Tuesday, September 20, 2011

സംഘ്പരിവാറിന് ഏതു രഹസ്യമാണ് ചോര്‍ത്തിക്കൊടുക്കുന്നത്?

വര്‍ത്തമാനം 17 /9 /2011

ഫാസിസം തെറ്റിദ്ധാരണകള്‍ പരത്തുകയാണ്-4

സംഘ്പരിവാറിന് ഏതു രഹസ്യമാണ് ചോര്‍ത്തിക്കൊടുക്കുന്നത്?



കേരളത്തിലെ മുസ്‌ലിം സംഘടനകളുടെ പണി എന്താണ്? പള്ളികള്‍, മദ്രസകള്‍ എന്നിവയുടെ നടത്തിപ്പാണ് അവരുടെ പ്രധാന പണി എന്നാണ് ഇത്ര കാലം മനസ്സിലാക്കിയത്. മതപ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുക, സംഘടനാ മുഖപത്രങ്ങള്‍ പ്രസിദ്ധീകരിക്കുക എന്നിവയും പ്രധാന പരിപാടികളില്‍ ഉള്‍പ്പെടുന്നു. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ എണ്ണാനാകും. ഈ പരിപാടികളുടെ പ്രധാന പ്രത്യേകത ഇവ സംഘടിപ്പിക്കുന്നതില്‍ യാതൊരു നിഗൂഢതയും ഇല്ലെന്നാണ്.

മദ്രസാകമ്മിറ്റി യോഗം നടക്കുമ്പോള്‍ ഇതര മതവിശ്വാസിയായ സഹോദരന്‍ കയറിവന്നാല്‍ പോലും യാതൊരു ബുദ്ധിമുട്ടും തോന്നാത്ത വിധം സുതാര്യമായ അജണ്ടകള്‍. ചോര്‍ത്തിയെടുക്കാന്‍ മാത്രമുള്ള രഹസ്യങ്ങളൊന്നും കേരളത്തിലെ മുസ്‌ലിം സംഘടനകളില്‍ ഉള്ളതായി ഇതു വരെ തോന്നിയിട്ടില്ല. എന്നാല്‍ കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ക്ക് ചില രഹസ്യ അജണ്ടകള്‍ ഉണ്ടെന്നും, അവ ചോര്‍ന്നു ലഭിക്കാന്‍ ഇന്റലിജന്‍സ് ബ്യൂറോകള്‍ തത്രപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും തെറ്റിധരിപ്പിക്കുകയാണ് 2011 സെപ്തംബര്‍ 13 ന് ഇറങ്ങിയ മാധ്യമം ദിനപത്രം. സി ദാവൂദ് എഴുതിയ മുസ്‌ലിം ലീഗ്: മതേതര പ്രതിഛായയും മനോവീര്യവും എന്ന ലേഖനം കേരളത്തിലെ മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന്റെ രഹസ്യങ്ങള്‍ അമേരിക്ക അറിയുന്നതിലുള്ള വല്ലാത്ത ഉത്കണ്ഠയും പങ്കു വെക്കുന്നുണ്ട്.

മുനീര്‍ അമേരിക്കക്ക് കുഞ്ഞാലിക്കുട്ടിയെ ഒറ്റുകൊടുക്കുന്നതില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ആശങ്കകള്‍ തന്നെയാകണം സോളിഡാരിറ്റി നേതാവായ സി ദാവൂദിന്റെ ഉറക്കം കളയുന്നത്. വിക്കിലീക്‌സുമായി ബന്ധപ്പെട്ട് മുസ്‌ലിം മത രാഷ്ട്രീയ രംഗങ്ങളില്‍ വിവാദമുണ്ടാക്കാനുള്ള പോപ്പുലര്‍ ഫ്രണ്ട് നീക്കം വേണ്ടത്ര ക്ലച്ച് പിടിച്ചിട്ടില്ല. പോപ്പുലര്‍ ഫ്രണ്ടിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ നീക്കങ്ങള്‍ക്ക് മുമ്പ് അവര്‍ വിശദീകരിക്കേണ്ട മൗലികമായ ചില സംശയങ്ങള്‍ ഉണ്ട്. ഒന്നാമതായി വിക്കിലീക്‌സ് അമേരിക്കക്ക് അകത്ത് രൂപപ്പെട്ട പ്രതിഭാസമാണ്. ആരാണ് വിക്കിലീക്‌സിന്റെ സ്‌പോണ്‍സര്‍മാര്‍ എന്നതിന് ഇതു വരെ ഉത്തരം ലഭിച്ചിട്ടില്ല.

ഏതായാലും വിക്കിലീക്‌സ് കമ്യൂണിസ്റ്റുകളുടെയോ, ഇസ്‌ലാമിസ്റ്റുകളുടെയോ, സോഷ്യലിസ്റ്റുകളുടെയോ സൃഷ്ടിയല്ല എന്ന് ഇപ്പോള്‍ പറയാനാകും. രണ്ടാമതായി വിക്കിലീക്‌സ് വെളിപ്പെടുത്തലുകള്‍ അവസാനിച്ചിട്ടില്ല. അത് തുടര്‍ന്നു കൊണ്ടിരിക്കും. വിക്കിലീക്‌സിന്റെ ക്ലൈമാക്‌സ് എന്താകുമെന്നും ഇപ്പോള്‍ പ്രവചിക്കാനാകില്ല. വിക്കിലീക്‌സിന്റെ വേരുകള്‍ പാശ്ചാത്യ ലോകത്ത് തന്നെയാണുള്ളത്. വിക്കിലീക്‌സ് രേഖകള്‍ക്ക് രേഖകള്‍ എന്നതിലപ്പുറം അവ ചോദ്യം ചെയ്യപ്പെടാനാവാത്ത സത്യങ്ങളാണെന്ന് പറയാനും നിര്‍വാഹമില്ല.

മുസ്‌ലിം സംഘടനകളെ സംഘ്പരിവാറിനും, ഇന്റലിജന്‍സ് ബ്യൂറോയിലെ സംഘി ഗ്യാങ്ങുകള്‍ക്കും ഒറ്റിക്കൊടുക്കുന്ന പണിയാണ് മുനീര്‍ ഷാജിമാര്‍ എടുക്കുന്നതെന്ന മാധ്യമം ദിനപത്രത്തിന്റെ വിമര്‍ശം കൃത്യമായി വിലയിരുത്തേണ്ടത് തന്നെയാണ്. മുസ്‌ലിം ലീഗിനും, കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ക്കും ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്ന തെറ്റിധാരണ പരുത്തുകയാണ് ഈ ലേഖനത്തെ ഉദ്ദേശ്യമെന്ന് ആദ്യമേ നിരീക്ഷിക്കാം.

എന്നാല്‍ സംഘ്പരിവാരത്തെ മുനീറും, ഷാജിയും സഹായിക്കുന്നുവെന്ന രീതിയിലുള്ള വിലയിരുത്തലുകള്‍ ഗൗരവത്തില്‍ തന്നെ കാണണം. മുസ്‌ലിം സമുദായത്തിന്റെ അഭിമാനം കളഞ്ഞുകുളിക്കുന്നവര്‍ ആരായാലും അവരെ തിരിച്ചറിയാന്‍ സമുദായം പ്രബുദ്ധത കാണിക്കണം എന്നതില്‍ സംശയമില്ല. എന്നാല്‍ മുനീറും, ഷാജിയും ഏതു തരത്തിലാണ് സംഘ്പരിവാറിനെ സഹായിക്കുന്നത് വിശദീകരിക്കാന്‍ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്. മുസ്‌ലിം ലീഗ് പാര്‍ട്ടി തന്നെ മുസ്‌ലിം ഉണര്‍വ്വുകളെ പൈശാചിക വത്കരിച്ച് സവര്‍ണ്ണ/ സംഘ്പരിവാര്‍ അജണ്ടകളോടൊപ്പം നില്ക്കുകയാണെന്ന ആരോപണവും തെളിയിക്കാന്‍ വിമര്‍ശകര്‍ക്ക് ബാധ്യതയുണ്ട്. കേരളത്തില്‍ ആര്‍ എസ് എസ് വളരുന്നുണ്ടോ എന്നതാണ് ആദ്യത്തെ ചോദ്യം. മുനീറും, ഷാജിയും ആ വളര്‍ച്ചയെ സ്വാധീനിക്കുന്നുണ്ടോ എന്നതാണ് രണ്ടാമത്തെ ചോദ്യം. ഈ ചോദ്യങ്ങള്‍ക്ക് യാതൊരു മറുപടിയും ഇതു വരെ ജമാഅത്തെ ഇസ്‌ലാമിയോ, എന്‍ ഡി എഫോ നല്കിയിട്ടില്ല.

കേരളത്തില്‍ ആര്‍ എസ് എസ് വളര്‍ന്നു എന്ന് പറയാനുള്ള മാനദണ്ഡം എന്താണ്? നിയമസഭയില്‍ എക്കൗണ്ട് തുടങ്ങിയോ? ഏതെങ്കിലും ഗ്രാമപഞ്ചായത്തിന്റെ ഭരണമെങ്കിലും ആര്‍ എസ് എസോ, ബി ജെ പിയോ പിടിച്ചെടുത്തോ? ഇല്ലെന്നു മാത്രമല്ല, തകര്‍ച്ചയും, ആഭ്യന്തരസംഘര്‍ഷങ്ങളും ആര്‍ എസ് എസിനെ കേരളത്തില്‍ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. ആര്‍ എസ് എസ് ഏറ്റവും ശക്തമായി വളരേണ്ടിയിരുന്നത് മലപ്പുറം ജില്ലയിലാണ്. എന്നാല്‍ മലപ്പുറത്ത് ലീഗിന്റെ ദലിത് വിഭാഗമായ ദലിത് ലീഗിനുള്ള അത്ര പോലും കരുത്ത് ബി ജെ പിക്കില്ല. മുസ്‌ലിം ലീഗിലേക്ക് ആകര്‍ഷിക്കപ്പെടുന്ന അത്ര പോലും ഹിന്ദുക്കള്‍ ബി ജെ പിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നില്ല. എസ് ഡി പി ഐ പോലെയുള്ള ഉണര്‍വ്വുകള്‍ ഉള്ളിടത്താണ് ബി ജെ പിക്ക് ഇത്തിരിയെങ്കിലും ശക്തികൂടുന്നത്. കെ എം ഷാജി മത്സരിച്ച അഴീക്കോട് മണ്ഡലത്തില്‍ എസ് ഡി പി ഐ സജീവമായിരുന്നു. ആ മണ്ഡലത്തില്‍ ബി ജെ പിക്ക് വോട്ട് കൂടുകയാണ് ചെയ്തത്. ഷാജിയും കൂട്ടുകാരും ബി ജെ പിക്ക് വോട്ടു ചെയ്തുവെന്ന ആരോപണം ഏതായാലും ബുദ്ധിയുളളവര്‍ ഉന്നയിക്കാനിടയില്ല. എസ് ഡി പി ഐയുടെയും, ജമാഅത്തെ ഇസ്‌ലാമിയുടെയും പ്രവര്‍ത്തനങ്ങള്‍ കാരണം അവിടെ ഹിന്ദുവോട്ട് ചെറിയ തോതില്‍ ബി ജെ പിയിലേക്കും പോയി എന്ന് മാത്രമാണ് അവിടെ സംഭവിച്ചത്.

മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ മനോവീര്യം തകരുന്നതിലുള്ള മുതലക്കണ്ണീരും മാധ്യമം ലേഖകന്‍ ഒഴുക്കുന്നുണ്ട്. മുസ്‌ലിം ലീഗിന് അധികാര പങ്കാളിത്തം ലഭിച്ച കാലം മുതലേ അഭിപ്രായങ്ങളും, അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിട്ടുണ്ട്. സീതിസാഹിബും, പോക്കര്‍ സാഹിബും വ്യത്യസ്ത അഭിപ്രായങ്ങള്‍ പുലര്‍ത്തിയിരുന്നു. സി എച്ചിനെതിരെ മുസ്ലിം ലീഗില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എം എസ് എഫ് പോലും വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി എച്ചിനെതിരെ പരസ്യമായി അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. അന്നൊന്നും മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ന്നിട്ടില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കുകയും, നിലനില്ക്കുകയും ചെയ്യുന്നത് ജനാധിപത്യം നിലനില്ക്കുന്നുവെന്നതിന്റെ മാത്രം സൂചനയാണ്. അണികളുടെ രാഷ്ട്രീയ ധാരണ കുറയുകയും, കൂടുകയും ചെയ്ത സാഹചര്യങ്ങളെ മുസ്‌ലിം ലീഗ് അഭിമുഖീകരിച്ചിട്ടുണ്ട്.

കെ എം ഷാജിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കെ എം ഷാജി തന്നെയാണ് മറുപടി പറയേണ്ടത്. അതിനാല്‍ ഷാജിയുടെ വാക്കുകള്‍ ഇക്കാര്യത്തില്‍ ഇങ്ങനെ വായിക്കാം:

“ ഷാജിയുടെ പ്രഥമ ദൗത്യം എന്‍ ഡി എഫിനെയും, ജമാഅത്തെ ഇസ്‌ലാമിയെയും എതിര്‍ക്കുക എന്നത് തന്നെയാണ്. രാജ്യത്തിനും, സമുദായത്തിനും ദോഷം വരുത്തുന്ന ഏതിനെയും എതിര്‍ക്കുക എന്നത് ജിഹാദിന്റെ ഭാഗമാണ്. സ്വന്തം സമുദായത്തിനകത്ത് നിന്നാണ് അത്തരം നീക്കങ്ങള്‍ ഉണ്ടാകുന്നത് എങ്കില്‍ അതിനെതിരെയും ജിഹാദ് നടത്തണം. സ്വന്തം സമുദായത്തിനകത്തെ തെറ്റായ പ്രവണതകളെ എതിര്‍ക്കാതെ മറ്റൊരു സമുദായത്തിലെ തെറ്റായ പ്രവണതകളെ എതിര്‍ക്കുന്നതില്‍ അര്‍ഥമില്ല. മുസ്‌ലിം തീവ്രവാദത്തെ എതിര്‍ക്കാതെ ആര്‍ എസ് എസിനെ എതിര്‍ക്കുന്നതിന്റെ ക്രെഡിബിലിറ്റി എന്താണ്? സമുദായത്തിനും രാജ്യത്തിനും അപകടം വരുത്തുന്ന പോപ്പുലര്‍ ഫ്രണ്ടിനെയും, ആര്‍ എസ് എസിനെയും എതിര്‍ക്കപ്പെടണം. ക്രിമിനല്‍ ഇമേജുള്ള സംഘടനകളാണ് ജമാഅത്തെ ഇസ്‌ലാമിയും, പോപ്പുലര്‍ ഫ്രണ്ടും. എന്നാല്‍ മുസ്‌ലിംലീഗിന് അത്തരം ഇമേജ് ഇല്ല. മുസ്‌ലിം ലീഗിനെ കൂടി ആ ക്രിമിനല്‍ ഇമേജുള്ള ആ കൂട്ടായ്മയിലേക്ക് വലിച്ചിഴക്കാനാണ് അവര്‍ ശ്രമിക്കുന്നത്.” ഷാജി പറയുന്നു.

ഷാജിയുടെ വാക്കുകള്‍ ഇവിടെ എടുത്തു ചേര്‍ത്തിട്ടുള്ളത് ചില മലയാള പത്രങ്ങള്‍ ഫാസിസത്തിന്റെ രീതി ശാസ്ത്രം ഉപയോഗിച്ചു തുടങ്ങിയ സാഹചര്യത്തിലാണ്. നിരന്തരമായ നുണപ്രചരണങ്ങള്‍ നടത്തുകയും, തങ്ങള്‍ ക്രൂശിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ആളുകള്‍ക്ക് പറയാനുള്ളത് കേള്‍ക്കാതിരിക്കുകയും ചെയ്യുന്ന രണ്ടാം കിട മാധ്യമപ്രവര്‍ത്തനത്തിനിടക്ക് ഇങ്ങനെ കൂടി ചിലത് ഓര്‍മ്മിപ്പിക്കേണ്ടി വരുന്നതില്‍ സങ്കടമുണ്ട്.

കണ്ണൂരില്‍ ഗണേഷോത്സവത്തില്‍ ഷാജി പങ്കെടുക്കുന്നുവെന്ന വിവാദം ഉയര്‍ത്തി കൊണ്ടുവരാനും പോപ്പുലര്‍ ഫ്രണ്ട് ഇതിനിടയില്‍ ശ്രമിച്ചിരുന്നു. കെ എം ഷാജി എം എല്‍ എക്കെതിരെ ആസൂത്രിതമായ നീക്കങ്ങളാണ് അവര്‍ നടത്തി കൊണ്ടിരിക്കുന്നത്. കെ എം ഷാജിക്ക് ക്ഷേത്രകമ്മിറ്റികളുടെ പരിപാടികളില്‍ പങ്കെടുക്കാന്‍ ജമാഅത്തെ ഇസ്‌ലാമിയുടെയോ, എന്‍ ഡി എഫിന്റെ അനുമതി ആവശ്യമില്ല. മുസ്ലിം പള്ളികളില്‍ നടക്കുന്ന പരിപാടികള്‍ എന്‍ ഡി എഫ് പരിപാടി അല്ലാത്തതു പോലെ തന്നെ ക്ഷേത്രങ്ങളില്‍ നടക്കുന്ന പരിപാടികള്‍ എല്ലാം ആര്‍ എസ് എസ് പരിപാടികള്‍ അല്ല. പരസ്പരം അറിയാനും, തെറ്റിധാരണകള്‍ അകറ്റാനും ഉപകരിക്കുന്ന സന്ദര്‍ശനങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഭീതിദമായ വര്‍ത്തമാനം പറഞ്ഞ് മുസ്‌ലിംകളെ സംഘടിപ്പിക്കുകയെന്ന പഴയതന്ത്രമാണ്ചിലര്‍ ഇപ്പോഴും നടത്താന്‍ ശ്രമിക്കുന്നത്. മുസ്‌ലിംകള്‍ ഒരു ഭാഗത്ത് സംഘടിച്ച് കുഴപ്പമുണ്ടാക്കണമെന്ന ദുരുദ്ദേശ്യം ആര്‍ക്കുണ്ടെങ്കിലും അത് കേരളത്തില്‍ നടക്കാന്‍ പോകുന്നില്ല. അമ്പലക്കമ്മിറ്റിയുടെ പരിപാടിയില്‍ മുസ്‌ലിം നേതാക്കളും, പള്ളിക്കമ്മിറ്റിയുടെ പരിപാടിയില്‍ ഹിന്ദുസമുദായത്തില്‍ പെട്ടവരും തുടര്‍ന്നും പങ്കെടുക്കുന്നതായിരിക്കും. അത് കേരളത്തിന്റെ പാരമ്പര്യമാണ്

1 comment:

  1. മുനീര്‍ ഒറ്റുകൊടുത്തത് സ്വന്തം നേതാവിനെയാ. കുഞ്ഞാലിക്കുട്ടി സാഹിബിനെ. വിക്കിലീക്‌സില്‍ വന്ന ബാക്കി സാധനങ്ങളെല്ലാം താന്‍ പറഞ്ഞത് തന്നെയാണെന്ന് മുനീര്‍ സമ്മതിക്കുന്നുണ്ട്. തനിക്ക് അമേരിക്കന്‍ എംബസിയില്‍ ഇഷ്ടം പോലെ സുഹൃത്തുക്കളുണ്ടെന്നാണ് മുനീര്‍ തന്നെ പ്രതികരിച്ചത്. എന്നാല്‍, പുറത്തുവന്ന ചില കാര്യങ്ങള്‍ അമേരിക്കന്‍ എംബസി തന്നെയും പാര്‍ട്ടിയെയും അപകീര്‍ത്തിപ്പെടുത്താന്‍ കെട്ടിച്ചമച്ചതാണ് എന്ന മട്ടില്‍ ഒരു വിശദീകരണം കൂടിയുണ്ട് സി.എച്ചിന്റെ പുത്രന്. അമേരിക്കയ്ക്ക് ദാസ്യവേല ചെയ്യുന്ന ഒരു സര്‍ക്കാരില്‍ പങ്കാളിയായ മുസ്്‌ലിം ലീഗിന്റെ നേതാക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ അവര്‍ തയ്യാറാവുമെന്ന് കരുതാന്‍ മാത്രം മണ്ടന്‍മാരാണോ കേരള ജനത. അല്ലെങ്കില്‍ തന്നെ സ്വന്തം ചാനലുപയോഗിച്ച് സ്വന്തം പാര്‍ട്ടിയുടെ നേതാവിനെതിരേ അപവാദ വ്യവസായം നടത്തിയയാള്‍ക്ക് എന്ത് തന്നെ പറഞ്ഞുകൂട. തങ്ങളാണ് ലീഗിന്റെ മതേതരത്വം കാത്തുസൂക്ഷിക്കുന്നതെന്ന മട്ടില്‍ കെ എം ഷാജി, മുനീര്‍ ടീം നടത്തുന്ന പ്രചാരണപ്രവര്‍ത്തനങ്ങളുടെ മറ്റൊരു മുഖമാണ് അമേരിക്കന്‍ 'സുഹൃത്തുക്കള്‍'ക്ക് നല്‍കിയ വിവരങ്ങളുടെ ആകെത്തുക. അതിന് വേണ്ടി കേരളത്തെ തീവ്രവാദത്തിന്റെ പറുദീസയാണെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമംവരെ മുനീറാദികള്‍ നടത്തുന്നു. വയനാട്ടില്‍ തീവ്രവാദ പരീശീലന ക്യാമ്പ് നടക്കുന്നുണ്ടെന്ന് വരെ പറഞ്ഞുകളഞ്ഞു സമുദായത്തിന്റെ സകല കലാ വല്ലഭന്‍. എന്നാല്‍, ഏത് വങ്കത്തരവും മേലാവിലേക്ക് റിപോര്‍ട്ട് ചെയ്യാനല്ലല്ലോ അമേരിക്ക ചെല്ലും ചെലവും കൊടുത്ത് ഒട്ടുമിക്ക നാടുകളിലും വിസ്തൃതമായ എംബസികളും കോണ്‍സുലേറ്റുകളും സ്ഥാപിച്ച് അതില്‍ സി.ഐ.എ സ്റ്റാഫ് ഉള്‍പ്പെടെ വിപുലമായ ഉദ്യോഗസ്ഥപ്പടയെ നിയമിച്ചിരിക്കുന്നത്. വയനാട്ടിലെ തീവ്രവാദ ക്യാമ്പിന്റെ വിശദാംശങ്ങള്‍ എംബസി ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ പിന്നെ അവിടെ എന്തെടുക്കുകയാണ് എന്നായിരുന്നുവത്രെ മുനീറിന്റെ മറുപടി. എന്നു വച്ചാല്‍ വയനാട്ടിലെ മുസ്്‌ലിംകളൊക്കെ തീവ്രവാദ ക്യാമ്പ് നടത്തുകയാണ് എന്നാണ് സമുദായത്തിന്റെ ചെലവില്‍ എം.എല്‍.എയും മന്ത്രിയുമൊക്കെയായ നേതാവ് അമേരിക്കന്‍ മുതലാളിമാരോട് പറഞ്ഞുവച്ചിരിക്കുന്നത്.
    ഗണേശോല്‍സവം ക്ഷേത്ര കമ്മിറ്റിയുടെ പരിപാടിയാണെന്ന് വ്യഖ്യാനിച്ച് രക്ഷപ്പെടാനാണ് ശ്രമം. കണ്ണൂരിലെ പരിപാടി നടന്നത് ക്ഷേത്ര വളപ്പിലല്ല. ക്ഷേത്രവളപ്പില്‍ സ്ഥലം അനുവദിക്കാത്തതിനാല്‍ പൊതുസ്ഥലത്താണ് നടന്നത്. സംഘാടകര്‍ മുഴുവന്‍ ആര്‍.എസ്.എസുകാര്‍. ഷാജി ഒഴികെയുള്ള മുഴുവന്‍ പ്രാസംഗികരും ആര്‍.എസ്.എസുകാരോ ഹിന്ദുത്വ അനുകൂലികളോ ആയിരുന്നു. കേരളത്തില്‍ മുസ്്‌ലിംകള്‍ക്കെതിരേ വിഷം തുപ്പിക്കൊണ്ടിരിക്കുന്ന ശശികല ടീച്ചര്‍ മുഖ്യപ്രാസംഗിക. ഗണേശോല്‍സവത്തിന്റെ ചരിത്രം കൂടി പഠിച്ചാല്‍ അത് ആരുടെ പരിപാടിയാണെന്ന് വ്യക്തമാവും. ശിവജിയുടെ കാലത്താണ് അത് തുടങ്ങിയത്. തികച്ചും മുസ്്‌ലിം വിരുദ്ധനായ ശിവജി മുസ്്‌ലിംകള്‍ക്കെതിരേ അന്ന് തന്നെ ഇത് ഉപയോഗിച്ചിരുന്നു. പിന്നീട് സ്വാതന്ത്ര്യ സമരകാലത്ത് കോണ്‍ഗ്രസിലെ ഹിന്ദുത്വ ചേരിയില്‍പ്പെട്ട നേതാക്കളിലൊരാളായ ബാലഗംഗാധര തിലകനാണ് ഈ ഉല്‍സവം പൊടിതട്ടിയെടുത്തത്. ഇപ്പോള്‍ ബോംബെയിലാണ് ഈ ഉല്‍സവത്തിന്റെ പ്രധാന കേന്ദ്രം. ഉത്തരേന്ത്യയില്‍ നടന്ന മിക്ക മുസ്്‌ലിം വിരുദ്ധ കലാപങ്ങളുടെയും പിന്നാമ്പുറത്ത് ഗണേശോല്‍വസത്തോടനുബന്ധിച്ച് നടന്ന നിമജ്ജന യാത്രയായിരുന്നുവെന്ന് കാണാം. അമേരിക്കയുമായി മാത്രമല്ല, ഐ.ബിയുമായും ഷാജിക്ക് ഇടപാടുകളുണ്ടായിരുന്നു എന്നതിന് നേരത്തേ വാര്‍ത്തകള്‍ പുറത്തവന്നിരുന്നു. വേണ്ടി വന്നാല്‍ ഐ.ബിയില്‍ തന്നെ പ്രവര്‍ത്തിക്കും എന്ന് ഒരു ചാനല്‍ അഭിമുഖത്തില്‍ ഷാജി പറയുകയും ചെയ്തിരുന്നു. ഐ.ബിയുടെ മുസ്്‌ലിം വിരുദ്ധ സ്വഭാവത്തെക്കുറിച്ച് എസ്.എം മുശ്്‌രിഫിന്റെ പുസ്തകമൊക്കെ പുറത്തുവന്നതിന് ശേഷമാണ് ഷാജി ആ ഡയലോഗടിച്ചതെന്നോര്‍ക്കണം. ഇത്രയും വലിയ എന്‍.ഡി.എഫ് വിരോധം പ്രസംഗിക്കുന്ന ഷാജി, ഇരവിപുരത്ത് എന്‍.ഡി.എഫുകാരുടെ കാല് പിടിക്കാന്‍ വന്നതെന്തിനാണാവോ? അതിന്റെ തെളിവ് വേണമെങ്കില്‍ ലീഗ് നേതൃത്വത്തിന് കൈമാറാം എന്ന് പറഞ്ഞതില്‍പ്പിന്നെ ഷാജിക്കോ ലീഗിനോ മിണ്ടാട്ടമില്ല.
    എന്‍.ഡി.എഫ് വന്നതിനു ശേഷം കേരളത്തില്‍ ആര്‍.എസ്.എസ് ഒരുപാട് വളര്‍ന്നു എന്നാണ് ലീഗുകാര്‍ സാധാരണ പ്രസംഗിക്കാറുള്ളത്. ഇപ്പോള്‍ തിരിച്ചുപറയുന്നതിന്റെ ഗുട്ടന്‍സ് എനിക്ക് പിടികിട്ടുന്നില്ല. ബി.ജെ.പിക്ക് ഇക്കുറി ഷാജി മല്‍സരിച്ച മണ്ഡലത്തില്‍ മാത്രമല്ല, മിക്കയിടത്തും വോട്ട് കൂടിയിട്ടുണ്ട്. അവിടെയൊക്കെ എസ്.ഡി.പി.ഐക്കാര്‍ സ്‌ട്രോങാണെന്ന് റിയാസ് മോന്‍ പറയുമോ ആവോ.
    ഇക്കുറി, കേരളത്തില്‍ എസ്.ഡി.പി.ഐക്ക് ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയത് മലപ്പുറം ജില്ലയിലാണ്. അപ്പോ റിയാസ് മോന്റെ വാദമനുസരിച്ച് അവിടെയാണല്ലോ ആര്‍.എസ്.എസുകാര്‍ ഏറ്റവും കൂടുതല്‍ വേണ്ടത്. മൂപ്പര്‍ തന്നെ പറയുന്നതനുസരിച്ച് അവിടെ ആര്‍.എസ്.എസുകാരുടെ എണ്ണം ദലിത് ലീഗിനേക്കാള്‍ കുറവാണല്ലോ!!

    ReplyDelete