Sunday, February 13, 2011

WE HAD A ലീഡര്‍ സര്‍ഗ്ഗാത്മക മതപ്രവര്‍ത്തത്തിന്റെ യുവനായകന്‍



സര്‍ഗ്ഗാത്മക മതപ്രവര്‍ത്തത്തിന്റെ യുവനായകന്‍

ഞങ്ങള്‍ക്ക്‌ ഒരു നേതാവുണ്ടായിരുന്നു. പ്രതീക്ഷയോടെ ഒരു യുവജനതയെ നയിച്ച അബൂബക്കര്‍ കാരകക്കുന്ന്‌. ജാഡകളില്ലാതെ ചിരിക്കുകയും സാദാപ്രവര്‍ത്തകനോട്‌ പോലും കുശലം പറയുകയും ചെയ്‌ത ജനകീയ നേതാവ്‌. രാത്രിയില്‍ വിളിക്കാതെ യോഗത്തിന്‌ കയറി വന്ന്‌ ഇതു വഴി പോകുമ്പോള്‍ നിങ്ങളെ കാണാന്‍ കയറിയതാണെന്ന മുഖവുരയോടെ അദ്ദേഹം സംസാരിച്ചു തുടങ്ങും. മൂന്ന്‌ വര്‍ഷം മുമ്പ്‌ അബൂബക്കര്‍ കാരക്കുന്ന്‌ പറഞ്ഞ വാക്കുകള്‍ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ദുഖം നിറയുകയാണ്‌. പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളെ കൊണ്ട്‌ ഐ എസ്‌ എമ്മിന്റെ ഫലസ്‌തീന്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്യിക്കണമെന്ന ആഗ്രഹമായിരുന്നു അത്‌. പാണക്കാട്‌ തങ്ങള്‍ മധ്യേഷ്യയെ കുറിച്ച്‌ പഠിച്ച ആളാണ്‌. മുജാഹിദുകളുടെ വേദിയില്‍ വന്ന്‌ തങ്ങള്‍ പ്രസംഗിച്ചാല്‍ സമുദായത്തിന്‌ ഫലസ്‌തീനെ കുറിച്ച്‌ ബോധ്യമുണ്ടാകും. നമ്മുടെ അറബി അധ്യാപകര്‍ക്ക്‌ ഫലസ്‌തീന്‍ സാഹിത്യത്തിലേക്ക്‌ അത്‌ വാതില്‍ തുറക്കും. മുജാഹിദ്‌ പ്രസ്ഥാനം ഏറെ ശ്രദ്ധിക്കപ്പെടും. അബൂബക്കര്‍ കാരക്കുന്നിന്റെ ആശ പൂര്‍ത്തീകരിക്കുന്നതിന്‌ മുമ്പെ പാണക്കാട്‌ ശിഹാബ്‌ തങ്ങള്‍ വിടപറഞ്ഞു. ഇപ്പോള്‍ അബൂബക്കര്‍ കാരക്കുന്നും.


2003ല്‍ വീണ്ടും ഐ എസ്‌ എം നേതൃസ്ഥാനം ഏറ്റെടുത്തതിന്‌ ശേഷം മലപ്പുറത്ത്‌ അദ്ദേഹം പ്രവര്‍ത്തകരോട്‌ ഇങ്ങനെ പറഞ്ഞു. ?പ്രത്യാശയുടെ കിരണങ്ങള്‍ എമ്പാടുമുണ്ട്‌. ലോകമെങ്ങും മാറ്റത്തിന്റെ തുടികൊട്ട്‌ കേള്‍ക്കാം.? മുജാഹിദ്‌ പ്രസ്ഥാനത്തിന്‌ സാര്‍വദേശീയമായ രാഷ്‌ട്രീയ അവബോധം സൃഷ്‌ടിച്ച പ്രിയ നായകന്‍ വിടപറയുന്നതിന്‌ തലേന്നാള്‍ ഈജിപ്‌തിലുണ്ടായ രാഷ്‌ട്രീയ മാറ്റം യാദൃശ്ചികമാകാം. പക്ഷേ, ലോകത്തിന്റെ ചലനങ്ങളില്‍ കേരളത്തിലെ മുസ്‌ലിം യുവജനങ്ങള്‍ ഇത്രകണ്ട്‌ ആകാംക്ഷാകുലരാകുന്നത്‌ ഐ എസ്‌ എമ്മിലൂടെ അബൂബക്കര്‍ വളര്‍ത്തിയെടുത്ത പുതുവീക്ഷണം കേരളത്തിലെ ഇതര മതയുവജന പ്രസ്ഥാനങ്ങളിലേക്ക്‌ കൂടി വളര്‍ന്നതിന്റെ സൂചനയാണ്‌. ഇനി മൊബൈലില്‍ എവിടെയാടാ എന്ന ആ വാത്സല്യത്തിന്റെ വിളി ഉയരില്ല. ഇ മെയിലില്‍ ഒരു കമന്റ്‌ അയച്ചാല്‍ വായിച്ചുവെന്ന്‌ പിന്നെ പറയാന്‍ കാരക്കുന്നില്ല. അതെ, കേരളത്തിലെ മുസ്‌ലിം യൂവജനസംഘടനകള്‍ക്ക്‌ സങ്കുചിതമായ ഇടത്തില്‍ നിന്ന്‌ പരിസ്ഥിതിയുടെയും, മാധ്യമ ഇടപെടലിന്റെയും, ജനകീയ ആരോഗ്യപ്രസ്ഥാനത്തിന്റെയും, സര്‍ഗ്ഗാത്മക ഇടപെടലുകളുടെയും, സ്‌ത്രീസ്വാതന്ത്ര്യത്തിന്റെയും വിശാലമായ ആകാശം കാണിച്ചു തന്നു അദ്ദേഹം. പുതിയ കാലത്തിന്റെ പ്രശ്‌നങ്ങളോട്‌ സര്‍ഗ്ഗാത്മകമായി സംവദിക്കുകയും, ഇസ്‌ലാമിന്റെ പുതിയ വായനക്ക്‌ സ്വന്തം അനുയായികളെ അദ്ദേഹം പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. അവസാനകാലത്ത്‌ സ്വയംതൊഴില്‍ സംരഭങ്ങള്‍ക്ക്‌ സ്‌ത്രീകളെ സജ്ജമാക്കുന്ന വിവിധ പദ്ധതികളായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പ്രവര്‍ത്തന മേഖല. തൗഹീദിന്റെ പടനായകനായിരുന്ന അദ്ദേഹം സാരിപെയിന്റിംങും, ടൈലറിംങും ഒക്കെ മനസ്സില്‍ കൊണ്ട്‌ നടന്നു. മുളങ്കുറ്റി കൊണ്ട്‌ ഒരു പുട്ടുകുറ്റി ഉണ്ടാക്കുന്നതിനെ കുറിച്ച്‌ കാരക്കുന്ന്‌ ചിലപ്പോള്‍ ആലോചിക്കും. തൊട്ടടുത്ത സമയം വരെ ആഗോളീകരണകാലത്തെ ഇസ്‌ലാമികമായ സമ്പദ്‌ വ്യവസ്ഥയെ കുറിച്ചായിരിക്കും അദ്ദേഹം സംസാരിച്ചിട്ടുണ്ടായിരിക്കുക. പിന്നെ ചര്‍ച്ച വര്‍ത്തമാനത്തിലേക്ക്‌ കടക്കും. അതെ, അറബി പണം കൊണ്ട്‌ മതപ്രവര്‍ത്തനം നടത്തുന്ന പുതിയ കാലത്ത്‌ ഞങ്ങള്‍ക്ക്‌ ഒരു നേതാവുണ്ടായിരുന്നു. അയാള്‍ വിധവകള്‍ക്ക്‌ ടൈലറിംങ്‌ മെഷിന്‍ വാങ്ങി കൊടുക്കുന്നതിനെ കുറിച്ച്‌ സംസാരിച്ചു. വെയില്‍കനക്കുമ്പോള്‍ എയര്‍ കണ്ടിഷണറുകളെ കുറിച്ച്‌ സംസാരിക്കുന്ന അരാഷ്‌ട്രീയ പണ്ഡിതനായിരുന്നില്ല, മറിച്ച്‌ തോടുകള്‍ വറ്റുന്നതിനെ കുറിച്ച്‌ ആശങ്കപ്പെടുകയും മരം നടണമെന്ന്‌ പ്രസംഗിക്കുകയും ചെയ്‌ത പച്ച മനുഷ്യനായിരുന്നു അബൂബക്കര്‍ കാരക്കുന്ന്‌. അബൂബക്കര്‍ കാരക്കുന്ന്‌ പടച്ചവന്റെ വിളിക്ക്‌ ഉത്തരം നല്‌കി വിടപറഞ്ഞിരിക്കുകയാണ്‌. ചരിത്രപരമായ ഒരു ദൗത്യം കേരളത്തിലെ യുവജനപ്രസ്ഥാനങ്ങള്‍ക്ക്‌ നിര്‍വഹിക്കാനുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍ ബാക്കി വെച്ച്‌ കൊണ്ട്‌ ഒരു മടക്കയാത്ര.
ഞങ്ങള്‍ക്ക്‌ ഒരു കാരക്കുന്നുണ്ടായിരുന്നു. ജനതയുടെ ആവശ്യങ്ങളുടെ പരിഹാരംപ്രസ്ഥാനത്തിന്റെ അജണ്ട നിശ്ചയിക്കണമെന്ന്‌ കാരക്കുന്ന്‌ ആഗ്രഹിച്ചിരുന്നുവെന്ന്‌ തോന്നുന്നു.രാത്രിയില്‍ വര്‍ത്തമാനം ബ്യൂറോയില്‍ കയറിവരുകയുംസൗഹൃദം പങ്കിടുകയും,പച്ചക്കറി മാര്‍ക്കറ്റിലേക്കുള്ള വഴിയില്‍ നിന്ന്‌ വര്‍ത്തമാനം പറയുകയും ചെയ്‌ത ഞങ്ങളുടെപ്രിയപ്പെട്ട കാക്കു. വാക്കുകള്‍ കൊണ്ട്‌ വേദനിപ്പിക്കാതിരിക്കുകയും, ഒരു പാട്‌പ്രോത്സാഹിപ്പിക്കുകയും, ഏറെ തവണ ഗുഡ്‌ എന്ന്‌ പറയുകയും ചെയ്‌ത നിറഞ്ഞ പുഞ്ചിരി.(ആ പുഞ്ചിരിക്ക്‌ നമ്മള്‍ പകരം നല്‌കിയത്‌ എന്തായിരുന്നു എന്ന്‌ ഓരോരുത്തരും സ്വയംചോദിക്കണം) ഈ ലോകത്ത്‌ ജീവിക്കുന്നതിന്‌ പടച്ചവന്‌ നമ്മള്‍ നല്‌കുന്ന വാടകയാണ്‌സദ്‌കര്‍മങ്ങള്‍ എന്ന്‌ തമാശ പറയാന്‍ കഴിഞ്ഞ നേതാവ്‌. പണം അജണ്ട നിശ്ചയിക്കുന്ന വല്ലാത്ത കാലത്ത്‌ പണമില്ലാത്തവന്‍ നിവൃത്തിയില്ലാത്തവനാകുന്നു. അപ്പോള്‍ അദ്ദേഹം വിശാലമായ ഖജാനകളുള്ള പടച്ചവന്റെയടുത്തേക്ക്‌ യാത്രയായിരിക്കുന്നു.



അബൂബക്കര്‍ സാഹിബ്‌, സലാം.
































































No comments:

Post a Comment