Wednesday, March 30, 2011

മരം നടീല്‍ വാരം
നല്ല വെയിലാണ്. പുറത്തിറങ്ങിയാല്‍ ചുട്ടു പൊള്ളുന്നു. ഒരു മരത്തിന്റെ തണല്‍ ലഭിച്ചാല്‍ എന്ന് ആഗ്രഹിക്കും, വെയിലത്ത്. എ സി മുറിയില്‍ ഇരിക്കാന്‍ ഭാഗ്യം ലഭിക്കാത്തവര്‍ക്ക്, ദാഹിക്കുന്ന മണ്ണിന്റെ മക്കള്‍ക്ക് വേണ്ടി ഈ ലേഖനം പുനപ്രസിദ്ധീകരിക്കുകയാണ്. പത്ത് വര്‍ഷങ്ങള്‍ക്ക് അന്നത്തെ ഐ എസ് എം സംസ്ഥാന പ്രസിഡന്റ്അബൂബക്കര്‍ കാരക്കുന്ന് എഴുതിയതാണ് ഈ ലേഖനം. ഇപ്പോഴും പ്രസക്തമായ കാര്യങ്ങള്‍.
മുജാഹിദ് പ്രസ്ഥാനത്തില്‍ ഭിന്നിപ്പിന്റെ കാരണങ്ങളില്‍ ഒന്നു കൂടിയായി മാറിയ ഈ ലേഖനം വീണ്ടും വായിക്കുമ്പോള്‍ മുജാഹിദ് പ്രവര്‍ത്തകരേ, ഓര്‍ക്കുക, പഴയ കാംപയിനുകള്‍ കൂടുതല്‍ ആവേശത്തോടെ ഏറ്റെടക്കേണ്ട സന്ദര്‍ഭമാണിത്. മരം നടേണ്ടത് അതിനെ പ്രോത്സാഹിപ്പിക്കേണ്ടത് മുജാഹിദുകളുടെ ഉത്തരവാദിത്തമാണ്. നേതൃത്വങ്ങളെ പലതും ഓര്‍മ്മിപ്പിക്കും ഈ ലേഖനം. മരം നടീല്‍ കാംപയ്ന്‍ പുനരാരംഭിക്കാന്‍ പ്രവര്‍ത്തകര്‍ സ്വയം ശ്രമിക്കുക. ഒരു ചീരവിത്തെറിഞ്ഞെങ്കിലും ഓരോ നാട്ടിലും, വീട്ടിലും ഈ വര്‍ഷം കാംപയ്ന്‍ സജീവമാക്കണം.
അബൂബക്കര്‍ കാരക്കുന്നിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രാര്‍ഥനയോടെ.

മരം നടീല്‍ വാരം
വൃക്ഷത്തൈ പച്ചപ്പിന്റെ സ്രോതസ്സാണ്. നന്മകളുടെ ഉറവിടമാണ്. ജീവന്റെ കുറിമാനമാണ്. ഈ മണ്ണില്‍ ജീവന്റെ അങ്കുരം സ്ഥാപിക്കണമെന്നത് വിശ്വാസികളോടുള്ള ആഹ്വാനമാണ്.
മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും പ്രയോജനം ലഭിക്കുന്ന എല്ലാ സദ്പ്രവര്‍ത്തനങ്ങളും നടത്തേണ്ടത് വിശ്വാസികളാണ്. ഭൂമിയില്‍ അല്ലാഹുവിനോടും അവന്റെ സൃഷ്ടികളോടുമുള്ള കടപ്പാട് നിര്‍വഹിക്കുക മതത്തിന്റെ പ്രധാന തേട്ടമാണ്. ചെടിയും വൃക്ഷത്തൈയും നട്ടുപിടിപ്പിക്കാന്‍ പ്രേരണ നല്കുന്ന അനേകം നബിവചനങ്ങളുണ്ട്. എല്ലാറ്റിലും ഊന്നിപറയുന്നത് മുസ്‌ലിംകളാണ് അത് ചെയ്യേണ്ടത് എന്നാണ്.
നട്ടുപിടിപ്പിക്കുക, പരിചരിക്കുക എന്നതാണ് വിശ്വാസിയില്‍ അര്‍പ്പിതമായ ബാധ്യത, അതില്‍ നിന്നു ജീവികള്‍ ഭക്ഷിക്കുന്നത്, അതുവെച്ചു പിടിപ്പിച്ച ആള്‍ക്കുള്ള ദാനമായി മാറുന്നു. ഭക്ഷിക്കുന്നത് മനുഷ്യനായാലും പക്ഷിയായാലും, മൃഗമായാലും ശരി. ജീവന്റെ ഒരു തുടിപ്പാണ് വിശ്വാസി മണ്ണില്‍ പൊതിഞ്ഞത്. അതനുഭവിക്കുന്നത് ജീവന്റെ മറ്റു ചില തുടിപ്പുകള്‍. അതയാള്‍ക്കു പ്രതിഫലാര്‍ഹമാകുന്നു. ഇതാണ് മതത്തിന്റെ പാഠം. സത്യവിശ്വാസത്തിന്റെ അനിവാര്യ താത്പര്യമാണ് സദ്കര്‍മ്മം. സദ്കര്‍മ്മങ്ങളില്‍ ഒന്നത്രേ ഇത്.
ഒരു ഹദീസില്‍ ലോകാവസാനം ആസന്നമായെന്നു ബോധ്യമായാലും മുസ്‌ലിം വൃക്ഷത്തൈ വെച്ചു പിടിപ്പിക്കണമെന്നുണ്ട്. അയാള്‍ക്കതു പ്രതിഫലാര്‍ഹമാണെന്നതു തന്നെ കാരണം.
ലോകം അവസാനിക്കാനിരിക്കെ, തനിക്കു വേണ്ടി തന്നെ എന്നാണുത്തരം. ഹദീസുകളിലെ പ്രയോഗങ്ങളില്‍ നിന്ന് മരം എന്ന ദാനത്തെയും വരത്തെയും കുറിച്ച് നാം കൂടുതല്‍ അറിയുന്നു.
പിന്‍ഗാമികള്‍ക്കു വേണ്ടി ഓരോരുത്തര്‍ക്കും ചെയ്യാന്‍ കഴിയുന്ന പ്രയാസ രഹിതമായ പ്രവര്‍ത്തികളില്‍ ഒന്നാണ് മരത്തൈ നടുക എന്നത്. അത് ജീവന്റെ ഒരു കണികയാണ്. അനേക ജീവികള്‍ക്ക് സജീവത പകരുന്നു. ചൂഷണത്തിനും ഭൂഷണത്തിനും വേണ്ടി ദുരുപയോഗപ്പെടുത്താതെ ഈ ഭൂമിയെ അടുത്ത തലമുറക്ക് വേണ്ടി ആവാസയോഗ്യമായി കൈമാറാന്‍ ഓരോ വിശ്വാസിയും ബാധ്യസ്ഥനാണ്. തന്റെ പരലോക വിജയത്തിന് വേണ്ടി സദ്കര്‍മങ്ങള്‍ ചെയ്യാന്‍ ബാധ്യസ്ഥനായ വിശ്വാസി വരുംതലമുറക്ക് വേണ്ടി സാധ്യമാവുന്നത്ര ചെയ്യാന്‍ ശാസിക്കപ്പെട്ടിരിക്കുന്നത് അപ്പോള്‍ മാത്രമാണ്. മരത്തെ നട്ടുപിടിപ്പിക്കുമ്പോള്‍ അത് ഒരേ സമയം വരവും ദാനവും ആയിത്തീരുന്നത് അങ്ങനെയാണ്. കര്‍മ്മനിരതമായ മുസ്ലിം ദാനനിരതനാവുകയാണ്. അയാള്‍ തനിക്കാവുന്നത് നല്കുകയും അത് മുഖേനെ പ്രതിഫലം നേടുകയുമാണ്. തനിക്കോ തന്റെ മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഈ ഭൂമിയില്‍ മറ്റാര്‍ക്കെങ്കിലോ ഉപകരിക്കുകയില്ലെന്ന് ബോധ്യമായാലും മുസ്‌ലിം തന്റെ കൈയിലുള്ള ചെടിത്തലപ്പ് മണ്ണില്‍ നടണം. അതു വേര് പിടിക്കട്ടെ. അതിനു തണ്ടും ഇലയും ഉണ്ടാവട്ടെ. പൂവും ഫലങ്ങളും പൊഴിക്കട്ടെ. ആ ചെടിത്തൈ അല്ലാഹുവിന്റെ മഹത്വം വാഴ്ത്തുകയെങ്കിലും ചെയ്യുമല്ലോ. ഇസ്‌ലാമിന്റെ ജീവിത വീക്ഷണവും മുസ്‌ലിമിനെ നയിക്കേണ്ട കാഴ്ചപ്പാടും കെട്ടിക്കുടുക്കില്ലാത്തതാണ്.
ഒരു മരത്തൈ നടുമ്പോള്‍ നാം അടുത്ത തലമുറയുടെ പിറവിയില്‍ ഭാഗഭാഗാക്കാവുകയാണ്. നാളേക്ക് വേണ്ടി എന്ന പോലെ നാളത്തെ തലമുറക്ക് വേണ്ടിയും. തലമുറകളെ പാകപ്പെടുത്തുന്നതില്‍ സാധ്യമാവുന്ന സംഭാവനയര്‍പ്പിക്കേണ്ട വിശ്വാസി മരത്തൈ നടുന്നതിലൂടെ മനുഷ്യസമൂഹത്തെയാണ് കരുപിടിപ്പിക്കുന്നത്. മഴ പെയ്ത്, സമൃദ്ധമായ സന്ദര്‍ഭത്തിലാണ് നടലും, പാകലുമൊക്കെ നിര്‍വഹിക്കേണ്ടത്. അതേ, ചെടി നടേണ്ടത് ഇപ്പോഴാണ്.
ഒരു ചെടിത്തൈ എങ്കിലും നട്ടു പിടിപ്പിക്കുന്നവര്‍ക്കേ ഒരു മിണ്ടാ പ്രാണിക്കെങ്കിലും ദാഹജലം നല്കുവാനും മനുഷ്യന്റെ വിശപ്പിന്റെ വിളി കേള്‍ക്കുവാനുമുള്ള സന്മനസ്സുണ്ടാകൂ. മനസ്സില്‍ സ്‌നേഹത്തിന്റെ ഉറവ വറ്റിയിട്ടില്ലെങ്കിലേ മനുഷ്യന്റെയും മൃഗങ്ങളുടെയും മറ്റു ജീവികളുടെയു ദാഹത്തിന്റെ വിളികേള്‍ക്കൂ.
വരണ്ടുണങ്ങിയ മരുഭൂമനസ്സില്‍ ഫലം ചെയ്യില്ല, വേരു പിടിക്കില്ല,. അവിടെ മുള്‍ച്ചെടിക്കു മാത്രമേ സ്ഥാനമുള്ളൂ. മരത്തൈ വെച്ചു പിടിപ്പിക്കുന്നത് ഒരു വരദാനമാണെന്നും നട്ടുപിടിപ്പിക്കേണ്ടത് ഇപ്പോള്‍ തന്നെയാണെന്നും പറയുന്നത് അത് കൊണ്ടാണ്‌

2 comments:

  1. ഓരോ നാട്ടിലും, വീട്ടിലും ഈ വര്‍ഷം കാംപയ്ന്‍ സജീവമാക്കണം.

    ReplyDelete
  2. good post
    publish your blog to more people

    ReplyDelete