തമായ രാഷ്ട്രത്തിനകത്ത്, കേരളം പോലെ ജനാധിപത്യ മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന വികസിത സമൂഹത്തില്‍ അത്തരം സാധ്യതകള്‍ കണ്ടെത്താന്‍ കഴിയില്ല എന്നും ഓര്‍ക്കണം. ഇന്ത്യയിലെ സി പി എം നേതൃത്വത്തെ അമേരിക്ക നിരീക്ഷിച്ചത് തന്നെ സി പി എമ്മിന് രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളില്‍ ഭരണം ഉള്ളതിനാലും, ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക സ്വാധീനം ഉള്ളതിനാലുമാണ്. ഇന്ത്യയുടെ വിദേശനയത്തില്‍ കാതലായ സ്വാധീനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്ന അധികാരശക്തിയായതിനാലാണ് സി പി എം നിരീക്ഷണ വിധേയമാകുന്നത്. ഈര്‍ക്കിള്‍ വലുപ്പമുള്ള ഇടത് സംഘടനകളെ അവഗണിക്കുന്നതും അതിനാലാണ്. ഉത്തര്‍പ്രദേശില്‍ നിന്ന് മായാവതി മുംബൈക്ക് ചെരുപ്പ് വാങ്ങാന്‍ വിമാനം പറത്തിയത് വികിലീക്‌സില്‍ വരാന്‍ കാരണം ആ വിമാനം അമേരിക്കന്‍ പൗരന്‍മാരെ ഇടിച്ചത് കൊണ്ടല്ല. മായാവതിക്ക് രാജ്യത്തിന്റെ നയരൂപീകരണത്തില്‍ പങ്കാളിയാകാന്‍ കരുത്തുണ്ട് എന്നത് കൊണ്ടാണ്. (കേരളത്തിലെ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ റിസള്‍ട്ട് അമേരിക്കയുടെ ചെന്നൈ കോണ്‍സുലേറ്റില്‍ എത്തിയിട്ടുണ്ടെങ്കില്‍ എന്‍ ഡി എഫിനെയും, ജമാഅത്തിനെയും നിരീക്ഷിക്കുന്നത് അവസാനിപ്പിക്കും. പേടിക്കേണ്ട. പൊന്നാനി ബ്രൗണ്‍ഷുഗര്‍ കേസ് ഐ ബി അന്വേഷിക്കുന്നുണ്ട്. അതു മാത്രമേ പേടിക്കാനുള്ളൂ)

ഇന്റര്‍നെറ്റിന്റെയും, കമ്യൂണിക്കേഷന്‍ ടെക്‌നോളജിയുടെയും വ്യാപനത്തിന് ശേഷം പബ്ലിക് റിലേഷന്‍ രംഗത്ത് സാമൂഹ്യ-രാഷ്ട്രീയ സംഘടനകളും, പ്രാദേശിക സര്‍ക്കാറുകളും ഐ ടിയുടെ സാധ്യത വ്യാപകമായി ഉപയോഗിക്കുകയാണ്. ലോകത്ത് എവിടെയിരുന്നും സമൂഹങ്ങളുടെ ചലനങ്ങള്‍ നിരീക്ഷിക്കാം എന്ന അവസ്ഥ. ഇംഗ്ലീഷ് വ്യവഹാര ഭാഷയാകുന്നതോടെ ഈ സാധ്യതകള്‍ അനുദിനം വര്‍ധിക്കുകയാണ്. കമ്യൂണിറ്റി നെറ്റ്‌വര്‍ക്കുകളായ ഫേസ്ബുക്ക്, ബ്ലോഗ്, ട്വിറ്റര്‍, ഓര്‍ക്കുട്ട് എന്നിവയിലൂടെ പൗരന്‍മാര്‍ ഓരോ വിവരവും ഷെയര്‍ ചെയ്യുമ്പോള്‍ അത് നിരീക്ഷിക്കുന്നവര്‍ക്ക് പോലും അതത് സമൂഹത്തിന്റെ തുടിപ്പുകള്‍ അറിയാന്‍ സാധിക്കും. വിവര വിനിമയ സാധ്യതകള്‍ ഇത്ര കണ്ട് വികസിച്ച ഒരു കാലത്ത് രാജ്യത്തെ സുരക്ഷാ ഏജന്‍സികളെക്കാളും, പാര്‍ലമെന്റിനെക്കാളും, കോടതിയെക്കാളും വലിയ ആശങ്കയോടെ രാജ്യത്തെ രഹസ്യങ്ങള്‍ ചോരുന്നുവെന്ന് സംശയം വളര്‍ത്താനുള്ള തീവ്രവാദ സംഘടനകളുടെ നീക്കം ഒരു തരം മാനസിക രോഗമാണ്. ബ്രൗണ്‍ഷുഗര്‍ വില്പനക്കും, കുഴല്‍പണ ഇടപാടുകള്‍ക്കും വിവാദങ്ങള്‍ കൊണ്ട് മറയിടുക മാത്രമാണ് ഇത്തരക്കാരുടെ ലക്ഷ്യം. അതിന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് കൂടി പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് സോളിഡാരിറ്റിയുടെ വിശ്വാസ്യതയാണ്.

കേരളത്തില്‍ ചില മതതീവ്രവാദസംഘടനകള്‍ നടത്തുന്നത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന് എതിരായ പോരാട്ടമല്ലെന്നും, അത്തരം സംഘടനകള്‍ക്ക് സാമ്രാജ്യത്വവിരുദ്ധപോരാട്ടത്തില്‍ ആത്മാര്‍ഥതയില്ലെന്നും തിരിച്ചറിയേണ്ടതുണ്ട്.

No comments:

Post a Comment