Tuesday, March 27, 2012

അഞ്ചാം മന്ത്രിസ്ഥാനം ഔദാര്യമല്ല

http://varthamanam.com/index.php/editorial/11251-2012-03-26-16-41-36

38 എം എല്‍ എമാരുണ്ടെങ്കില്‍ 10 മന്ത്രിമാരും 20 എം എല്‍ എമാരുണ്ടെങ്കില്‍ 4 മന്ത്രിമാരുമെന്നതാണ് ഇപ്പോഴത്തെ ന്യായം. ഇതെവിടുത്തെ ന്യായമാണെന്നാണ് മുസ്‌ലിം ലീഗിന്റെ സാധാരണ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ഒരു എം എല്‍ എയുള്ള പാര്‍ട്ടിക്ക് പോലും മന്ത്രി സ്ഥാനം കൊടുക്കുന്നത് മുന്നണി മര്യാദയാണെന്ന് വിശ്വസിക്കുന്നവരാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍. എന്നാല്‍ 20 എം എല്‍ എമാര്‍ ഉണ്ടായിട്ടും,

മുന്നണിയില്‍ നിന്ന് ഉറപ്പു ലഭിച്ചുവെന്ന് അറിയിച്ചിട്ടും അഞ്ചാം മന്ത്രി സ്ഥാനം പിറവത്തിനും, നെയ്യാറ്റിന്‍കരക്കും, അതിനു ശേഷം വരുന്ന ഉപതെരഞ്ഞെടുപ്പിനും, പിന്നീട് വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനും ശേഷം തരാമെന്ന നടക്കാത്ത വാഗ്ദാനത്തില്‍ എന്തര്‍ഥമാണുള്ളത് എന്ന് മാത്രമേ മുസ്‌ലിം ലീഗിന്റെ സാധാരണ പ്രവര്‍ത്തകര്‍ മലപ്പുറത്ത് നിന്ന് ചോദിക്കുന്നുള്ളൂ.
മഞ്ഞളാംകുഴി അലിക്ക് നല്കുന്ന സ്‌നേഹസമ്മാനമല്ല അഞ്ചാം മന്ത്രി സ്ഥാനം. മറിച്ച് രണ്ട് തവണ എം എല്‍ എയായിരിക്കുകയും, മൂന്നാം തവണയവും നിയമസഭയില്‍ അംഗമായിരിക്കുകയും ചെയ്ത നിയമസഭാസാമാജികന് അദ്ദേഹത്തിന്റെ സീനിയോറിറ്റി പരിഗണിച്ചും, ജനവികാരം മാനിച്ചും നല്‌കേണ്ട ഒന്ന് മാത്രമാണ് മന്ത്രിസഭാ പദവി. മികച്ച എം എല്‍ എയായി കഴിവ് തെളിയിച്ച, മുന്നണിയിലെ രണ്ടാം കക്ഷിയുടെ പ്രതിനിധിക്ക് സ്വാഭാവികമായും നല്കാവുന്ന ഒന്നാണ് മന്ത്രി പദവി.
മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രിയെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറയുകയുണ്ടായി. എന്‍ എസ് എസ് കേരളത്തിലെ രാഷ്ട്രീയത്തില്‍ ഇടപെടുന്നുവെന്ന് ഇന്നലെ പിണറായി വിജയനും പറയുകയുണ്ടായി. പെരുന്നയിലിരുന്ന് കല്പിക്കുന്നതിനനുസരിച്ചാണ് കെ പി സി സി പ്രസിഡന്റ് ചലിക്കുന്നതെന്ന ദുഷ്പ്രചാരണത്തിന് തന്റെ വാക്കുകള്‍ കൊണ്ടും നീക്കങ്ങള്‍ കൊണ്ടും രമേശ് അടിവരയിടുമ്പോള്‍ നഷ്ടപ്പെടുന്നത് മുസ്‌ലിം ലീഗിന്റെ കേവലമായ അധികമന്ത്രി മോഹമല്ല, മറിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സെക്യുലര്‍ ക്രെഡിബിലിറ്റി കൂടിയാണ് എന്ന് ചെന്നത്തല രമേശ് അവര്‍കള്‍ ഓര്‍ക്കണം.
മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രി അനൂപ് ജേക്കബിനൊപ്പം സത്യപ്രതിജ്ഞ ചെയ്യുമോ എന്ന മാധ്യമ ചര്‍ച്ച സജീവമായപ്പോഴേക്കും, നെയ്യാറ്റിന്‍കരയില്‍ നാടാര്‍ സമുദായത്തിന്റെ സമരവേദി ഉയര്‍ന്നു കഴിഞ്ഞു. യു ഡി എഫ് മന്ത്രിസഭയില്‍ ഒരു നാടാര്‍ മന്ത്രി എന്ന ആവശ്യമാണ് നാടാര്‍ സമുദായ നേതൃത്വം ഉന്നയിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കരയില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി തോറ്റാലും, ജയിച്ചാലും അത് ഭരണത്തെ ബാധിക്കില്ല. നെയ്യാറ്റിന്‍കര പിടിച്ചാല്‍ അത് യു ഡി എഫിന് നേട്ടമാണ് താനും. എന്നാല്‍ നെയ്യാറ്റിന്‍കരയില്‍ യു ഡി എഫ് ജയിച്ചാല്‍ ആ എം എല്‍ എക്കോ, അല്ലെങ്കില്‍ ഇപ്പോഴത്തെ ഡപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തനോ മന്ത്രി സ്ഥാനം നല്കണമെന്ന ആവശ്യമാണ് നാടാര്‍ സമുദായം ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്ത്.
നാടാര്‍ സമുദായത്തിന്റെ ഈ ആവശ്യം അന്യായമാണെന്ന് പറയുന്നില്ല. ജനാധിപത്യ സമൂഹത്തില്‍ നാടാന്‍മാര്‍ക്കും അര്‍ഹമായത് നല്കണം. കെ പി സി സിയുടെ പ്രസിഡന്റ് പദവിയിലേക്കോ, പാര്‍ലമെന്റിലേക്കോ, മന്ത്രി സഭയിലേക്കോ ഒരു നാടാര്‍ സമുദായ അംഗം എത്തുന്നതില്‍ ആരും എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടതുമല്ല.
എന്നാല്‍ നാടാര്‍ സമുദായത്തിന് നെയ്യാറ്റിന്‍കര മുന്നില്‍ നിര്‍ത്തി മന്ത്രി സ്ഥാനം ചോദിക്കുമ്പോള്‍ ഫലത്തില്‍ ഉയരുന്നത് കോണ്‍ഗ്രസിന് ഒരു മന്ത്രി സ്ഥാനം കൂടി വേണമെന്ന ആവശ്യമാണ്. അതായത് മുസ്‌ലിം ലീഗിന് ഒരു മന്ത്രിയെ കൂടി നല്കുന്നതിനെക്കാള്‍ അനിവാര്യം സാമുദായിക സന്തുലനം പാലിക്കാന്‍ കോണ്‍ഗ്രസിലൂടെ ഒരു മന്ത്രി കൂടി വരണമെന്ന ആവശ്യം. നെയ്യാറ്റിന്‍കര കാണിച്ച് യു ഡി എഫ് യോഗത്തില്‍ മുസ്‌ലിം ലീഗിനെ പേടിപ്പിച്ചു നിര്‍ത്താനുള്ള നീക്കമാണത്.
മഞ്ഞളാംകുഴി അലി കൂടി മന്ത്രിയാകുന്നതോടെ കേരളത്തിലെ എക്കാലത്തെയും വലിയ ജംബോ മന്ത്രിസഭയായി ഉമ്മന്‍ചാണ്ടി നേതൃത്വം നല്കുന്ന യു ഡി എഫ് മന്ത്രിസഭ മാറും. അത് കേരളീയ സമൂഹത്തില്‍ യു ഡി എഫിന്റെ പ്രതിഛായയെ ബാധിക്കും. ആ സാഹചര്യത്തില്‍ മന്ത്രി സഭയിലേക്ക് 20ല്‍ കൂടുതല്‍ ആളെ പ്രവേശിപ്പിക്കില്ലെന്ന് കോണ്‍ഗ്രസിന് നിലപാടെടുക്കാം. അങ്ങനെ കോണ്‍ഗ്രസ് നിലപാട് എടുത്താലും, യു ഡി എഫിനെ തകര്‍ത്ത് കേരളത്തില്‍ ഭരണഅസ്ഥിരത സൃഷ്ടിക്കാന്‍ മുസ്‌ലിം ലീഗ് തയ്യാറാവില്ലെന്നും കോണ്‍ഗ്രസിന് ബോധ്യമുണ്ട്.
മന്ത്രിസഭാ വികസനം സാധ്യമല്ലെന്ന് തറപ്പിച്ചു പറയുകയാണെങ്കില്‍ വരാനിരിക്കുന്ന രാജ്യസഭാ സീറ്റുകളുടെ വീതം വെപ്പിനെ കുറിച്ചെങ്കിലും അടുത്ത യു ഡി എഫ് യോഗത്തില്‍ ധാരണയാകണം. എങ്കില്‍ മാത്രമേ മുസ്‌ലിം ലീഗ് നേതൃത്ത്വത്തിന് അണികളെ സമാധാനിപ്പിക്കാനാവൂ. കാരണം മുസ്‌ലിം ലീഗിന്റെ രാജ്യസഭാ സീറ്റ് എ കെ ആന്റണിക്ക് ഒഴിഞ്ഞു കൊടുക്കാന്‍ ലീഗ് സന്മനസ്സ് കാണിച്ചത് കൊണ്ടാണ് ആന്റണി ഇന്ന് കേന്ദ്രപ്രതിരോധ മന്ത്രിയായിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രിയാകാന്‍ തിരൂരങ്ങാടിയില്‍ പാര്‍ട്ടി സീറ്റ് ദാനം നല്കിയ മുസ്‌ലിം ലീഗിന്റെ ഔദാര്യത്തില്‍ തന്നെയാണ് ആന്റണി പ്രതിരോധ മന്ത്രിയായി തുടരുന്നത്.
മുസ്‌ലിം ലീഗിന് പ്രധാനവകുപ്പുകള്‍ നല്കിയെന്ന ആരോപണം യു ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റയുട നെ ഉണ്ടായതാണ്. പ്രധാനപാര്‍ട്ടിക്ക് പ്രധാന വകുപ്പുകള്‍ നല്കുന്നത് സാധാരണയാണ്. ആ വകുപ്പുകളില്‍ മന്ത്രിമാരുടെ നിലപാടുകള്‍ക്ക് അനുസരിച്ച് ഭരണം നടക്കുന്നതും സ്വാഭാവികമാണ്. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കോട്ടയം എം ജി സര്‍വകലാശാല സിന്‍ഡിക്കേറ്റിലേക്ക് എം എസ് എഫ് പ്രതിനിധിയെ തെരഞ്ഞെടുത്തപ്പോഴേക്ക് അത് തെറ്റാണെന്ന് ചില യൂത്ത് നേതാക്കള്‍ പ്രസ്താവനയിറക്കിയിരുന്നു. എം കെ മുനീറിന്റെ പഞ്ചായത്ത് വകുപ്പ് ജില്ലാ വികസന സമിതികളിലേക്ക് സര്‍ക്കാര്‍ പ്രതിനിധികളെ നോമിനേറ്റ് ചെയ്തപ്പോള്‍ ദേ, എല്ലാവരും ലീഗുകാരാണ് എന്ന പരാതിയും ഉയരുകയുണ്ടായി. വൈദ്യുതി വകുപ്പിലും, സാംസ്‌കാരിക വകുപ്പിലും, ടൂറിസം വകുപ്പിലും നിയമനങ്ങള്‍ നടക്കുമ്പോള്‍ എല്ലാവരും കോണ്‍ഗ്രസ് അനുഭാവികളായതില്‍ മുസ്‌ലിം ലീഗുകാര്‍ പ്രതിഷേധിക്കാത്തതു പോലെ ലീഗ് വകുപ്പുകളില്‍ വല്ലതും നടക്കുമ്പോള്‍ കോണ്‍ഗ്രസുകാരും പ്രതിഷേധിക്കാതെ മുന്നണി മര്യാദ കാത്തു സൂക്ഷിക്കണം. മുസ്‌ലിം ലീഗിന് രണ്ട് രാജ്യസഭാ സീറ്റിന് അര്‍ഹതയുണ്ട്. എം എല്‍ എമാര്‍ കുറവായ സമയത്ത് ഉള്ള സീറ്റ് ആന്റണിക്ക് ദാനം നല്കിയതിന്റെ പ്രത്യുപകാരമായി കോണ്‍ഗ്രസ് ഒരു സീറ്റ് കൂടി ലീഗിന് നല്കാന്‍ തയ്യാറായാല്‍ ഭാവിയില്‍ മുസ്‌ലിം ലീഗിന് മൂന്ന് രാജ്യസഭാ എം പി മാര്‍ ഉണ്ടാകും.
ശക്തമായ ജനകീയ പിന്തുണയുള്ള മുസ്‌ലിം ലീഗിന് ഇപ്പോള്‍ ലഭിച്ചതിനെക്കാള്‍ ലഭിക്കാന്‍ ന്യായമായും അര്‍ഹതയുണ്ട്. നെയ്യാറ്റിന്‍കരയല്ല കേരളം. ലീഗിന്റെ പിന്തുണയില്ലെങ്കില്‍ ആലപ്പുഴക്കിപ്പുറം വടക്കോട്ട് പത്ത് എം എല്‍ എമാരെ പോലും ജയിപ്പിക്കാന്‍ ത്രാണിയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഒരു മുന്നണി ബന്ധത്തിന്റെ കരുത്തിലാണ് ഇപ്പോള്‍ 38 എം എല്‍ എമാരെങ്കിലും കോണ്‍ഗ്രസിന് ഉണ്ടായത്. ഈ മുന്നണി തകര്‍ന്നാല്‍ കേരളത്തില്‍ 20 എം എല്‍ എമാരെ ഉണ്ടാക്കാന്‍ പോലും കോണ്‍ഗ്രസിന് സാധിക്കണമെന്നില്ല. മുന്നണിയില്ലെങ്കില്‍ കേരളത്തില്‍ മുസ്‌ലിം ലീഗിനും അധികാരപങ്കാളിത്തമുണ്ടാകില്ല.
പെരുന്നിലിരിക്കുന്നവര്‍ക്ക് കല്പിക്കാന്‍ അധികാരമുണ്ട്. അനുയായികള്‍ക്ക് അത് അനുസരിക്കാനും ബാധ്യതയുണ്ട്. എന്‍ എസ് എസിന്റെയോ, എസ് എന്‍ ഡി പിയുടെയോ, ധീവരസഭയുടെയോ ആവശ്യങ്ങളെയും, അവകാശങ്ങളെയും തള്ളിക്കളയണമെന്ന് പറയുന്നില്ല. സമുദായ സംഘടനകള്‍ വിലപേശുകയും, നിലപാട് സ്വീകരിക്കുകയും, വെല്ലുവിളിക്കുകയും, അടവുതന്ത്രം പയറ്റുകയും ചെയ്തുകൊള്ളട്ടെ. എന്നാല്‍ കേരള രാഷ്ട്രീയം ഏതെങ്കിലും ജാതി സംഘടനക്ക് നിയന്ത്രിക്കാന്‍ സാധിക്കും വിധം ദുര്‍ബലമകുന്നത് അപകടമാണ്.

No comments:

Post a Comment