Tuesday, March 27, 2012

അഞ്ചാം മന്ത്രിസ്ഥാനം ഔദാര്യമല്ല

http://varthamanam.com/index.php/editorial/11251-2012-03-26-16-41-36

38 എം എല്‍ എമാരുണ്ടെങ്കില്‍ 10 മന്ത്രിമാരും 20 എം എല്‍ എമാരുണ്ടെങ്കില്‍ 4 മന്ത്രിമാരുമെന്നതാണ് ഇപ്പോഴത്തെ ന്യായം. ഇതെവിടുത്തെ ന്യായമാണെന്നാണ് മുസ്‌ലിം ലീഗിന്റെ സാധാരണ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ഒരു എം എല്‍ എയുള്ള പാര്‍ട്ടിക്ക് പോലും മന്ത്രി സ്ഥാനം കൊടുക്കുന്നത് മുന്നണി മര്യാദയാണെന്ന് വിശ്വസിക്കുന്നവരാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍. എന്നാല്‍ 20 എം എല്‍ എമാര്‍ ഉണ്ടായിട്ടും,

മുന്നണിയില്‍ നിന്ന് ഉറപ്പു ലഭിച്ചുവെന്ന് അറിയിച്ചിട്ടും അഞ്ചാം മന്ത്രി സ്ഥാനം പിറവത്തിനും, നെയ്യാറ്റിന്‍കരക്കും, അതിനു ശേഷം വരുന്ന ഉപതെരഞ്ഞെടുപ്പിനും, പിന്നീട് വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനും ശേഷം തരാമെന്ന നടക്കാത്ത വാഗ്ദാനത്തില്‍ എന്തര്‍ഥമാണുള്ളത് എന്ന് മാത്രമേ മുസ്‌ലിം ലീഗിന്റെ സാധാരണ പ്രവര്‍ത്തകര്‍ മലപ്പുറത്ത് നിന്ന് ചോദിക്കുന്നുള്ളൂ.
മഞ്ഞളാംകുഴി അലിക്ക് നല്കുന്ന സ്‌നേഹസമ്മാനമല്ല അഞ്ചാം മന്ത്രി സ്ഥാനം. മറിച്ച് രണ്ട് തവണ എം എല്‍ എയായിരിക്കുകയും, മൂന്നാം തവണയവും നിയമസഭയില്‍ അംഗമായിരിക്കുകയും ചെയ്ത നിയമസഭാസാമാജികന് അദ്ദേഹത്തിന്റെ സീനിയോറിറ്റി പരിഗണിച്ചും, ജനവികാരം മാനിച്ചും നല്‌കേണ്ട ഒന്ന് മാത്രമാണ് മന്ത്രിസഭാ പദവി. മികച്ച എം എല്‍ എയായി കഴിവ് തെളിയിച്ച, മുന്നണിയിലെ രണ്ടാം കക്ഷിയുടെ പ്രതിനിധിക്ക് സ്വാഭാവികമായും നല്കാവുന്ന ഒന്നാണ് മന്ത്രി പദവി.
മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രിയെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറയുകയുണ്ടായി. എന്‍ എസ് എസ് കേരളത്തിലെ രാഷ്ട്രീയത്തില്‍ ഇടപെടുന്നുവെന്ന് ഇന്നലെ പിണറായി വിജയനും പറയുകയുണ്ടായി. പെരുന്നയിലിരുന്ന് കല്പിക്കുന്നതിനനുസരിച്ചാണ് കെ പി സി സി പ്രസിഡന്റ് ചലിക്കുന്നതെന്ന ദുഷ്പ്രചാരണത്തിന് തന്റെ വാക്കുകള്‍ കൊണ്ടും നീക്കങ്ങള്‍ കൊണ്ടും രമേശ് അടിവരയിടുമ്പോള്‍ നഷ്ടപ്പെടുന്നത് മുസ്‌ലിം ലീഗിന്റെ കേവലമായ അധികമന്ത്രി മോഹമല്ല, മറിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സെക്യുലര്‍ ക്രെഡിബിലിറ്റി കൂടിയാണ് എന്ന് ചെന്നത്തല രമേശ് അവര്‍കള്‍ ഓര്‍ക്കണം.
മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രി അനൂപ് ജേക്കബിനൊപ്പം സത്യപ്രതിജ്ഞ ചെയ്യുമോ എന്ന മാധ്യമ ചര്‍ച്ച സജീവമായപ്പോഴേക്കും, നെയ്യാറ്റിന്‍കരയില്‍ നാടാര്‍ സമുദായത്തിന്റെ സമരവേദി ഉയര്‍ന്നു കഴിഞ്ഞു. യു ഡി എഫ് മന്ത്രിസഭയില്‍ ഒരു നാടാര്‍ മന്ത്രി എന്ന ആവശ്യമാണ് നാടാര്‍ സമുദായ നേതൃത്വം ഉന്നയിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കരയില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി തോറ്റാലും, ജയിച്ചാലും അത് ഭരണത്തെ ബാധിക്കില്ല. നെയ്യാറ്റിന്‍കര പിടിച്ചാല്‍ അത് യു ഡി എഫിന് നേട്ടമാണ് താനും. എന്നാല്‍ നെയ്യാറ്റിന്‍കരയില്‍ യു ഡി എഫ് ജയിച്ചാല്‍ ആ എം എല്‍ എക്കോ, അല്ലെങ്കില്‍ ഇപ്പോഴത്തെ ഡപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തനോ മന്ത്രി സ്ഥാനം നല്കണമെന്ന ആവശ്യമാണ് നാടാര്‍ സമുദായം ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്ത്.
നാടാര്‍ സമുദായത്തിന്റെ ഈ ആവശ്യം അന്യായമാണെന്ന് പറയുന്നില്ല. ജനാധിപത്യ സമൂഹത്തില്‍ നാടാന്‍മാര്‍ക്കും അര്‍ഹമായത് നല്കണം. കെ പി സി സിയുടെ പ്രസിഡന്റ് പദവിയിലേക്കോ, പാര്‍ലമെന്റിലേക്കോ, മന്ത്രി സഭയിലേക്കോ ഒരു നാടാര്‍ സമുദായ അംഗം എത്തുന്നതില്‍ ആരും എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടതുമല്ല.
എന്നാല്‍ നാടാര്‍ സമുദായത്തിന് നെയ്യാറ്റിന്‍കര മുന്നില്‍ നിര്‍ത്തി മന്ത്രി സ്ഥാനം ചോദിക്കുമ്പോള്‍ ഫലത്തില്‍ ഉയരുന്നത് കോണ്‍ഗ്രസിന് ഒരു മന്ത്രി സ്ഥാനം കൂടി വേണമെന്ന ആവശ്യമാണ്. അതായത് മുസ്‌ലിം ലീഗിന് ഒരു മന്ത്രിയെ കൂടി നല്കുന്നതിനെക്കാള്‍ അനിവാര്യം സാമുദായിക സന്തുലനം പാലിക്കാന്‍ കോണ്‍ഗ്രസിലൂടെ ഒരു മന്ത്രി കൂടി വരണമെന്ന ആവശ്യം. നെയ്യാറ്റിന്‍കര കാണിച്ച് യു ഡി എഫ് യോഗത്തില്‍ മുസ്‌ലിം ലീഗിനെ പേടിപ്പിച്ചു നിര്‍ത്താനുള്ള നീക്കമാണത്.
മഞ്ഞളാംകുഴി അലി കൂടി മന്ത്രിയാകുന്നതോടെ കേരളത്തിലെ എക്കാലത്തെയും വലിയ ജംബോ മന്ത്രിസഭയായി ഉമ്മന്‍ചാണ്ടി നേതൃത്വം നല്കുന്ന യു ഡി എഫ് മന്ത്രിസഭ മാറും. അത് കേരളീയ സമൂഹത്തില്‍ യു ഡി എഫിന്റെ പ്രതിഛായയെ ബാധിക്കും. ആ സാഹചര്യത്തില്‍ മന്ത്രി സഭയിലേക്ക് 20ല്‍ കൂടുതല്‍ ആളെ പ്രവേശിപ്പിക്കില്ലെന്ന് കോണ്‍ഗ്രസിന് നിലപാടെടുക്കാം. അങ്ങനെ കോണ്‍ഗ്രസ് നിലപാട് എടുത്താലും, യു ഡി എഫിനെ തകര്‍ത്ത് കേരളത്തില്‍ ഭരണഅസ്ഥിരത സൃഷ്ടിക്കാന്‍ മുസ്‌ലിം ലീഗ് തയ്യാറാവില്ലെന്നും കോണ്‍ഗ്രസിന് ബോധ്യമുണ്ട്.
മന്ത്രിസഭാ വികസനം സാധ്യമല്ലെന്ന് തറപ്പിച്ചു പറയുകയാണെങ്കില്‍ വരാനിരിക്കുന്ന രാജ്യസഭാ സീറ്റുകളുടെ വീതം വെപ്പിനെ കുറിച്ചെങ്കിലും അടുത്ത യു ഡി എഫ് യോഗത്തില്‍ ധാരണയാകണം. എങ്കില്‍ മാത്രമേ മുസ്‌ലിം ലീഗ് നേതൃത്ത്വത്തിന് അണികളെ സമാധാനിപ്പിക്കാനാവൂ. കാരണം മുസ്‌ലിം ലീഗിന്റെ രാജ്യസഭാ സീറ്റ് എ കെ ആന്റണിക്ക് ഒഴിഞ്ഞു കൊടുക്കാന്‍ ലീഗ് സന്മനസ്സ് കാണിച്ചത് കൊണ്ടാണ് ആന്റണി ഇന്ന് കേന്ദ്രപ്രതിരോധ മന്ത്രിയായിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രിയാകാന്‍ തിരൂരങ്ങാടിയില്‍ പാര്‍ട്ടി സീറ്റ് ദാനം നല്കിയ മുസ്‌ലിം ലീഗിന്റെ ഔദാര്യത്തില്‍ തന്നെയാണ് ആന്റണി പ്രതിരോധ മന്ത്രിയായി തുടരുന്നത്.
മുസ്‌ലിം ലീഗിന് പ്രധാനവകുപ്പുകള്‍ നല്കിയെന്ന ആരോപണം യു ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റയുട നെ ഉണ്ടായതാണ്. പ്രധാനപാര്‍ട്ടിക്ക് പ്രധാന വകുപ്പുകള്‍ നല്കുന്നത് സാധാരണയാണ്. ആ വകുപ്പുകളില്‍ മന്ത്രിമാരുടെ നിലപാടുകള്‍ക്ക് അനുസരിച്ച് ഭരണം നടക്കുന്നതും സ്വാഭാവികമാണ്. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കോട്ടയം എം ജി സര്‍വകലാശാല സിന്‍ഡിക്കേറ്റിലേക്ക് എം എസ് എഫ് പ്രതിനിധിയെ തെരഞ്ഞെടുത്തപ്പോഴേക്ക് അത് തെറ്റാണെന്ന് ചില യൂത്ത് നേതാക്കള്‍ പ്രസ്താവനയിറക്കിയിരുന്നു. എം കെ മുനീറിന്റെ പഞ്ചായത്ത് വകുപ്പ് ജില്ലാ വികസന സമിതികളിലേക്ക് സര്‍ക്കാര്‍ പ്രതിനിധികളെ നോമിനേറ്റ് ചെയ്തപ്പോള്‍ ദേ, എല്ലാവരും ലീഗുകാരാണ് എന്ന പരാതിയും ഉയരുകയുണ്ടായി. വൈദ്യുതി വകുപ്പിലും, സാംസ്‌കാരിക വകുപ്പിലും, ടൂറിസം വകുപ്പിലും നിയമനങ്ങള്‍ നടക്കുമ്പോള്‍ എല്ലാവരും കോണ്‍ഗ്രസ് അനുഭാവികളായതില്‍ മുസ്‌ലിം ലീഗുകാര്‍ പ്രതിഷേധിക്കാത്തതു പോലെ ലീഗ് വകുപ്പുകളില്‍ വല്ലതും നടക്കുമ്പോള്‍ കോണ്‍ഗ്രസുകാരും പ്രതിഷേധിക്കാതെ മുന്നണി മര്യാദ കാത്തു സൂക്ഷിക്കണം. മുസ്‌ലിം ലീഗിന് രണ്ട് രാജ്യസഭാ സീറ്റിന് അര്‍ഹതയുണ്ട്. എം എല്‍ എമാര്‍ കുറവായ സമയത്ത് ഉള്ള സീറ്റ് ആന്റണിക്ക് ദാനം നല്കിയതിന്റെ പ്രത്യുപകാരമായി കോണ്‍ഗ്രസ് ഒരു സീറ്റ് കൂടി ലീഗിന് നല്കാന്‍ തയ്യാറായാല്‍ ഭാവിയില്‍ മുസ്‌ലിം ലീഗിന് മൂന്ന് രാജ്യസഭാ എം പി മാര്‍ ഉണ്ടാകും.
ശക്തമായ ജനകീയ പിന്തുണയുള്ള മുസ്‌ലിം ലീഗിന് ഇപ്പോള്‍ ലഭിച്ചതിനെക്കാള്‍ ലഭിക്കാന്‍ ന്യായമായും അര്‍ഹതയുണ്ട്. നെയ്യാറ്റിന്‍കരയല്ല കേരളം. ലീഗിന്റെ പിന്തുണയില്ലെങ്കില്‍ ആലപ്പുഴക്കിപ്പുറം വടക്കോട്ട് പത്ത് എം എല്‍ എമാരെ പോലും ജയിപ്പിക്കാന്‍ ത്രാണിയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഒരു മുന്നണി ബന്ധത്തിന്റെ കരുത്തിലാണ് ഇപ്പോള്‍ 38 എം എല്‍ എമാരെങ്കിലും കോണ്‍ഗ്രസിന് ഉണ്ടായത്. ഈ മുന്നണി തകര്‍ന്നാല്‍ കേരളത്തില്‍ 20 എം എല്‍ എമാരെ ഉണ്ടാക്കാന്‍ പോലും കോണ്‍ഗ്രസിന് സാധിക്കണമെന്നില്ല. മുന്നണിയില്ലെങ്കില്‍ കേരളത്തില്‍ മുസ്‌ലിം ലീഗിനും അധികാരപങ്കാളിത്തമുണ്ടാകില്ല.
പെരുന്നിലിരിക്കുന്നവര്‍ക്ക് കല്പിക്കാന്‍ അധികാരമുണ്ട്. അനുയായികള്‍ക്ക് അത് അനുസരിക്കാനും ബാധ്യതയുണ്ട്. എന്‍ എസ് എസിന്റെയോ, എസ് എന്‍ ഡി പിയുടെയോ, ധീവരസഭയുടെയോ ആവശ്യങ്ങളെയും, അവകാശങ്ങളെയും തള്ളിക്കളയണമെന്ന് പറയുന്നില്ല. സമുദായ സംഘടനകള്‍ വിലപേശുകയും, നിലപാട് സ്വീകരിക്കുകയും, വെല്ലുവിളിക്കുകയും, അടവുതന്ത്രം പയറ്റുകയും ചെയ്തുകൊള്ളട്ടെ. എന്നാല്‍ കേരള രാഷ്ട്രീയം ഏതെങ്കിലും ജാതി സംഘടനക്ക് നിയന്ത്രിക്കാന്‍ സാധിക്കും വിധം ദുര്‍ബലമകുന്നത് അപകടമാണ്.

Monday, January 2, 2012

Saturday, December 31, 2011

ആത്മീയഗുരു അത്തിക്കാട്ടുണ്ട്

original text at
http://www.varthamanam.com/index.php/45-news/news1editorial/4194-2011-12-14-18-09-47

http://www.varthamanam.com//
ആത്മീയഗുരു അത്തിക്കാട്ടുണ്ട്
www.varthamanam.com

ടി റിയാസ് മോന്‍

നിലമ്പൂരിനടുത്ത ചാലിയാര്‍ പഞ്ചായത്തിലെ അത്തിക്കാട്ട് വന്‍തോതില്‍ ഭൂമി വാങ്ങി അവിടെ ഒന്നിച്ച് വീട് വെച്ച് ഒരു സംഘം താമസിക്കുന്നുണ്ട്. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിലെ പിളര്‍പ്പിനെ തുടര്‍ന്ന് എ പി അബ്ദുല്‍ഖാദര്‍ മൗലവി പക്ഷത്ത് നില്ക്കുകയും, പിന്നീട് തങ്ങളുടെ പിഴച്ച വാദങ്ങള്‍ പൂര്‍ണ്ണമായും അവിടെ നടപ്പാക്കാനാകാത്തതില്‍ നിരാശ പൂണ്ട് സംഘടന വിടുകയും ചെയ്ത സുബൈര്‍ മങ്കടയാണ് ആ സംഘത്തിന്റെ നേതാവ്.

ലോകത്തെ ഏറ്റവും ദരിദ്രമായ രാഷട്രങ്ങളില്‍ ഒന്നാണ് യെമന്‍. അറബ്‌ലോകത്തെ പരമദരിദ്രമായ രാജ്യം. എന്നാല്‍ യെമനുമായി സുബൈര്‍ മങ്കടക്ക് വല്ലാത്ത അടുപ്പമാണ് ഉള്ളത്. യെമനില്‍ ആഭ്യന്തരയുദ്ധങ്ങളും, മുല്ലപ്പൂ വിപ്ലവവും ആരംഭിക്കുന്നതിന് മുമ്പ് സൂബൈര്‍ പക്ഷത്തെ പലരും യെമനിലേക്ക് യാത്രകള്‍ നടത്തിയിരുന്നു. ഇസ്‌ലാമികമായി ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ കേന്ദ്രം യെമന്‍ ആണെന്ന് അവര്‍ വാദിച്ചു. കേരളത്തില്‍ നിന്ന് കുറച്ചാളുകള്‍ യെമനിലേക്ക് ഹിജ്‌റ പോകുകയും ചെയ്തു. യെമനില്‍ നിന്ന് സമാനചിന്താഗതിക്കാരുടെ പ്രതിനിധികള്‍ കേരളം സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. മാറിയ സാഹചര്യത്തില്‍ യെമന്‍ ബന്ധങ്ങള്‍ അറ്റുകിടക്കുകയാണത്രേ. യെമനില്‍ കുടുങ്ങിക്കിടക്കുന്ന കുറച്ച് മലയാളികള്‍ ഇപ്പോഴുമുണ്ട്. വേണ്ടത്ര യാഥാസ്ഥിതികമാകാത്തതിനാല്‍ യെമന്‍ടീം ഇവരെ അവഗണിച്ചതാണെന്നും ശ്രുതിയുണ്ട്.

യെമനിലാണ് ഇസ്‌ലാമികമായി ജീവിക്കാന്‍ ഏറ്റവും അനുയോജ്യമെന്നാണ് ഈ വിഭാഗം വാദിക്കുന്നത്. യെമനില്‍ ഈ വിഭാഗത്തിന് സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് ചില സഹായങ്ങള്‍ ലഭിക്കുകയും, സര്‍ക്കാര്‍ ഈ വിഭാഗത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന സ്ഥീരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. യെമനിലെ പരിണാമം ബാധിച്ച ചില സലഫീഗ്രൂപ്പുകളുമായും ഈ വിഭാഗത്തിന് ബന്ധമുണ്ട്. (യെമനില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ കൂടി പിന്തുണയോടെ നടത്തിയ ജനകീയ പോരാട്ടങ്ങളെ ഒരു വിഭാഗം സലഫികള്‍ വിമര്‍ശിച്ചതിന്റെയും, അബ്ദുള്ള സാലിഹ് എന്ന യെമന്‍ രാഷ്ട്രനായകന് പിന്തുണ നല്കാന്‍ ഒരു വിഭാഗം സലഫികള്‍ തയ്യാറായതിന്റെയും പശ്ചാത്തലത്തെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു.) യെമനിനോടുള്ള സ്‌നേഹം വളര്‍ന്ന് കേരളത്തില്‍ ചിലര്‍ യെമനീ വസ്ത്രധാരണം സ്വീകരിക്കുക പോലുമുണ്ടായി. യെമനിലെ പണ്ഡിതന്മാരുടെ പ്രഭാഷണങ്ങള്‍ കേരളത്തില്‍ ഇന്റര്‍നെറ്റിലുടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു.

ആഗോള സലഫിസം എന്നും സലഫി മന്‍ഹജ് എന്നും തെറ്റിധരിപ്പിച്ചാണ് വികലവാദങ്ങള്‍ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തില്‍ അവതരിപ്പിക്കാന്‍ സുബൈര്‍ മങ്കട ശ്രമിച്ചത്. മുജാഹിദ് പ്രസ്ഥാനം പിളരുന്നതിന് മുമ്പായിരുന്നു അത്. ശക്തമായ പ്രതിരോധത്തെ തുടര്‍ന്ന് ആ നീക്കങ്ങള്‍ കേരളത്തില്‍ ജനപിന്തുണ നേടിയില്ല. ആഗോള സലഫിസം എന്ന പേരില്‍ ഇറക്കുമതി ചെയ്യപ്പെട്ട വികലവാദങ്ങള്‍ക്ക് അറബ്‌ലോകത്തു പോലും പിന്തുണ ലഭിക്കാതെ പോകുകയാണ്. സലഫിസത്തിന്റെ പേരില്‍ ഉയര്‍ത്തിയ വാദങ്ങള്‍ക്കെതിരെ സഊദി സലഫി പണ്ഡിതന്മാരില്‍ നിന്നു പോലും രൂക്ഷമായ എതിര്‍പ്പുകളാണ് നേരിടുന്നത്.

കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തില്‍ ഭിന്നിപ്പിന് വഴിമരുന്നിട്ട നാളുകളില്‍ സുബൈര്‍ മങ്കടയും, ടീമും ജിന്ന്-പിശാച്-സിഹ്‌റ് വിഷയത്തില്‍ ഗവേഷണവും ആരംഭിച്ചിരുന്നു. 2002ല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട പുസ്തകവും ഇവര്‍ പ്രസിദ്ധീകരിച്ചു. സുബൈര്‍ സംഘടന വിട്ടു പോയി. എന്നാല്‍ സുബൈര്‍ ഉയര്‍ത്തിയ അതേ ആശയങ്ങളാണ് പിന്നീട് സകരിയ്യ സ്വലാഹിയും സംഘവും സംഘടനക്ക് അകത്ത് ഉയര്‍ത്തിയത്. അപ്പോള്‍ സകരിയ്യയില്‍ നിന്ന് സുബൈറിലേക്കുള്ള ലിങ്കുകളും, ധാരണകളും കൂടുതല്‍ വ്യക്തമാകുകയാണ്. സംഘടന അനിവാര്യമോ അല്ലയോ എന്ന കാര്യത്തില്‍ മാത്രമാണ് സുബൈറുമായി അഭിപ്രായ വ്യത്യാസം ഉള്ളതെന്ന സകരിയ്യ പക്ഷത്തെ പണ്ഡിതന്റെ വെളിപ്പെടുത്തല്‍ ഇതോട് കൂട്ടി വായിക്കണം. സുബൈര്‍ മങ്കടയുമായി ബന്ധം സ്ഥാപിക്കാന്‍ ഇടക്കാലത്ത് സകരിയ്യ ശ്രമിച്ചിരുന്നുവെങ്കിലും നടന്നിട്ടില്ല. എങ്കിലും ആശയപരമായി ഇവര്‍ ഒന്നാണ്. സംഘടനയെ അംഗീകരിക്കുന്നു എന്നതാണ് സകരിയ്യയില്‍ സുബൈര്‍ കണ്ട ഏക കുറ്റം. മുജാഹിദ് പ്രസ്ഥാനത്തിലെ നവയാഥാസ്ഥിതിക ചേരിയുടെ പ്രസിഡന്റ് ടി പി അബ്ദുള്ളക്കോയ മദനി എടവണ്ണയില്‍ അവരുടെ സംസ്ഥാനകൗണ്‍സിലിനെ അഭിസംബോധന ചെയ്ത് കൊണ്ട് നടത്തിയ പ്രസംഗത്തിന്റെ അപഹാസ്യത കൂടി ഇവിടെ തിരിച്ചറിയണം. വാദങ്ങള്‍ പോയി പോയി എന്നാണ് ടി പി പറയുന്നത്. വാദങ്ങള്‍ തുടങ്ങിയിട്ടേ ഉള്ളൂ എന്നാണ് മനസ്സിലാക്കേണ്ടത്. സുബൈര്‍ മങ്കട 2002ല്‍ പറഞ്ഞത് തുടര്‍ന്ന് സകരിയ്യ സ്വലാഹി ഏറ്റു പിടിച്ചു എന്നത് മാത്രമാണ് സംഭവിച്ചത്. അത്തിക്കാട്ട് സുബൈര്‍ ഒരു ലോകം പണിതിട്ടുണ്ട്. സക്കാത്തിന്റെ പ്രാധാന്യം കുറച്ച് കാണുന്ന, കുടുംബബന്ധങ്ങള്‍ക്കും, സാമൂഹ്യ ബന്ധങ്ങള്‍ക്കും വലിയ വില കല്പിക്കാത്ത, അയല്‍പക്കങ്ങള്‍തമ്മില്‍ കാര്യമായ അടുപ്പമില്ലാത്ത, മനുഷ്യബന്ധത്തിന്റെ എല്ലാ ഇഴയടുപ്പങ്ങളും നിരാകരിക്കുന്ന ഒരു സമൂഹത്തെ അവിടെ വളര്‍ത്തിയെടുക്കുന്നുണ്ട്. നവോഥാനപ്രസ്ഥാനത്തിന്റെ സകലമൂല്യങ്ങളെയും നിരാകരിക്കുകയും, പുഛിക്കുകയും ചെയ്യുന്ന അറുപിന്തിരിപ്പന്‍ സംഘം. അതൊരൂ ടെസ്റ്റ് ഡോസാണ്. അത്തിക്കാട് മോഡല്‍ പരീക്ഷണം എ പി വിഭാഗം മുജാഹിദുകള്‍ക്കിടയില്‍ വിജയിപ്പിക്കാനുള്ള ഏജന്റുമാരാണ് ഇപ്പോള്‍ ജിന്ന് വിഭാഗമായി എ പി പക്ഷത്ത് വളരുന്നത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും, പാലിയേറ്റിവ് കെയറും, മരുന്നു വിതരണവും ആവശ്യമില്ലെന്നും, ഫാമിലി സെല്‍ അച്ചടക്ക ലംഘനമാണെന്നും പറഞ്ഞവര്‍ നിലമ്പൂരില്‍ അത് പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. ആരെങ്കിലും രോഗിയായി കിടന്നാല്‍ ഇത്തിരി കരിഞ്ചീരകം നല്കുന്നതിനപ്പുറം യാതൊരു കാരുണ്യവും, ചികിത്സയും ആവശ്യമില്ലെന്ന് വരെ വാദിച്ചേക്കാവുന്ന കാടന്‍ സമൂഹമായിരിക്കും അത്.

സുബൈറിന്റെ ആശയങ്ങള്‍ തന്നെയാണ് ഇപ്പോള്‍ എ പി പക്ഷത്ത് ആഭ്യന്തരകലാപങ്ങളുടെ ദിശനിര്‍ണ്ണയിക്കുന്നതെന്ന് സംശയിക്കാവുന്നതാണ്.

കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഈജിപ്തിലെ ജമാലുദ്ദീന്‍ അഫ്ഗാനിയുടെയും, മുഹമ്മദ് അബ്ദുവിന്റെയും പരിഷ്‌കരണ യജ്ഞങ്ങളില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട പ്രസ്ഥാനമാണ്. ഈജിപ്തിലെ പരിഷ്‌കരണ സംരഭങ്ങളും, അത് ഉയര്‍ത്തിയ ചിന്തകളും കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഏതെങ്കിലും പ്രസ്ഥാനത്തിന്റെ ഫ്രാഞ്ചൈസി ആയല്ല പ്രവര്‍ത്തിക്കുന്നത്. സ്വന്തമായ നിലപാടുകളാണ് അതിനുള്ളത്. ഖുര്‍ആനും, പ്രവാചകാധ്യാപനങ്ങളും മാത്രമാണ് അതിന് പ്രമാണം. എന്നാല്‍ പഴയ ലാടവൈദ്യന്‍മാരെ പോലെ ചിലര്‍ ഇപ്പോള്‍ രംഗത്ത് ഇറങ്ങിയിട്ടുണ്ട്. കരിഞ്ചീരകഓയില്‍ കച്ചവടക്കാരാണവര്‍. കരിഞ്ചീരകഓയില്‍ ഏജന്‍സി പോലെ ഒന്നാണ് മുജാഹിദ് പ്രസ്ഥാനം എന്നും, യെമനീ ബദുക്കളുടെ കേരള ഏജന്‍സിയാണ് കെ എന്‍ എമ്മെന്നും വിചാരിച്ചുപോരുന്ന മുഴുവന്‍ ആളുകളെയും പുറന്തള്ളാനാവുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

സലഫി മന്‍ഹജിന്റെ പേരില്‍ ആരുമായാണ് അവിശുദ്ധകൂട്ടുകെട്ട് എന്നും, യെമനില്‍ നിന്ന് അത്തിക്കാട് വഴി കോഴിക്കോട് മുജാഹിദ് സെന്ററിലെത്തുന്ന കറുത്ത കരങ്ങളുടെ സ്‌പോണ്‍സര്‍മാര്‍ ആരാണെന്നും പറയേണ്ട ബാധ്യത സുബൈര്‍ മങ്കടക്ക് മാത്രമല്ല ഉള്ളത്, വര്‍ഷങ്ങളോളം സുബൈറിനെ കൊണ്ട് നടന്ന് ഐ എസ് എം പക്ഷത്തിനെതിരെ കരുക്കള്‍ നീക്കിയ എ പി അബ്ദുല്‍ഖാദര്‍ മൗലവിക്കുമുണ്ട്.

തുണീഷ്യയില്‍ ആരംഭിച്ച് സിറിയയില്‍ എത്തി നില്ക്കുന്ന മുല്ലപ്പൂ വിപ്ലവത്തോട് സമ്മിശ്രമായ പ്രതികരണം ആണ് അറബ് ലോകത്ത് ഉണ്ടായിട്ടുള്ളത്. ഈജിപ്തിലെയും, യെമനിലെയും, ലിബിയയിലെയും ജനാധിപത്യത്തിന്റെ തിരിച്ചുവരവില്‍ അറബികള്‍ ആനന്ദിക്കുന്നു. ഹുസ്‌നി മുബാറക് അധികാരഭ്രഷ്ടനായതിന് ശേഷമുള്ള ഈജിപ്തിന്റെ പരിണാമത്തില്‍ അറബ് ലോകം ആഹ്ലാദിക്കുകയാണ്. സിറിയയില്‍ അറബ് ലീഗ് നിലപാട് വിപ്ലവത്തിന് അനുകൂലമാണ്. ഖത്തര്‍ സിറിയയിലെ ബഷാറുല്‍ അസദിനെതിരെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. സിറിയയിലെ ജനകീയ വിപ്ലവത്തിന്റെ വിജയത്തിനായി അറബ്‌നാടുകളിലെ ജുമുഅ ഖുതുബകളില്‍ വരെ പ്രാര്‍ഥനകള്‍ നടക്കുന്നുണ്ട്. എന്നാല്‍ മുല്ലപ്പൂ വിപ്ലവത്തിനെതിരെ എ പി മുജാഹിദുകള്‍ സ്വീകരിച്ച നിലപാടിന്റെ കൂടി പ്രേരണകള്‍ യെമനീബാന്ധവത്തില്‍ ഒളിഞ്ഞിരിക്കുന്നുണ്ടോ എന്നതിന് അവര്‍ തന്നെയാണ് ഉത്തരം പറയേണ്ടത്.

നവോത്ഥാന പ്രസ്ഥാനം: അജന്‍ഡകളും ഹൈജാക്കുകളും

നവോത്ഥാന പ്രസ്ഥാനം: അജന്‍ഡകളും ഹൈജാക്കുകളും
http://www.facebook.com/l.php?u=http%3A%2F%2Fvarthamanam.com%2Findex.php%2Fsundayspecial%2F3980-2011-12-10-17-09-08&h=8AQGLlhqRAQEEhwJY2lnfhEsWr21-txyILX6txfh71VJzgQ

ടി റിയാസ് മോന്‍

ഒരു സാമൂഹ്യപ്രസ്ഥാനം ജീവിക്കുന്നതും പ്രവര്‍ത്തിക്കുന്നതും സമൂഹത്തിലാണ് എന്ന തിരിച്ചറിവ് നഷ്ടപ്പെടുമ്പോള്‍ ആ പ്രസ്ഥാനത്തിന്റെ പ്രസക്തി നഷ്ടമാകുന്നു. അത് നാശത്തിലേക്കും തകര്‍ച്ചയിലേക്കും ചെന്നെത്തുന്നു. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിലെ പിളര്‍പ്പിനെ തുടര്‍ന്ന് അന്ധവിശ്വാസപ്രചാരണത്തില്‍ മുഴുകിയിരിക്കുന്ന എ പി അബ്ദുല്‍ഖാദിര്‍ മൗലവി നേതൃത്വംനല്കുന്ന വിഭാഗത്തില്‍ ഈയടുത്ത കാലത്തായി ഉണ്ടായിരിക്കുന്ന ആഭ്യന്തരകലാപങ്ങള്‍ ലക്ഷ്യബോധം നഷ്ടമായ ആള്‍ക്കൂട്ടത്തിന്റെ അനിവാര്യ പതനമാണ് കാണിക്കുന്നത്.

എ പി വിഭാഗം മുജാഹിദുകളിലെ ജിന്ന്- സിഹ്‌റ് വിഭാഗം തലശ്ശേരിയില്‍ സംഘടനാ തെരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിച്ച വാര്‍ത്ത ഒരു സൂചന മാത്രമാണ്. സംസ്ഥാന നേതൃത്വത്തിന് കോടതിയും കള്ളക്കേസുകളും ശീലമാകുമ്പോള്‍ അണികളിലേക്കും ആ രോഗം ബാധിക്കും എന്നത് മാത്രമാണ് തലശ്ശേരി കേസ് നല്കുന്ന സന്ദേശം. തമ്മിലടിക്കുന്നതും, ചേരി തിരിയുന്നതും, തെറിവിളിക്കുന്നതും മതസംഘടനകള്‍ക്കിടയില്‍ ഒരു ശീലമായി വളരുന്നത് അപകടകരമാണ്. അത് മറന്നു പോകുന്നതിന്റെ അനിവാര്യ ദുരന്തങ്ങളാണ് മതസംഘടനകള്‍ക്കിടയില്‍ സംഭവിക്കുന്നത്.

പ്രവാചകനില്‍ നിങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ട് എന്ന് ഇസ്‌ലാം വ്യക്തമാക്കുന്നു. എന്നാല്‍ ഹദീസ് പണ്ഡിതന്‍മാരായി രംഗത്തെത്തിയ പലരോടും മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് എതിരാളികളും സ്വന്തക്കാരും ഇന്ന് അഭ്യര്‍ഥിക്കുകയാണ്. മാന്യമായ ഭാഷയും പെരുമാറ്റവും ഗുണകാംക്ഷയും മതനേതൃത്വങ്ങള്‍ക്കും, പ്രഭാഷകര്‍ക്കും നഷ്ടമാകുമ്പോള്‍ തകരുന്നത് സമുദായത്തിന്റെ കെട്ടുറപ്പും ഇമേജുമാണ്. മാന്യമായ ഭാഷ ഉപയോഗിക്കുന്നവര്‍ സമുദായ സംഘടനകളുടെ വേദികളില്‍ നിന്ന് അപ്രത്യക്ഷമാകുകയും, അലറിവിളിച്ച് പ്രസംഗിക്കുന്നവര്‍ക്കും, തെറിപ്പാട്ടുകാര്‍ക്കും മാര്‍ക്കറ്റ് വര്‍ധിക്കുകയും ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്നത് സൗഹാര്‍ദ്ദവും, സാംസ്‌കാരിക നിലവാരവും കൊതിക്കുന്ന വിദ്യാസമ്പന്നരായ യുവതലമുറയുടെ പിന്തുണയാണെന്ന് മാത്രം മതനേതൃത്വങ്ങളെ ഓര്‍മ്മിപ്പിക്കേണ്ടി വരികയാണ്.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മുജാഹിദ് പ്രസ്ഥാനത്തിന്റെ ബാനറില്‍ എഴുന്നള്ളിക്കാന്‍ കെ കെ സകരിയ്യാ സ്വലാഹി പക്ഷം നടത്തുന്ന നീക്കങ്ങള്‍ കണ്ട് അവരുടെ പ്രസിഡന്റായ ടി പി അബ്ദുള്ളക്കോയ മദനി നമ്മള്‍ തിരിച്ചുപോക്ക് ആരംഭിച്ചിരിക്കുന്നോ എന്ന് അണികളോട് പ്രസംഗമധ്യേ ചോദിക്കുകയുണ്ടായി. തിരിച്ചുപോക്ക് ആരംഭിച്ച് ഒരു ദശാബ്ദം പിന്നിട്ടതിന് ശേഷമാണ് ഈ ചോദ്യം ഉയരുന്നത്. ബിലാലിന്റെയും, അമ്മാറിന്റെയും കഥ പറയുന്ന, പതിതരായ ഒരു ജനതക്ക് ആത്മാഭിമാനം നല്കിയ ആദര്‍ശത്തിന്റെ അനന്തരാവകാശികള്‍ പാവങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളില്‍ നിന്നും, സമുദായത്തിന്റെ അടിസ്ഥാനപരമായ ആവശ്യങ്ങളില്‍ നിന്നും മുഖം തിരിച്ചുകൊണ്ട് പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്‌കരിച്ചു തുടങ്ങിയപ്പോള്‍ തന്നെ പിന്തിരിഞ്ഞു നടക്കാന്‍ തുടങ്ങിയിരുന്നു. ഇപ്പോള്‍ ആ നടത്തം ഏതാണ്ട് പൂര്‍ണമായിട്ടുണ്ട്. ഇനി മുന്നോട്ട് പോകേണമോ എന്ന ചോദ്യമാണ് ഉയരുന്നത്.

ബുദ്ധിപരമായി ജീര്‍ണത ബാധിച്ചു കഴിഞ്ഞ ഒരു വിഭാഗത്തിന്റെ ആള്‍ക്കൂട്ടത്തിന് മുന്നില്‍ നിന്നാണ് അവരുടെ നേതാവ് ആത്മവിമര്‍ശനം നടത്തിയത്. ജീര്‍ണത ഏത് പ്രസ്ഥാനത്തെയും ബാധിക്കാം. അത് ഒരു പ്രസ്ഥാനത്തില്‍ നിന്ന് പകര്‍ച്ചവ്യാധിയായി മറ്റുള്ളവയിലേക്ക് പടരുകയും ചെയ്യും. ആയതിനാല്‍ ഏതെങ്കിലും പ്രസ്ഥാനത്തിന് എതിരെ ഉയരുന്ന ആരോപണങ്ങളെയും വിമര്‍ശങ്ങളെയും അത് സ്വന്തം പ്രസ്ഥാനത്തില്‍ എങ്ങനെ സ്വാധീനം ചെലുത്തും എന്ന് കൂടി ഇതര സംഘടനകള്‍ ആലോചിക്കേണ്ടതാണ്.

മതസംഘടനകളുടെ ജീര്‍ണതയുടെ സാമൂഹ്യപശ്ചാത്തലം എന്താണ്? മതസംഘടനകളില്‍ നിന്നും വന്‍തോതില്‍ അണികളുടെ കൊഴിഞ്ഞ് പോക്ക് നടക്കുന്ന ഇക്കാലത്ത് ആ ചോദ്യം ഏറെ പ്രസക്തമാണ്. മതസംഘടനകളില്‍ നിന്ന് മാത്രമല്ല രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ഈ കൊഴിഞ്ഞ് പോക്ക് നടക്കുന്നുണ്ട്. വ്യക്തികള്‍ സാമൂഹ്യജീവിതം അവസാനിപ്പിക്കുന്നുവെന്നത് നേരാണ്. എന്നാല്‍ പുതിയ കാലത്ത് സാമൂഹ്യബോധം ഉള്ളവരെ പോലും ആകര്‍ഷിക്കാതിരിക്കാന്‍ മാത്രം സംഘടനകള്‍ സങ്കുചിതമാകുന്നുണ്ടോ എന്ന്, സ്ഥാപനവത്കരിക്കപ്പെടുന്നുണ്ടോ എന്ന്, ജനകീയജീവിതത്തിന്റെ തുടിപ്പുകളില്‍ നിന്ന് സ്വന്തം കൂടാരങ്ങളിലേക്ക് സംഘടനകള്‍ ചുരുങ്ങിപ്പോകുന്നുണ്ടോ എന്ന് ആത്മവിമര്‍ശനം നടത്താന്‍ സമയമായിട്ടുണ്ട്.

മതസംഘടനകളുടെ തകര്‍ച്ചയുടെ ആരംഭസൂചനകള്‍ വായിച്ചു തുടങ്ങേണ്ടത് പള്ളികളില്‍ നിന്നാണ്. പള്ളിക്കമ്മിറ്റികളില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ എന്തൊക്കെയാണ്? പള്ളി നടത്തിപ്പും, ശമ്പളവും മാത്രം ചര്‍ച്ച ചെയ്ത് പിരിയുകയാണ് യോഗങ്ങള്‍. നാട്ടിലെ പ്രമാണിമാരുടെ മടിശ്ശീലകള്‍ കൊണ്ട് പള്ളിനടത്തിപ്പ് മുന്നോട്ട് പോകുമ്പോള്‍ പാവങ്ങളുടെ പ്രശ്‌നം അവഗണിക്കപ്പെടുകയാണ്. രാവിലെ പാടത്തേക്കിറങ്ങുന്ന മുസ്‌ലിം സ്ത്രീകളുടെ ജീവിതവും, തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്ന മുസ്‌ലിം യുവതികളുടെ ചിത്രവും സമുദായനേതാക്കളുടെ മനസ്സില്‍ നിന്നും ഇല്ലാതെയായി. അവര്‍ കാറിന് കൂളിംഗ് ഗ്ലാസ് ഒട്ടിച്ച് സ്ത്രീകളെ അന്യപുരുഷന്‍മാരുടെ നോട്ടത്തില്‍ നിന്നും രക്ഷിക്കേണ്ടതിനെ കുറിച്ച് തഖ്‌വയുടെ സെഷനില്‍ പ്രസംഗിച്ചു.

പള്ളികളും മഹല്ലുകളും പിടിച്ചെടുക്കുന്നതിന് തന്ത്രങ്ങള്‍ മെനയുന്നവര്‍ക്ക് അതേ മഹല്ലിലെ കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നതിനെ കുറിച്ച് ആശങ്കയേതുമുണ്ടായില്ല. കുടുംബബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനെ കുറിച്ചും. വിവാഹവും ദാമ്പത്യവും ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് പ്രസംഗിക്കാനും പ്രവര്‍ത്തിക്കാനും ഉള്ള ആഹ്വാനങ്ങള്‍ ഒരു വേള സമ്പന്നരുടെ വിവാഹഖുത്ബകളിലേക്ക് മാത്രമായി ചുരുങ്ങി. പാവങ്ങള്‍ ഈ സമുദായത്തിന് പുറത്തെ അധകൃതരായി ഒതുക്കപ്പെട്ടു. അങ്ങനെ ആന പനിനീര്‍ തളിക്കുന്ന, ഇവന്റ് മാനേജ്‌മെന്റുകള്‍ സദ്യ നടത്തുന്ന റിസോര്‍ട്ട് വിവാഹങ്ങളില്‍ ആസ്ഥാനപണ്ഡിതന്മാര്‍ കാര്‍മികരായി. ഒടുവില്‍ നാലുമണി കല്യാണങ്ങളും, ഓലപ്പുരകളും നേതൃത്വം കാണാതെ പോയി. കടപ്പുറത്തെ വീട്ടില്‍ പോയി നികാഹ് നിര്‍വഹിച്ച് ആ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് ആദര്‍ശത്തെ ജീവിതം കൊണ്ട് സത്യപ്പെടുത്തിയ സ്വാത്തികന്‍മാരായ പണ്ഡിതന്‍മാരുടെ ഓര്‍മ്മകള്‍ പോലും ഇല്ലാതായി.

യഥാര്‍ഥ പ്രശ്‌നങ്ങളുടെ വേരുകള്‍ അവിടെയാണുള്ളത്. പണം കാര്യങ്ങള്‍ തീരുമാനിച്ചു തുടങ്ങി. നേതാക്കന്‍മാര്‍ പണച്ചാക്കുകളോട് ആദരവ് പ്രകടിപ്പിച്ചു തുടങ്ങിയതും കാര്യങ്ങളുടെ ഗതിമാറ്റി. സമ്മേളനപ്പന്തലുകളില്‍ ദശലക്ഷങ്ങള്‍ ചെലവഴിച്ച് പെട്രോഡോളര്‍ ആര്‍ഭാടങ്ങള്‍ തീര്‍ത്തപ്പോള്‍ കണ്ണഞ്ചിപ്പോയി, അതിശയംകൂറിപ്പോയി. ലക്ഷക്കണക്കിന് രൂപയുടെ വാള്‍പോസ്റ്ററുകള്‍ ഓരോ സംഘടനയും കോഴിക്കോട്ടങ്ങാടിയില്‍ മാത്രം ഒട്ടിക്കുന്നുണ്ട്. 400 പേര്‍ പങ്കെടുക്കുന്ന പരിപാടിക്കും നാലായിരം പോസ്റ്റര്‍ അടിക്കുന്നത് ശീലമായി പോയി. അങ്ങനെ എതിര്‍സംഘടനയെ പണത്തിന്റെ പളപളപ്പ് കാട്ടി പരാജയപ്പെടുത്തുന്നിടത്തേക്ക് കാര്യങ്ങള്‍ ഗതിമാറി.

അപ്പോള്‍ ഒരിക്കല്‍ പോലും കോഴിക്കോടിന്റെ പടിഞ്ഞാറെ ഭാഗത്ത് കുറെ പാവങ്ങള്‍ ഉണ്ടെന്ന് ആരും പറഞ്ഞു തന്നില്ല. അവരുടെ പ്രതിനിധികള്‍ ഒന്നും മതനേതൃത്വത്തിന്റെ ആഢ്യസഭയില്‍ കൗണ്‍സിലര്‍മാരായി വന്നില്ല.

പാവങ്ങള്‍ ബഹിഷ്‌കൃതരാകുകയും, സാമൂഹ്യബോധമുള്ളവര്‍ ഇറങ്ങിപ്പോകുകയോ, ഒതുക്കപ്പെടുകയോ ചെയ്തപ്പോള്‍ അവിടെ പകരം കയറിയിരുന്നത് ജനജീവിതവുമായി ബന്ധമില്ലാത്ത ഉപരിവര്‍ഗ്ഗമായിരുന്നു. അവര്‍ എപ്പോഴും ആലോചിക്കുക അന്യഗ്രഹജീവികളെ കുറിച്ചും, അദ്ഭുതജീവികളെ കുറിച്ചുമാണ്. അമേരിക്കന്‍ ഹോളിവുഡ് സിനിമകളുടെ തിരക്കഥയുമായി ഇതിന് വല്ലാത്ത സാമ്യമുണ്ട്. ഹോളിവുഡ് സിനിമകളില്‍ എപ്പോഴും അമാനുഷരും അന്യഗ്രഹജീവികളും വല്ലാതെ നിറഞ്ഞിരിക്കും. ശാസ്ത്രവും സാമൂഹ്യപഠനങ്ങളും ഇത്രയേറെ മുന്നോട്ട് പോയിട്ടും ഹോളിവുഡ് സിനിമകളില്‍ എന്തു കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ പ്രമേയമാകുന്നത് എന്ന് ചിന്തിക്കണം. അത്തരം സിനിമകള്‍ ഹിറ്റാകുന്നതിന്റെ അതേ മനശ്ശാസ്ത്രം തന്നെയാണ് കേരളത്തില്‍ ഒരു കൂട്ടം പണ്ഡിതവേഷധാരികള്‍ ജിന്നിനെ കുറിച്ചും, സിഹ്‌റിനെ കുറിച്ചും പറഞ്ഞ് ആള്‍ക്കൂട്ടത്തെ സൃഷ്ടിക്കുമ്പോളും ഉണ്ടാകുന്നത്. ഒരു ഹോളിവുഡ് സിനിമയുടെ അതേ ആസ്വാദനനിലവാരം ജിന്ന് സ്‌പെഷ്യലിസ്റ്റിന്റെ പ്രഭാഷണ സിഡികള്‍ക്കും ലഭിക്കുന്നു.

1990 കളോടെ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ സജീവമായ ഒരു പദമാണ് നവയാഥാസ്ഥിതികത അഥവാ നിയോകണ്‍സര്‍വേറ്റിവിസം. നീതിരഹിതമായ കമ്പോളത്തോടുള്ള നിലപാടുകളും, കത്തോലിക്കാസഭയിലെ ആഭ്യന്തരശൈഥില്യങ്ങളുമെല്ലാം ചര്‍ച്ചയാകുന്ന ഒരു പ്രയോഗമാണ് നവയാഥാസ്ഥിതികത. ആധുനികതക്ക് ശേഷം അന്ധവിശ്വാസം വളര്‍ത്തുന്നവരെയും ഈ പദം കൊണ്ട് വിശേഷിപ്പിക്കാറുണ്ട്. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തില്‍ നിന്ന് വഴിമാറി സഞ്ചരിക്കുന്ന ഒരു വിഭാഗത്തെ നിയോകണ്‍സര്‍വേറ്റിവുകള്‍ അഥവാ നവയാഥാസ്ഥിതികര്‍ എന്ന് വിശേഷിപ്പിക്കുന്നതിന്റെ വിശാലമായ അര്‍ഥബന്ധങ്ങള്‍ കൂടി അന്വേഷിക്കുന്നത് കൗതുകമായിരിക്കും. പിശാചുമായും അദൃശ്യജീവികളുമായും ബന്ധപ്പെട്ട ചര്‍ച്ചകള്‍ കേരളത്തിലും ഇറക്കുമതിചെയ്തത് പ്രസ്ഥാനത്തെ വഴിതെറ്റിക്കാനുള്ള ബാഹ്യശക്തികളുടെ തീരുമാനഫലമായിരുന്നുവോ എന്ന് അപ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കും.

പ്രത്യയശാസ്ത്രരഹിതരായി സമ്പന്നതയില്‍ ജീവിക്കുന്നവര്‍ക്ക് മനുഷ്യന്റെ പ്രശ്‌നങ്ങളില്‍ താത്പര്യം ഇല്ലാതെയാകുകയും, അവര്‍ക്ക് ഭാവനകളില്‍ താത്പര്യം ഉണ്ടാകുകയും ചെയ്യുന്നു. അത്തരം ജനവിഭാഗത്തെ കൂടെ നിര്‍ത്താന്‍ സകാത്തിന്റെ പോരിശ പ്രസംഗിച്ചാല്‍ മതിയാകില്ല. അവര്‍ക്ക് ജിന്നും സിഹ്‌റും അദൃശ്യജീവികളുമായുള്ള സംസാരവും ഒക്കെ ഗവേഷണവിഷയങ്ങളാകും. ഹോളിവുഡ് സിനിമ കണ്ടിറങ്ങുന്ന നവപണ്ഡിതന് യാത്രക്കിടയില്‍ രണ്ടത്താണിയില്‍ നിന്ന് ഒരു ജിന്ന് ആകാശത്തേക്ക് പോകുന്നത് കാണുന്നത് സ്വാഭാവികമാണ്.

എന്നാല്‍ അനാഥരുടെയും അഗതികളുടെയും അവിവാഹിതകളുടെയും രോഗികളുടെയും വൃദ്ധരുടെയും പ്രശ്‌നങ്ങള്‍ക്ക് വില കല്പിച്ച ഒരു ഉത്തമസമൂഹത്തിന്റെ പിന്‍മുറക്ക് ഈ ചര്‍ച്ചകള്‍ അരോചകമാകണം. എന്നാല്‍ ആ ചര്‍ച്ചകളെ ആസ്വദിക്കുകയും യഥാര്‍ഥ ചര്‍ച്ചകളോട് മുഖം തിരിക്കുകയും ചെയ്തു എന്നതാണ് കേരളത്തിലെ ഒരു വിഭാഗം മുജാഹിദുകള്‍ക്കിടയില്‍ ഇപ്പോള്‍ ഉള്ള ആഭ്യന്തര ശൈഥില്യത്തിന്റെ പ്രധാന കാരണം. നവസമൂഹത്തിലേക്ക് അജന്‍ഡകള്‍ സെറ്റ് ചെയ്യാന്‍ പ്രാപ്തിയുള്ളവര്‍ നേതൃത്വത്തില്‍ ഇല്ലാതെയായതിന്റെ അനിവാര്യദുരന്തം കൂടിയാണത്.

എല്ലാവരും കണ്ണു തുറക്കേണ്ട സമയമാണിത്. പുതിയ കാലത്തോട് സംവദിക്കാനുള്ള മീഡിയകളും അജന്‍ഡകളും ഉണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ട ഘട്ടമാണിത്. അതിജീവനം കൊതിക്കുന്ന പ്രസ്ഥാനങ്ങള്‍ ഉണര്‍ന്നുനിന്നേ മതിയാകൂ

Friday, September 30, 2011

അമേരിക്കന്‍ അന്തിസത്കാരങ്ങളിലെ ജമാഅത്തുകാര്‍

ഫാസിസം തെറ്റിധാരണകള്‍ പരത്തുകയാണ് -6
അമേരിക്കന്‍ അന്തിസത്കാരങ്ങളിലെ ജമാഅത്തുകാര്‍

... ഉത്തര്‍പ്രദേശിലെ അസംഗഡിലെ ജാമിഅത്തുല്‍ ഫലാഹില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ കീഴിലുള്ള ഈ മതകലാലയത്തില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അതിഥികളായതിനെ കുറിച്ച് എന്തു പറയുന്നു? ജാമിഅത്തുല്‍ ഫലാഹ് പ്രിന്‍സിപ്പലും ജമാഅത്തെ ഇസ്‌ലാമി നേതാവുമായ ത്വാഹിര്‍ മദനി അമേരിക്കയില്‍ മൂന്നാഴ്ച നീണ്ടു നില്ക്കുന്ന സന്ദര്‍ശനമാണ് നടത്തിയത്.

2009 ഓഗസ്റ്റില്‍ ന്യൂഡല്‍ഹിയില്‍ അമേരിക്കന്‍ അംബാസഡര്‍ പങ്കെടുത്ത ഡിന്നറില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രമുഖ നേതാവായ മുജ്തബാഫാറൂഖ് പങ്കെടുത്തിരുന്നു. ഡല്‍ഹിയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത മുജ്തബാഫാറൂഖ് ഇപ്പോള്‍ ജമാഅത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റാണ്. ഇക്കാരണങ്ങളാല്‍ ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന് ഒരു അമേരിക്കന്‍ ചാരസംഘടനയുടെ നിറവും, മണവും ഉണ്ടെന്ന് ആരോപിച്ചാല്‍ നിഷേധിക്കാന്‍ കഴിയുമോ? കഴിഞ്ഞ മൂന്നാഴ്ചയായി മന്ത്രി ഡോ എം കെ മുനീറിനെ അമേരിക്കന്‍ ഏജന്റായി വിലയിരുത്താന്‍ മാധ്യമം ദിനപത്രം ഉപയോഗിച്ച മാനദണ്ഡങ്ങള്‍ അതു പോലെ സ്വീകരിച്ചാല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ക്രെഡിബിലിറ്റി പൂര്‍ണ്ണമായും ഇല്ലാതെയാകും. ഡോ. എം കെ മുനീര്‍ അമേരിക്കന്‍ സര്‍ക്കാറിന്റെ അതിഥിയായിട്ടില്ല എന്ന് കൂടി ഓര്‍ക്കണം. അമേരിക്ക സന്ദര്‍ശിച്ചവരും, അമേരിക്കന്‍ സര്‍ക്കാറിന്റെ പൊതൂപരിപാടികളില്‍ പങ്കെടുത്തവരും ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളെ സംഘടനയില്‍ നിന്ന് പുറത്താക്കിയിട്ടാണ് ജമാഅത്തെ ഇസ്‌ലാമി എം കെ മുനീറിന്റെ രാജി ആവശ്യപ്പെടുന്നതെങ്കില്‍ അതിന് മാന്യതയുണ്ടാകുമായിരുന്നു. അഖിലേന്ത്യാ ശൂറാ അംഗങ്ങള്‍ക്ക് ബാധകമാകാത്ത കാര്യങ്ങള്‍ മുനീറിന് മാത്രം ബാധകമാകുന്നത് എങ്ങനെയെന്ന് സോളിഡാരിറ്റി വിശദീകരിക്കണം. ജമാഅത്തെ ഇസ്‌ലാമി സ്ഥാപകന്‍ അബുല്‍ അഅ്‌ലാ മൗദൂദിയും അമേരിക്ക സന്ദര്‍ശിച്ചിട്ടുണ്ട്. മുനീര്‍ സാമ്രാജ്യത്വ ഏജന്റാണെങ്കില്‍ മൗദൂദി മുനീറിനെക്കാള്‍ വലിയ സാമ്രാജ്യത്വഭക്തനാണെന്ന് എഴുതാന്‍ ജമാഅത്ത് നേതൃത്വം മടിക്കേണ്ടതില്ല.

ഷാജഹാന്‍ മാടമ്പാട്ടിന്റെ സുഹൃത്തായ കാരണത്താല്‍ ഡോ എം കെ മുനീര്‍ ചാരനാകും
എന്ന് വ്യാഖ്യാനിക്കുന്നവര്‍ ഇതേ ഷാജഹാന്‍ മാധ്യമം ആഴ്ചപ്പതിപ്പില്‍ പംക്തി കൈകാര്യം ചെയ്തിരുന്നുവെന്നത് വിസ്മരിക്കരുത്. മാധ്യമത്തില്‍ എഴുതുമ്പോള്‍ ഷാജഹാന്‍ ബുദ്ധിജീവിയാകുകയും, മുനീറിന്റെ സുഹൃത്താകുമ്പോള്‍ ചാരനാകുകയും ചെയ്യുന്നതിന്റെ കെമിസ്ട്രി കൂടി മാധ്യമവും, ജമാഅത്തെ ഇസ്‌ലാമിയും വിശദീകരിക്കണം. ആടിനെ പട്ടിയെന്ന് വിളിക്കുകയും, പിന്നീട് പേപ്പട്ടിയെന്ന് ആക്രോശിച്ച് തല്ലിക്കൊല്ലുകയും ചെയ്യുന്ന കാപട്യമാണ് ജമാഅത്തെ ഇസ്‌ലാമി പയറ്റുന്നത്. മതരാഷ്ട്രവാദത്തെ അംഗീകരിക്കുന്നില്ല എന്ന ഒറ്റക്കാരണം കൊണ്ട് ചിലരെ സാമ്രാജ്യത്വ ദല്ലാള്‍ എന്ന മുദ്രയടിക്കാനുള്ള അപലപനീയമായ നീക്കമാണ് നടത്തുന്നത്. യാതൊരു തെളിവുമില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഫാസിസത്തിന്റെ രീതിയാണ്. ഗീബല്‍സിന്റെ ശിഷ്യപരമ്പരയെ മൗദൂദിയന്‍ പത്രങ്ങളില്‍ വംശനാശം വരാതെ സൂക്ഷിക്കുന്നുവെന്ന് മാത്രമാണ് ആരോപണങ്ങള്‍ മലയാളികളെ ബോധ്യപ്പെടുത്തുന്നത്.

സെപ്തംബര്‍ 21 ന് തേജസ് ദിനപത്രം വി എ കബീറിന്റെ ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രമുഖ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനായ കബീര്‍ വിക്കിലീക്‌സ് രേഖകളുടെ അടിസ്ഥാനത്തില്‍ ചിലരെ അമേരിക്കന്‍ ചാരന്‍ മുദ്രയടിക്കാനുള്ള നീക്കത്തിലുള്ള വിയോജിപ്പ് കത്തിലൂടെ പ്രകടിപ്പിക്കുന്നുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളോട് ഇത്തിരിയെങ്കിലും കടപ്പാടുള്ള ആരെങ്കിലും ഇനിയും ജമാഅത്തെ ഇസ്‌ലാമി ശൂറയില്‍ അവശേഷിക്കുന്നുണ്ട് എങ്കില്‍ സ്വന്തം ദിനപത്രത്തിന്റെയും, യുവജനസംഘടനയുടെയും നെറികേടുകള്‍ക്കെതിരെ രംഗത്ത് വരേണ്ടിയിരിക്കുന്നു.

അമേരിക്കന്‍ ജനതയോട് മിണ്ടരുതെന്നോ, അമേരിക്ക സന്ദര്‍ശിക്കരുതെന്നോ ഒരു മുസ്‌ലിം സംഘടനയും നിലപാട് എടുത്തിട്ടില്ല. അമേരിക്കയോടുള്ള മുസ്ലിം സമൂഹങ്ങളുടെ നിലപാട് ഇഷ്യൂകളുടെ അടിസ്ഥാനത്തിലാണ്. അധിനിവേശത്തിനും, സാമ്രാജ്യത്വകയ്യേറ്റങ്ങള്‍ക്കും എതിരെ സന്ധിയില്ലാ നിലപാട് സ്വീകരിക്കുമ്പോള്‍ തന്നെ സംവാദങ്ങളുടെ പ്രസക്തി ഇല്ലാതാകുന്നില്ല. മുസ്‌ലിം ലോകം ആശയവിനിമയത്തിന്റെ വാതിലുകളാണ് തുറന്നിടുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ സഊദി അറേബ്യ സന്ദര്‍ശിച്ചിട്ടുണ്ട്. അന്ന് സഊദിയില്‍ പ്രതിഷേധങ്ങള്‍ ഉണ്ടായില്ലെന്ന് മാത്രമല്ല, ആഹ്ലാദത്തോടെയാണ് അറേബ്യ ഒബാമയെ സ്വീകരിച്ചത്. ഒബാമയുടെ അറേബ്യന്‍ സന്ദര്‍ശനത്തെയോ, സഊദി അറേബ്യയുടെ അമേരിക്കന്‍ നയതന്ത്രബന്ധത്തെയോ വിമര്‍ശിക്കാന്‍ മാധ്യമം ദിനപത്രം ഇതു വരെ ധീരത കാണിച്ചിട്ടില്ല. ഡല്‍ഹിയിലെ അമേരിക്കന്‍ ഓഫിസുകള്‍ക്ക് മുന്നില്‍ അമേരിക്കന്‍ ഗവണ്‍മെന്റിന്റെ രാഷ്ട്രീയ നയങ്ങളോടുള്ള വിയോജിപ്പ് അറിയിക്കാന്‍ ജമാഅത്ത് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിട്ടില്ല. ഡല്‍ഹിയിലെയും പരിസര പ്രദേശത്തെയും ജമാഅത്ത് കേന്ദ്രങ്ങള്‍ക്ക് മുട്ടുവിറക്കും എന്നത് തന്നെ കാരണം. ജമാഅത്തിന്റെ അമേരിക്കന്‍ നയത്തില്‍ വ്യക്തമായ ഇരട്ടത്താപ്പുണ്ടെന്ന് ചുരുക്കം.

ഡല്‍ഹിയിലെത്തിയാല്‍ ഓന്തിനെ പോലെ നിറം മാറുന്നവര്‍ കേരളത്തില്‍ അമേരിക്കന്‍ വിരുദ്ധരാകുന്നത് കൗതുകമുള്ള കാര്യം തന്നെയാണ്. മുല്ലപ്പൂ വിപ്ലവത്തിന് ശേഷം ഈജിപ്തിന്റെ നിയന്ത്രണം ഇഖ്‌വാനുല്‍ മുസ്‌ലിമീന് കൂടി പങ്കാളിത്തമുള്ളതാണ്. അമേരിക്കയുമായി നല്ല ബന്ധമാണ് ഇഖ്‌വാനുല്‍ മുസ്‌ലിമീന്‍ ആഗ്രഹിക്കുന്നതെന്ന് ഈജിപ്ഷ്യന്‍ ഇഖ്‌വാന്‍ നേതൃത്വം അറിയിച്ചിട്ടുണ്ട്. ഇഖ്‌വാന്റെ പ്രസ്താവനയെ എങ്ങനെയാണ് കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയും, പോപ്പുലര്‍ ഫ്രണ്ടും കാണുന്നത് എന്നറിയാന്‍ കൗതുകമുണ്ട്.

കേരളത്തിലെ മുസ്‌ലിം സംഘടനകളുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ അമേരിക്ക തത്രപ്പെടുന്നു എന്ന ആരോപണത്തിന് യാതൊരു തെളിവും ലഭ്യമായിട്ടില്ല. അമേരിക്കന്‍ ചാരസംഘടനയായ സി ഐ എ ഫലസ്തീന്‍ പോരാളികളുടെ സംഘടനയായ ഹമാസില്‍ നുഴഞ്ഞു കയറിയിരുന്നു എന്ന വസ്തുത വെച്ച് കേരളത്തില്‍ നുഴഞ്ഞു കയറിയിട്ടുണ്ടാവും എന്ന് ഊഹിക്കുന്നതില്‍ അര്‍ഥമില്ല. കാരണം ലോകത്തെ സാമ്രാജ്യത്വ സൃഷ്ടിയും, യു എസിന്റെയും, യൂറോപ്യന്‍ യൂനിയന്റെയും കണ്ണിലുണ്ണിയുമായ ഇസ്രായേലിന് എതിരെയാണ് ഹമാസ് പോരാട്ടം നടത്തുന്നത്. ഹമാസിന്റെ പോരാട്ടം ചരിത്രപരവും, രാഷ്ട്രീയപരവും, വൈകാരികവുമായ മാനങ്ങളുള്ളതാണ്. അത് അമേരിക്കന്‍ താത്പര്യങ്ങളുമായി നേരിട്ട് ഏറ്റുമുട്ടുന്നതുമാണ്. അതിനാല്‍ സി ഐ എക്ക് കൂടുതല്‍ താത്പര്യങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. എണ്ണ ഉത്പാദന രാഷ്ട്രങ്ങള്‍ക്കും, പരിസ്ഥിതി വിഭവങ്ങള്‍ക്കും മേല്‍ ഒരു സാമ്രാജ്യത്വ കഴുകന്‍ കണ്ണ് എപ്പോഴുമുണ്ടാകും. യുദ്ധത്തിനോ, സായുധ കലാപങ്ങള്‍ക്കോ സാധ്യതയുള്ള രാജ്യങ്ങളിലും, ജനവിഭാഗങ്ങളിലും ആയുധവില്പന നടത്തുന്ന രാജ്യങ്ങള്‍ എപ്പോഴും സൂക്ഷ്മ നിരീക്ഷണം നടത്തുകയും, കലാപസാധ്യതകളെ പരമാവധി പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കേരളത്തില്‍ നിലവില്‍ അത്തരം സാഹചര്യങ്ങള്‍ ഇല്ല എന്നത് യാഥാര്‍ഥ്യമാണ്. മാത്രമല്ല, ഇന്ത്യയെന്ന ശക്തമായ രാഷ്ട്രത്തിനകത്ത്, കേരളം പോലെ ജനാധിപത്യ മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന വികസിത സമൂഹത്തില്‍ അത്തരം സാധ്യതകള്‍ കണ്ടെത്താന്‍ കഴിയില്ല എന്നും ഓര്‍ക്കണം. ഇന്ത്യയിലെ സി പി എം നേതൃത്വത്തെ അമേരിക്ക നിരീക്ഷിച്ചത് തന്നെ സി പി എമ്മിന് രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളില്‍ ഭരണം ഉള്ളതിനാലും, ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക സ്വാധീനം ഉള്ളതിനാലുമാണ്. ഇന്ത്യയുടെ വിദേശനയത്തില്‍ കാതലായ സ്വാധീനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്ന അധികാരശക്തിയായതിനാലാണ് സി പി എം നിരീക്ഷണ വിധേയമാകുന്നത്. ഈര്‍ക്കിള്‍ വലുപ്പമുള്ള ഇടത് സംഘടനകളെ അവഗണിക്കുന്നതും അതിനാലാണ്. ഉത്തര്‍പ്രദേശില്‍ നിന്ന് മായാവതി മുംബൈക്ക് ചെരുപ്പ് വാങ്ങാന്‍ വിമാനം പറത്തിയത് വികിലീക്‌സില്‍ വരാന്‍ കാരണം ആ വിമാനം അമേരിക്കന്‍ പൗരന്‍മാരെ ഇടിച്ചത് കൊണ്ടല്ല. മായാവതിക്ക് രാജ്യത്തിന്റെ നയരൂപീകരണത്തില്‍ പങ്കാളിയാകാന്‍ കരുത്തുണ്ട് എന്നത് കൊണ്ടാണ്. (കേരളത്തിലെ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ റിസള്‍ട്ട് അമേരിക്കയുടെ ചെന്നൈ കോണ്‍സുലേറ്റില്‍ എത്തിയിട്ടുണ്ടെങ്കില്‍ എന്‍ ഡി എഫിനെയും, ജമാഅത്തിനെയും നിരീക്ഷിക്കുന്നത് അവസാനിപ്പിക്കും. പേടിക്കേണ്ട. പൊന്നാനി ബ്രൗണ്‍ഷുഗര്‍ കേസ് ഐ ബി അന്വേഷിക്കുന്നുണ്ട്. അതു മാത്രമേ പേടിക്കാനുള്ളൂ)

ഇന്റര്‍നെറ്റിന്റെയും, കമ്യൂണിക്കേഷന്‍ ടെക്‌നോളജിയുടെയും വ്യാപനത്തിന് ശേഷം പബ്ലിക് റിലേഷന്‍ രംഗത്ത് സാമൂഹ്യ-രാഷ്ട്രീയ സംഘടനകളും, പ്രാദേശിക സര്‍ക്കാറുകളും ഐ ടിയുടെ സാധ്യത വ്യാപകമായി ഉപയോഗിക്കുകയാണ്. ലോകത്ത് എവിടെയിരുന്നും സമൂഹങ്ങളുടെ ചലനങ്ങള്‍ നിരീക്ഷിക്കാം എന്ന അവസ്ഥ. ഇംഗ്ലീഷ് വ്യവഹാര ഭാഷയാകുന്നതോടെ ഈ സാധ്യതകള്‍ അനുദിനം വര്‍ധിക്കുകയാണ്. കമ്യൂണിറ്റി നെറ്റ്‌വര്‍ക്കുകളായ ഫേസ്ബുക്ക്, ബ്ലോഗ്, ട്വിറ്റര്‍, ഓര്‍ക്കുട്ട് എന്നിവയിലൂടെ പൗരന്‍മാര്‍ ഓരോ വിവരവും ഷെയര്‍ ചെയ്യുമ്പോള്‍ അത് നിരീക്ഷിക്കുന്നവര്‍ക്ക് പോലും അതത് സമൂഹത്തിന്റെ തുടിപ്പുകള്‍ അറിയാന്‍ സാധിക്കും. വിവര വിനിമയ സാധ്യതകള്‍ ഇത്ര കണ്ട് വികസിച്ച ഒരു കാലത്ത് രാജ്യത്തെ സുരക്ഷാ ഏജന്‍സികളെക്കാളും, പാര്‍ലമെന്റിനെക്കാളും, കോടതിയെക്കാളും വലിയ ആശങ്കയോടെ രാജ്യത്തെ രഹസ്യങ്ങള്‍ ചോരുന്നുവെന്ന് സംശയം വളര്‍ത്താനുള്ള തീവ്രവാദ സംഘടനകളുടെ നീക്കം ഒരു തരം മാനസിക രോഗമാണ്. ബ്രൗണ്‍ഷുഗര്‍ വില്പനക്കും, കുഴല്‍പണ ഇടപാടുകള്‍ക്കും വിവാദങ്ങള്‍ കൊണ്ട് മറയിടുക മാത്രമാണ് ഇത്തരക്കാരുടെ ലക്ഷ്യം. അതിന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് കൂടി പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് സോളിഡാരിറ്റിയുടെ വിശ്വാസ്യതയാണ്.

കേരളത്തില്‍ ചില മതതീവ്രവാദസംഘടനകള്‍ നടത്തുന്നത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന് എതിരായ പോരാട്ടമല്ലെന്നും, അത്തരം സംഘടനകള്‍ക്ക് സാമ്രാജ്യത്വവിരുദ്ധപോരാട്ടത്തില്‍ ആത്മാര്‍ഥതയില്ലെന്നും തിരിച്ചറിയേണ്ടതുണ്ട്.

Sunday, September 25, 2011

അമേരിക്കന്‍ ദാസ്യവേല തിരിഞ്ഞുകുത്തുന്നു

varthamanam 25/9/2011
2008 ഓഗസ്റ്റില്‍ ഡോ. മുഹമ്മദ് ഗിത്‌രീസ് അമേരിക്ക സന്ദര്‍ശിച്ചു. അമേരിക്കന്‍ സര്‍ക്കാറിന്റെ ഇന്റര്‍നാഷനല്‍ വിസിറ്റര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമിന്റെ (ഐ വി എല്‍ പി) ഭാഗമായാണ് ഗിത്‌രീസ് അമേരിക്ക സന്ദര്‍ശിച്ചത്. ഡല്‍ഹി ജാമിഅ മില്ലിയ യൂനിവാഴ്‌സിറ്റിയില്‍ നിന്ന് പി എച്ച് ഡി നേടിയ ഗിത്‌രീസ് ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസില്‍ ട്രാന്‍സ്‌ലേറ്റര്‍ ആയി ജോലി ചെയ്യുകയാണ്. ജാമിഅ മില്ലിയയ്യിലെ പഠനകാലത്തും ഒബ്ജക്ടീവ് സ്റ്റഡീസിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഗിത്‌രീസ്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ മന്‍സൂര്‍ ആലമും അമേരിക്ക സന്ദര്‍ശിച്ചിട്ടുണ്ട്.

1940 മുതല്‍ അമേരിക്കന്‍ സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഐ വി എല്‍ പി നടത്തുന്നുണ്ട്. ഏഴ് പതിറ്റാണ്ട് പിന്നിടുന്ന ഈ സന്ദര്‍ശന പരിപാടിയില്‍ ഇതു വരെ രണ്ട് ലക്ഷത്തോളം ആളുകളാണ് അമേരിക്ക സന്ദര്‍ശിച്ചിട്ടുള്ളത്. (ഇതില്‍ ഇന്ത്യന്‍ രാഷ്ട്രപതി പ്രതിഭാപാട്ടീലും ഉള്‍പ്പെടുന്നു.) അമേരിക്കന്‍ സര്‍ക്കാറിന്റെ അതിഥികളായി വാഷിംങ്ടണ്‍ സന്ദര്‍ശിച്ചവരെല്ലാം അമേരിക്കന്‍ ചാരന്‍മാരാണ് എന്ന കേരളത്തിലെ തീവ്രവാദ സംഘടനയുടെ ആരോപണത്തെ വാദത്തിനു വേണ്ടി അംഗീകരിച്ചു കൊണ്ട് ചോദിക്കട്ടെ. ആ ചാരപ്പട്ടികയില്‍ അപ്പോള്‍ സ്വന്തക്കാരും ഏറെ ഉള്‍പ്പെടും, അല്ലേ?
...
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസിന്റെ അമേരിക്കന്‍ ബാന്ധവം ഇവിടെ അവസാനിക്കുന്നില്ല. ഇന്ത്യയില്‍ ഒബ്ജക്ടീവ് സ്റ്റഡീസ് വിതരണം ചെയ്യുന്ന ഒരു പുസ്തകം യു എസ് എയില്‍ നിന്ന് പ്രസിദ്ധീകരിച്ചതാണ്. ഇന്ത്യയില്‍ മുന്തിയ ഇനം പ്രസാധാനാലയങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല ഒബ്ജക്ടീവ് സ്റ്റഡീസ് അമേരിക്കന്‍ പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. അമേരിക്കയിലെ വിര്‍ജീനിയയിലെ ഹെറാന്‍ഡൊണിലെ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ട് പ്രസിദ്ധീകരിച്ച ഇസ്‌ലാമിയത്തുല്‍ മആരിഫ് എന്ന ജേര്‍ണല്‍ ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസില്‍ ലഭിക്കും. അമേരിക്കയോട് അനുരാഗാത്മകമായ ബന്ധം സ്ഥാപിക്കുന്നത് പരസ്യമാകുമ്പോളും പ്രൊഫ. പി കോയയെന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവാണ് ഒബ്ജക്ടീവ് സ്റ്റഡീസിന്റെ കേരള കോര്‍ഡിനേറ്റര്‍. സാമ്രാജ്യത്വത്തോട് അങ്ങേയറ്റം അനുരാഗമുള്ള ഒബ്ജക്ടീവ് സ്റ്റഡീസിന്റെ കേരള ഓഫിസ് കോഴിക്കോട് യൂത്ത് സെന്റിലാണ് പ്രവര്‍ത്തിക്കുന്നത്. മുന്‍ സിമി കേന്ദ്രമായ യൂത്ത് സെന്ററിന്റെ നിയന്ത്രണം ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ കയ്യിലാണ്.

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസിന് അമേരിക്കന്‍ ബന്ധം ഉണ്ട് എന്നതിന്റെ പ്രധാന തെളിവുകളില്‍ ഒന്ന് 2004 നവംബര്‍ 27 അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ ബുഷിന് അയച്ച കത്താണ്. ബുഷിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുന്ന കത്തില്‍ ബുഷിനെ ലോകത്തെ കരുത്തന്‍ എന്നാണ് പുകഴ്ത്തുന്നത്. ബുഷ് അമേരിക്കന്‍ പ്രസിഡന്റായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ ഡോ മുഹമ്മദ് മന്‍സൂര്‍ ആലം അയച്ച കത്തില്‍ അദ്ദേഹം അമേരിക്ക സന്ദര്‍ശിച്ചതും, ഒബ്ജക്ടീവ് സ്റ്റഡീസ് അമേരിക്കന്‍ ബുദ്ധിജീവികള്‍ക്ക് ആതിഥ്യം അരുളിയതും അനുസ്മരിക്കുന്നുണ്ട്. ജോര്‍ജ് ബുഷിനോട് നമ്മള്‍ തമ്മില്‍ ബന്ധമുണ്ട് എന്ന് ചെയര്‍മാന്‍ പറയുമ്പോള്‍ കേരള കോര്‍ഡിനേറ്റര്‍ ഒരു വിശദീകരണം നല്കണം. ഡോ മുഹമ്മദ് മന്‍സൂര്‍ ആലം അമേരിക്ക സന്ദര്‍ശിച്ചതിന്റെ രാഷ്ട്രീയവും ചര്‍ച്ച ചെയ്യേണ്ടതാണ്.2008 ഓഗസ്റ്റില്‍ ഡോ. മുഹമ്മദ് ഗിത്‌രീസ് അമേരിക്ക സന്ദര്‍ശിച്ചു. അമേരിക്കന്‍ സര്‍ക്കാറിന്റെ ഇന്റര്‍നാഷനല്‍ വിസിറ്റര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമിന്റെ (ഐ വി എല്‍ പി) ഭാഗമായാണ് ഗിത്‌രീസ് അമേരിക്ക സന്ദര്‍ശിച്ചത്. ഡല്‍ഹി ജാമിഅ മില്ലിയ യൂനിവാഴ്‌സിറ്റിയില്‍ നിന്ന് പി എച്ച് ഡി നേടിയ ഗിത്‌രീസ് ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസില്‍ ട്രാന്‍സ്‌ലേറ്റര്‍ ആയി ജോലി ചെയ്യുകയാണ്. ജാമിഅ മില്ലിയയ്യിലെ പഠനകാലത്തും ഒബ്ജക്ടീവ് സ്റ്റഡീസിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഗിത്‌രീസ്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ മന്‍സൂര്‍ ആലമും അമേരിക്ക സന്ദര്‍ശിച്ചിട്ടുണ്ട്.

...
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസിന് അമേരിക്കന്‍ ബന്ധം ഉണ്ട് എന്നതിന്റെ പ്രധാന തെളിവുകളില്‍ ഒന്ന് 2004 നവംബര്‍ 27 അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ ബുഷിന് അയച്ച കത്താണ്. ബുഷിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുന്ന കത്തില്‍ ബുഷിനെ ലോകത്തെ കരുത്തന്‍ എന്നാണ് പുകഴ്ത്തുന്നത്. ബുഷ് അമേരിക്കന്‍ പ്രസിഡന്റായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ ഡോ മുഹമ്മദ് മന്‍സൂര്‍ ആലം അയച്ച കത്തില്‍ അദ്ദേഹം അമേരിക്ക സന്ദര്‍ശിച്ചതും, ഒബ്ജക്ടീവ് സ്റ്റഡീസ് അമേരിക്കന്‍ ബുദ്ധിജീവികള്‍ക്ക് ആതിഥ്യം അരുളിയതും അനുസ്മരിക്കുന്നുണ്ട്. ജോര്‍ജ് ബുഷിനോട് നമ്മള്‍ തമ്മില്‍ ബന്ധമുണ്ട് എന്ന് ചെയര്‍മാന്‍ പറയുമ്പോള്‍ കേരള കോര്‍ഡിനേറ്റര്‍ ഒരു വിശദീകരണം നല്കണം. ഡോ മുഹമ്മദ് മന്‍സൂര്‍ ആലം അമേരിക്ക സന്ദര്‍ശിച്ചതിന്റെ രാഷ്ട്രീയവും ചര്‍ച്ച ചെയ്യേണ്ടതാണ്.

ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ട് ( ഐ ഐ ഐ ടി) എന്ന അമേരിക്കന്‍ സ്ഥാപനം ഒരു സാമ്രാജ്യത്വ വിരുദ്ധ സര്‍ക്കാര്‍ വിരുദ്ധ സംരഭം ആയിരിക്കുമെന്ന് കണക്കുകൂട്ടലില്‍ അവരുടെ വെബ്‌സൈറ്റില്‍ കയറിയപ്പോള്‍ ആകെ ഒരു കണ്‍ഫ്യൂഷന്‍. അമേരിക്കന്‍ മുസ്‌ലിംകളെയും, അമേരിക്കന്‍ ഗവണ്‍മെന്റിനെയും പൊതു നന്മക്ക് വേണ്ടി ഒരുമിപ്പിക്കുന്നതില്‍ പങ്കു വഹിക്കുന്ന സംഘടനകളില്‍ ഒന്നാണ് ഐ ഐ ഐ ടി. മിഷിഗണ്‍ സര്‍വകലാശാലയിലെയും നോട്ടര്‍ഡാം, ഹൊവാര്‍ഡ്, ജോര്‍ജ്മാസണ്‍ യൂനിവാഴ്‌സിറ്റികളിലെയും പ്രൊഫസര്‍മാരാണ് ഐ ഐ ഐ ടിയുടെ സംഘാടകര്‍. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസിനെ അമേരിക്കയിലെ ഐ ഐ ഐ ടിയുടെ അഫിലിയേറ്റഡ് സംഘടനയായി അംഗീകരിച്ചിട്ടുണ്ട്.

ഇസ്‌ലാമിക ചിന്തകളുടെ പുനരുഥാനത്തിനും, അറിവിന്റെ ഇസ്ലാമിക വത്കരണത്തിനുമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് ഐ ഐ ഐ ടി അവകാശപ്പെടുന്നത്. എങ്കിലും അമേരിക്കന്‍ സര്‍ക്കാറുമായി സഹവര്‍ത്വിത്തത്തിലുള്ള അമേരിക്കന്‍ ഐക്യനാടുകളിലെ സംഘടനയുമായി ബന്ധം സ്ഥാപിക്കാന്‍ പാടുണ്ടോ എന്നതിന് വ്യക്തമായ വിശദീകരണം നല്കണം. അമേരിക്ക സന്ദര്‍ശിക്കുന്നതും, അമേരിക്കന്‍ ഉദ്യോഗസ്ഥരെ സ്വന്തം ആസ്ഥാനത്ത് സ്വീകരിക്കുന്നതും, അമേരിക്കയിലെ ഒരു സംഘടനയില്‍ അഫിലിയേറ്റ് ചെയ്യുന്നതും, അവിടെ നിന്ന് ഫണ്ട് സ്വീകരിക്കുന്നതും, ജോര്‍ജ് ബുഷിനെ അഭിനന്ദിക്കുന്നതും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസ് ആകുമ്പോള്‍ സത്കര്‍മ്മമാകുന്നു. ഒബ്ജക്ടീവ് സ്റ്റഡീസ് ചെയര്‍മാന്‍ കോഴിക്കോട്ട് ദിനപത്രത്തിന് പ്രകാശനത്തിനെത്തുന്നു. അമേരിക്ക സന്ദര്‍ശിക്കുന്നു. അപ്പോള്‍ അമേരിക്കന്‍ ദാസ്യവേലയുടെ മാനദണ്ഡങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ പോപ്പുലര്‍ഫ്രണ്ട് ഏറെ വിയര്‍ക്കേണ്ടി വരും. അമേരിക്കയെ എതിര്‍ക്കുന്നതാണ് പോപ്പുലര്‍ ഫ്രണ്ട് ചെയ്ത് അപരാധം എന്ന അവകാശം സ്ഥാപിച്ചെടുക്കാന്‍ ഇപ്പോള്‍ കളിക്കുന്ന സര്‍ക്കസുകള്‍ മതിയാവില്ല.
വിക്കിലീക്‌സ് വെളിപ്പെടുത്തലുകളെ തുടര്‍ന്ന് കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ദിനപത്രം ഉയര്‍ത്തിയ അനാവശ്യവിവാദം കേരളമുസ്‌ലിംകളുടെ അജണ്ടകളുടെ വഴി തിരിച്ചു വിടാനുള്ളതാണ്. അതില്‍ കയറി പിടിച്ച് ജമാഅത്തെ ഇസ്‌ലാമിയും, അതിന്റെ പ്രസിദ്ധീകരണവും വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ മെനക്കെടുന്നത് പഴയ സഹയാത്രികരോടുള്ള കടപ്പാട് കൊണ്ട് മാത്രമല്ല, ആദര്‍ശപ്പൊരുത്തം കൊണ്ട് കൂടിയാണ്. എം കെ മുനീറിനെതിരെ പ്രക്ഷോഭം നടത്തുമെന്നാണ് ജമാഅത്തെ ഇസ്‌ലാമി യുവജന വിഭാഗമായ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കന്‍ സര്‍ക്കാറിന്റെ ആതിഥേയത്വം സ്വീകരിച്ച ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ എമ്പാടുമുണ്ട്. ഇന്ത്യയിലെ ജമാഅത്തെ ഇസ്‌ലാമി സ്ഥാപനങ്ങളില്‍ അമേരിക്കന്‍ പ്രതിനിധികള്‍ സന്ദര്‍ശനം നടത്തിയതിന് നിരവധി തെളിവുകളുമുണ്ട്. സ്വന്തം നേതാക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ പ്രക്ഷോഭം നടത്തിയതിന് ശേഷമേ മുനീറിനെതിരെ പ്രക്ഷോഭം നടത്താന്‍ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന് ധാര്‍മ്മികാവകാശമുള്ളൂ. അമേരിക്ക സന്ദര്‍ശിച്ചവരും, അമേരിക്കന്‍ സര്‍ക്കാറിന്റെ പൊതൂപരിപാടികളില്‍ പങ്കെടുത്തവരും ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളെ സംഘടനയില്‍ നിന്ന് പുറത്താക്കിയിട്ടാണ് ജമാഅത്തെ ഇസ്‌ലാമി എം കെ മുനീറിന്റെ രാജി ആവശ്യപ്പെടുന്നതെങ്കില്‍ അതിന് മാന്യതയുണ്ടാകുമായിരുന്നു. അഖിലേന്ത്യാ ശൂറാ അംഗങ്ങള്‍ക്ക് ബാധകമാകാത്ത കാര്യങ്ങള്‍ മുനീറിന് മാത്രം ബാധകമാകുന്നത് എങ്ങനെയെന്ന് സോളിഡാരിറ്റി വിശദീകരിക്കണം

ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ട് ( ഐ ഐ ഐ ടി) എന്ന അമേരിക്കന്‍ സ്ഥാപനം ഒരു സാമ്രാജ്യത്വ വിരുദ്ധ സര്‍ക്കാര്‍ വിരുദ്ധ സംരഭം ആയിരിക്കുമെന്ന് കണക്കുകൂട്ടലില്‍ അവരുടെ വെബ്‌സൈറ്റില്‍ കയറിയപ്പോള്‍ ആകെ ഒരു കണ്‍ഫ്യൂഷന്‍. അമേരിക്കന്‍ മുസ്‌ലിംകളെയും, അമേരിക്കന്‍ ഗവണ്‍മെന്റിനെയും പൊതു നന്മക്ക് വേണ്ടി ഒരുമിപ്പിക്കുന്നതില്‍ പങ്കു വഹിക്കുന്ന സംഘടനകളില്‍ ഒന്നാണ് ഐ ഐ ഐ ടി. മിഷിഗണ്‍ സര്‍വകലാശാലയിലെയും നോട്ടര്‍ഡാം, ഹൊവാര്‍ഡ്, ജോര്‍ജ്മാസണ്‍ യൂനിവാഴ്‌സിറ്റികളിലെയും പ്രൊഫസര്‍മാരാണ് ഐ ഐ ഐ ടിയുടെ സംഘാടകര്‍. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസിനെ അമേരിക്കയിലെ ഐ ഐ ഐ ടിയുടെ അഫിലിയേറ്റഡ് സംഘടനയായി അംഗീകരിച്ചിട്ടുണ്ട്.

വിക്കിലീക്‌സ് വെളിപ്പെടുത്തലുകളെ തുടര്‍ന്ന് കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ദിനപത്രം ഉയര്‍ത്തിയ അനാവശ്യവിവാദം കേരളമുസ്‌ലിംകളുടെ അജണ്ടകളുടെ വഴി തിരിച്ചു വിടാനുള്ളതാണ്. അതില്‍ കയറി പിടിച്ച് ജമാഅത്തെ ഇസ്‌ലാമിയും, അതിന്റെ പ്രസിദ്ധീകരണവും വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ മെനക്കെടുന്നത് പഴയ സഹയാത്രികരോടുള്ള കടപ്പാട് കൊണ്ട് മാത്രമല്ല, ആദര്‍ശപ്പൊരുത്തം കൊണ്ട് കൂടിയാണ്. എം കെ മുനീറിനെതിരെ പ്രക്ഷോഭം നടത്തുമെന്നാണ് ജമാഅത്തെ ഇസ്‌ലാമി യുവജന വിഭാഗമായ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കന്‍ സര്‍ക്കാറിന്റെ ആതിഥേയത്വം സ്വീകരിച്ച ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ എമ്പാടുമുണ്ട്. ഇന്ത്യയിലെ ജമാഅത്തെ ഇസ്‌ലാമി സ്ഥാപനങ്ങളില്‍ അമേരിക്കന്‍ പ്രതിനിധികള്‍ സന്ദര്‍ശനം നടത്തിയതിന് നിരവധി തെളിവുകളുമുണ്ട്. സ്വന്തം നേതാക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ പ്രക്ഷോഭം നടത്തിയതിന് ശേഷമേ മുനീറിനെതിരെ പ്രക്ഷോഭം നടത്താന്‍ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന് ധാര്‍മ്മികാവകാശമുള്ളൂ. അമേരിക്ക സന്ദര്‍ശിച്ചവരും, അമേരിക്കന്‍ സര്‍ക്കാറിന്റെ പൊതൂപരിപാടികളില്‍ പങ്കെടുത്തവരും ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളെ സംഘടനയില്‍ നിന്ന് പുറത്താക്കിയിട്ടാണ് ജമാഅത്തെ ഇസ്‌ലാമി എം കെ മുനീറിന്റെ രാജി ആവശ്യപ്പെടുന്നതെങ്കില്‍ അതിന് മാന്യതയുണ്ടാകുമായിരുന്നു. അഖിലേന്ത്യാ ശൂറാ അംഗങ്ങള്‍ക്ക് ബാധകമാകാത്ത കാര്യങ്ങള്‍ മുനീറിന് മാത്രം ബാധകമാകുന്നത് എങ്ങനെയെന്ന് സോളിഡാരിറ്റി വിശദീകരിക്കണം