Thursday, September 15, 2011

മുനീറിനെതിരെ നിഴല് യുദ്ധം നടത്തുന്നു

ഫേസ്ബുക്കില് എസ് ഡി പി ഐ കേരളം എന്ന ഒരു ഗ്രൂപ്പ് ഉണ്ട്. 10000ത്തിലധികം ആളുകള് അംഗങ്ങളായ ആ ഗ്രൂപ്പില് നടക്കുന്ന ഒരു ചര്ച്ച എസ് ഡി പി ഐ പാര്ട്ടി അകപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ ആഴം വെളിപ്പെടുത്താന് പോന്നതാണെന്ന് നിരീക്ഷിക്കാം. സെപ്തംബര് ആറിന് മുക്രീറകത്ത് മുസ്തഫ എന്നയാള് ഇട്ട ഒരു ചോദ്യത്തിന് വന്ന ഉത്തരങ്ങള് എസ് ഡി പി ഐ എന്ന രാഷ്ട്രീയ പാര്ട്ടിയുടെ തനിനിറം വ്യക്തമാക്കാന് ഉപകരിക്കും എന്ന് കരുതട്ടെ. എസ് ഡി പി ഐ പ്രവര്ത്തകര് പാമ്പുരുത്തിയില് ഒരാളെ റമസാന് മാസത്തില് കാറില് കയറ്റി പുഴയില് കൊണ്ടു പോയി മര്ദ്ദിച്ചതിനെ കുറിച്ചുള്ള സംവാദമാണ് നടക്കുന്നത്. പാമ്പുരുത്തിയില് ഉണ്ടായ അക്രമത്തില് പ്രതിയായ എസ് ഡി പി ഐ പ്രവര്ത്തകന് റിമാന്റിലായിരുന്നു എന്നും ഫേയ്സ്ബുക്കില് പറയുന്നു. പാലക്കാട്ട് മുമ്പ് അക്രമം നടത്തിയ ക്വട്ടേഷന് സംഘത്തിലും മേപ്പടി സംഭവത്തിലെ ജിഹാദികള് പ്രതികളായിരുന്നു എന്നും ഫേസ്ബുക്കില് ഉണ്ട്. ജനുവരി 15ന് ഇറങ്ങിയ മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി പത്രങ്ങളില് വാര്ത്ത പ്രസിദ്ധീകരിച്ചത് ചൂണ്ടിക്കാട്ടിയാണ് മുസ്ലിം ലീഗ് അനുഭാവി ഈ വിഷയം ചര്ച്ച ചെയ്യുന്നത്. പാലക്കാട് ജില്ലയില് നിന്ന് ഇന്നോവ കാറില് ഒരാളെ തട്ടിക്കൊണ്ട് വരുന്നതിനിടക്ക് പിടിയിലായ പ്രതികളില് ഒരാള് തളിപ്പറമ്പ് മണ്ഡലം പോപ്പുലര് ഫ്രണ്ട് ഭാരവാഹിയും, മറ്റൊരാള് കണ്ണൂര് ജില്ലയിലെ പുതിയ തെരുവില് സി പി എം പ്രവര്ത്തകനെ കൊന്ന കേസില് പ്രതിയും ആണ്.

ഈ ഫേസ്ബുക്ക് പേജ് സന്ദര്ശിക്കുന്നവര്ക്ക് എസ് ഡി പി ഐയുടെ പ്രധാന പ്രവര്ത്തനങ്ങളെ കുറിച്ച് ഏതാണ്ട് ധാരണ കിട്ടും. തേജസ് പത്രത്തിന്റെ കണ്ണൂര് ജില്ലയിലെ പ്രാദേശിക ലേഖകന് ചെളിയില് വീണ് ഉരുണ്ട് ജില്ലാ ആശുപത്രിയില് അഡ്മിറ്റായി മുസ്ലിം ലീഗ് പ്രവര്ത്തകര്ക്കെതിരെ കേസ് നല്കി എന്നതടക്കമുള്ള ആരോപണങ്ങളാണ് ഇവിടെ ഉയര്ന്നു കാണുന്നത്. നേതൃത്വം നിഷേധിക്കുന്ന സംഭവങ്ങള് ആവേശത്തിന് പുറത്ത് സാധുക്കളായ അണികള് വിളിച്ചു പറയും എന്നതാണ് ഫേസ്ബുക്ക് പേജ് റഫര് ചെയ്യാന് പ്രേരിപ്പിച്ചത്. മണ്ണാര്ക്കാട്ടെ അനിഷേധ്യനേതാവ് ചെമ്പംകുഴിയില് ഹാരിസ് ബ്രൗണ്ഷുഗര് കള്ളക്കടത്തിന്റെ കേരളചീഫ് ആണെന്ന വിവരം പുറത്ത് വന്നപ്പോള് നിഷേധിച്ച അബ്ദുല്മജീദ് ഫൈസിമാരുടെ തൊലിക്കട്ടി എന്തും നിഷേധിക്കുമെന്ന് അറിയാം.

കണ്ണൂര് ജില്ലയില് നിന്നുള്ള ഈ സംവാദത്തില് പ്രധാനമായും എസ് ഡി പി ഐയെ എതിര്ക്കുന്നത് മുസ്ലിം ലീഗ് പ്രവര്ത്തകരാണ്. മുസ്ലിം ലീഗിന് അകത്തേക്ക് എന് ഡി എഫ് നുഴഞ്ഞുകയറാന് ഏറെ ശ്രമം നടത്തിയത് ലീഗ് -സി പി എം സംഘര്ഷം നിലനില്ക്കുന്ന പ്രദേശങ്ങളിലായിരുന്നു. കണ്ണൂരായിരുന്നു അത്തരം തെറ്റായ പ്രവണതകളുടെ പ്രധാന കേന്ദ്രമായിരുന്നത്. അതേ കണ്ണൂരില് മുസ്ലിം ലീഗ് - എസ് ഡി പി ഐ ബന്ധം ഉലയുന്നുവെന്ന് മാത്രമല്ല, പരസ്യമായ ശത്രുതയിലേക്കും കാര്യങ്ങള് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന് വേണം നിരീക്ഷിക്കാന്.
മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത കരുളായിയില് യൂത്ത് ലീഗ് പ്രവര്ത്തകരെ വെട്ടിയ കേസില് എസ് ഡി പി ഐ പ്രവര്ത്തകര്ക്കെതിരെ പോലിസ് കേസെടുത്തതും, കല്പകഞ്ചേരിയില് യൂത്ത് ലീഗ് പ്രവര്ത്തകരെ അക്രമിച്ച കേസില് എസ് ഡി പി ഐ പ്രവര്ത്തകനെതിരെ പോലിസ് കേസെടുത്തതും 2011 സെപ്തംബറില് ആണ്. സി ജി ഉണ്ണിയെന്ന മുന്കോണ്ഗ്രസ് നേതാവ് എസ് ഡി പി ഐ സ്ഥാനാര്ഥിയായി കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില് മത്സരിച്ച മണ്ഡലമാണ് നിലമ്പൂര്. എസ് ഡി പി ഐയുടെ നിലവാരം ഏറെ കാത്തുസൂക്ഷിക്കുന്ന കേന്ദ്രമെന്ന് നിലമ്പൂരിനെ നിരീക്ഷിക്കാം. സി ജി ഉണ്ണിയെ ഓര്മ്മയില്ലേ. കഴിഞ്ഞ യു ഡി എഫ് ഭരണത്തില് വനപാലകര്ക്ക് വേണ്ടത് ചെയ്തു കൊടുത്തിരുന്ന ഉണ്ണി. ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം എന്ന ചൊല്ല് നിലമ്പൂരില് കൂടുതല് അന്വര്ഥമാകുകയാണ്. അഴിമതിരഹിതരാഷ്ട്രീയത്തിന്റെ പഴയമുത്താണ് ഉണ്ണി. എത്തേണ്ടത് എത്തേണ്ടിടത്ത് തന്നെ എത്തി എന്ന് ചുരുക്കം. അതിനിടക്ക് തൃശൂരില് ഹോട്ടലിന്റെ ചില്ല് തകര്ക്കലും, അതേ ചൊല്ലിയുള്ള നാടന് തല്ലുകളുമൊക്കെയായി സോഷ്യല് ഡെമോക്രാറ്റിക് പാര്ട്ടി ഓഫ് ഇന്ത്യ തകര്ത്താടുന്നുണ്ട്.

പാലക്കാട് ജില്ലയിലെ അനങ്ങനടി പഞ്ചായത്തില് മുസ്ലിം ലീഗ്- എസ് ഡി പി ഐ സംഘര്ഷത്തിന്റെ ദുരിതം മാറുന്നതേയുള്ളൂ. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ഭാഗത്ത് അനധികൃത മണലെടുപ്പിന്റെയും, മണല്മാഫിയകളുടെ വേര് ചെന്നെത്തുന്നത് മാഫിയാമുക്ത അഴിമുക്തരാഷ്ട്രീയത്തിന്റെ പ്രായോജകരില് തന്നെയാണ് എന്നത് ആശങ്കക്ക് വക നല്കുന്നുണ്ട്.



കണ്ണൂരിലും, പാലക്കാട്ടും, മലപ്പുറത്തുമൊക്കെ നാടന്തല്ലുകളും, നാറ്റക്കേസുകളും എമ്പാടുമുണ്ടാകുമ്പോള് അതില് നിന്ന് ശ്രദ്ധ തിരിച്ചു വിടാനുള്ള പൊടിക്കൈകളാണ് തേജസ് ദിനപത്രം ഇപ്പോള് പയറ്റുന്നത്.
സി എച്ച് മുഹമ്മദ് കോയ ഒരു രാജ്യസ്നേഹിയായിരുന്നു. എന്നാല് മകന് മുനീര് രാജ്യദ്രോഹിയാണ് എന്ന് പോപ്പുലര് ഫ്രണ്ട് ഓഫ് ഇന്ത്യ കുറച്ച് ദിവസമായി പ്രചരിപ്പിക്കുകയാണ്. വികിലീക്സ് എന് ഡി എഫിന് വിദേശ പണം കിട്ടുന്നുവെന്ന് വെളിപ്പെടുത്തുകയും, തേജസ് ദിനപത്രത്തിന്റെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് ആശങ്കകള് പങ്കുവെക്കുകയും ചെയ്തപ്പോളാണ് സി എച്ച് മുഹമ്മദ് കോയയെന്ന രാജ്യസ്നേഹിയെ കുറിച്ചും എം കെ മുനീര് എന്ന രാജ്യദ്രോഹിയായ അമേരിക്കന് ചാരനെകുറിച്ചും തേജസിന് വിവരം ലഭിച്ചത്. നാളിതു വരെയായി സി എച്ച് മുഹമ്മദ്കോയയെ കുറിച്ച് സിമിയോ, എന് ഡി എഫോ നല്ലത് പറഞ്ഞതായി ആരും കേട്ടിട്ടില്ല. കേരള മുസല്മാന്റെ ഹൃദയക്കൊട്ടാരത്തിലെ കിരീടം വെക്കാത്ത സുല്ത്താനായിരുന്നു സി എച്ച് മുഹമ്മദ്കോയ. മകന് മുനീര് കേരളജനതയുടെ ഹൃദയക്കൊട്ടാരത്തില് തന്നെയാണ് ഇന്നുമുള്ളത്. മുനീറിനെ അവിടെ നിന്ന് ഇറക്കിവിടാന് ഉണ്ടയില്ലാ വെടികള് കൊണ്ട് സാധിക്കുകയില്ല എന്ന് വിനീതമായി ഓര്മ്മിപ്പിക്കുകയാണ്.

സമുദായത്തിന്റെ ചലനങ്ങള് അമേരിക്കക്ക് ഒറ്റിക്കൊടുക്കുന്നവരോട് തെരഞ്ഞെടുപ്പുകള് 2011ഓട് കൂടി അവസാനിച്ചിട്ടില്ലെന്ന് നാസറുദ്ദീന് എളമരം ഓര്മ്മപ്പെടുത്തുന്നുണ്ട്. കണ്ണൂര് സ്റ്റേഡിയം കോര്ണറില് പള്ളിപ്രം പ്രഭാകരന് അനുസ്മരണത്തിലാണ് നാസറുദ്ദീന് ഇക്കാര്യം ഓര്മ്മപ്പെടുത്തിയത്. സമുദായത്തിന്റെ മുകളില് കയറിയിരുന്ന് അവരെ ഒറ്റിക്കൊടുക്കുന്ന ഖാന് ബഹദൂര്മാരെ തിരിച്ചറിയണം. ചരിത്രത്തില് എപ്പോഴും ഇത്തരം ഖാന് ബഹദൂര്മാരുണ്ടായിരുന്നു. ഇപ്പോഴത് എം എല് എയുടെയും മന്ത്രിയുടെയും ഒക്കെ വേഷത്തിലാണ്. സമുദായത്തെ ഒറ്റുകൊടുക്കുന്ന ഇത്തരക്കാരെ തിരിച്ചറിയണം. ഒറ്റിക്കൊടുത്താലും പിടിച്ച് കൊടുത്താലും ഈ പ്രസ്ഥാനം മുന്നോട്ടു തന്നെ പോകും. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ മുട്ടുകുത്തിച്ച പാരമ്പര്യമുള്ള പ്രപിതാക്കളുടെ പാരമ്പര്യമുള്ള നാം അമേരിക്കന് സാമ്രാജ്യത്വത്തെ ഇന്ത്യന് മണ്ണില് അടിയറവ് പറയിപ്പിക്കുക തന്നെ ചെയ്യും. സാമ്രാജ്യത്വത്തോട് ഒരു ഒത്തുതീര്പ്പുമില്ല. അങ്ങനെ വേണ്ടി വന്നാല് സന്തോഷപൂര്വ്വം മരണത്തെ പുല്കും.

നാസറുദ്ദീന് എളമരം ഇങ്ങനെ ആവേശം കൊള്ളുന്നത് കാണുമ്പോള് ചിരിയാണ് വരുന്നത്. ഒറ്റിക്കൊടുത്താലും പിടിച്ച് കൊടുത്താലും ഈ പ്രസ്ഥാനം മുന്നോട്ടു തന്നെ പോകും എന്ന വാക്കുകള് പൊന്നാനിയില് ബ്രൗണ്ഷുഗര് ഒറ്റിക്കൊടുത്തവരോടുള്ള ഭീഷണിയാണോ എന്നൊരു സംശയം.
എം കെ മുനീറും, ഷാജിയും വോട്ട് തേടി ചെന്നിരുന്നു എന്ന ആരോപണത്തോട് കെ എം ഷാജി പ്രതികരിച്ചിരുന്നു. നല്ല ബാപ്പക്ക് പിറന്നവരാണെങ്കില് പോപ്പുലര് ഫ്രണ്ട് നേതൃത്വം അത് തെളിയിക്കണമെന്നാണ് ഷാജി ആവശ്യപ്പെട്ടത്. ഉടന് വന്നു പ്രതികരണം. ഷാജി റിയല് എസ്റ്റേറ്റ് ബിസിനസ് നടത്തുകയാണ് എന്ന്. എന്നാല് കെ എം ഷാജിയെന്ന റിയല് എസ്റ്റേറ്റ് മാഫിയ തലവനെ കുറിച്ച് ഒരു കഷണം തെളിവെങ്കിലും പോപ്പുലര് ഫ്രണ്ട് ഹാജരാക്കണം. ഷാജിയും, മുനീറും കേരളത്തിലെ പോപ്പുലര് ഫ്രണ്ട് വിരുദ്ധമുന്നേറ്റത്തിന്റെ നേതാക്കളാണ്. യൂത്ത് ലീഗ് പോപ്പുലര് ഫ്രണ്ടിനെതിരെ നടത്തുന്ന ശക്തമായ നിലപാടുകളുടെ കൂടി പ്രത്യക്ഷഫലമാണ് ചിലയിടങ്ങളില് നടക്കുന്ന ലീഗ്- എസ് ഡി പി ഐ സംഘട്ടനങ്ങള്. ലീഗിന്റെ മറവില് ഗുണ്ടായിസം നടത്തുന്നവരെ ലീഗ് തിരിച്ചറിയുമ്പോള് എന് ഡി എഫ് ആശങ്കയിലാണ്. ഷാജിയെയും, മുനീറിനെയും ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള തന്ത്രമാണ് ഇപ്പോള് പയറ്റുന്നത്. അമേരിക്കന് കോണ്സുലേറ്റ് 2006ല് അയച്ച സന്ദേശത്തില് എം കെ മുനീറിന്റെ പേരിന്റെ കൂടെ പ്രൊട്ടക്ട് എന്ന് എഴുതിയതാണ് തേജസ് പത്രം ആഘോഷിക്കുന്നത്.

മലയാളത്തിലെ വലതുപക്ഷ ചാനലായ മനോരമന്യൂസ് മുതല് കൈരളി പീപ്പിള് വരെയും, മലയാളമനോരമ മുതല് ദേശാഭിമാനി വരെയും മുനീറിനെ ക്രൂശിക്കുകയാണ്. സംരക്ഷിക്കേണ്ട ചന്ദ്രിക ദിനപത്രം പോലും പഴയ പത്രാധിപരുടെ മകന് നേരെ അമ്പുകള് എയ്യുന്നത് അനുകമ്പയില്ലാതെ നോക്കി നില്ക്കുകയാണ്. കോഴിക്കോട്ട് ഒബാമയുടെ പട്ടാളം ഇറങ്ങി എം കെ മുനീറിനെ സംരക്ഷിക്കുമെന്ന് വിചാരിക്കുന്ന മന്ദബുദ്ധികളെയല്ലാതെ ആരെയാണ് തേജസ് ജല്പനങ്ങള് തൃപ്തിപ്പെടുത്തുക?

No comments:

Post a Comment