Friday, June 1, 2012

ഹൈന്ദവ കേരളത്തിലെ നെയ്യാറ്റിന്‍കര

http://www.varthamanam.com/index.php/editorial/13589-2012-05-03-19-37-34 നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ ജയിക്കാന്‍ തന്നെയാണ് മത്സരിക്കുന്നത്. ജയിച്ചില്ലെങ്കിലും രണ്ടാം സ്ഥാനം കിട്ടണം. അതുമില്ലെങ്കില്‍ തിളങ്ങുന്ന മൂന്നാം സ്ഥാനം വേണം. നെയ്യാറ്റിന്‍കര ഒരു പരീക്ഷണശാലയാണ്. അധികാരത്തിലേക്ക് കലാപച്ചാലുകള്‍ നീന്തിക്കടക്കാന്‍ ശ്രമിക്കുന്ന ബി ജെ പിക്ക് നെയ്യാറ്റിന്‍കര വലിയൊരു പരീക്ഷണശാലയാണ്. അലിയുടെ മന്ത്രി സ്ഥാനത്തോടെ സാമുദായിക സന്തുലനം തകര്‍ന്നു കഴിഞ്ഞ കേരളത്തില്‍ രാഷ്ട്രീയവിജയം നേടാനാവുമോ എന്നാണ് ഒ രാജഗോപാലിന്റെ സ്ഥാനാര്‍ഥിത്വത്തോടെ ബി ജെ പി ഉറ്റുനോക്കുന്നത്. കോടിയേരി ബാലകൃഷ്ണന്‍ മുതല്‍ പിണറായി വിജയന്‍ വരെയുള്ള ഒന്നാം നമ്പര്‍ മതേതരവാദികള്‍ പ്രസ്താവന യുദ്ധങ്ങളിലൂടെ മുറിവേല്‍പിച്ച കേരളത്തിന്റെ മതേതര മനസ്സില്‍ നിന്ന് വര്‍ഗ്ഗീയതയുടെ ചെകുത്താന്‍പൂക്കള്‍ വിരിയിക്കാന്‍ സംഘ്പരിവാര്‍ അജണ്ടകള്‍ മെനയുന്ന നെയ്യാറ്റിന്‍കരയിലാണ് ജൂണ്‍ രണ്ടിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. യു ഡി എഫിനും, എല്‍ ഡി എഫിനും രാഷ്ട്രീയ അജണ്ടകള്‍ ഉള്ള നെയ്യാറ്റിന്‍കരയില്‍ ഹിന്ദുത്വഫാസിസത്തിനും രാഷ്ട്രീയ വര്‍ഗ്ഗീയ അജണ്ടകള്‍ ഏറെയുണ്ട്. എല്‍ ഡി എഫിലും, യു ഡി എഫിലും രണ്ട് നാടാര്‍ ക്രിസ്ത്യാനികള്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ നായര്‍ സര്‍വീസ് സൊസൈറ്റി സമദൂര സിദ്ധാന്തം വെടിഞ്ഞ് ബി ജെ പി സ്ഥാനാര്‍ഥി ഒ രാജഗോപാലിനെ പിന്തുണക്കുമെന്ന് ഹൈന്ദവ കേരളം വെബ്‌സൈറ്റ് പറയുന്നു. എന്‍ എസ് എസ് സെക്രട്ടറി സുകുമാരന്‍ നായര്‍ ബി ജെ പി നേതാവ് ഒ രാജഗോപാലിനെ കണ്ടതിനു ശേഷമാണ് ഹൈന്ദവ കേരളം രാജഗോപാലിന് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥന നടത്തിയിട്ടുള്ളത്. കേരളത്തില്‍ വര്‍ഗ്ഗീയത വളര്‍ത്താന്‍ പ്രിന്റ്, ദൃശ്യമാധ്യമങ്ങളില്‍ ഏറെ പണിയെടുത്തിട്ടും വിജയിക്കാതെ വന്ന ഹിന്ദുത്വ തീവ്രവാദം ഇപ്പോള്‍ കൂടുതല്‍ വിഷലിപ്തമായ പ്രചാരണങ്ങള്‍ക്ക് വെബ്‌സൈറ്റുകളെയാണ് ആശ്രയിക്കുന്നത്. ലൗജിഹാദ് വിവാദത്തില്‍ പ്രതിസ്ഥാനത്ത് വന്ന ഹിന്ദുജാഗ്രുതി ഡോട്ട് ഓര്‍ഗിനെ പോലെ അഞ്ചു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റാണ് ഹൈന്ദവകേരളംഡോട്ട് കോം (ംംം.വമശിറമ്മസലൃമഹമാ.രീാ). ഏപ്രില്‍ 24ന് ഹൈന്ദവകേരളം. കോം പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ട് ഏറെ ഗൗരവമുള്ളതാണ്. നാരായണപ്പണിക്കര്‍ക്ക് ശേഷം എന്‍ എസ് എസ് നേതൃത്വത്തിലെത്തിയ സുകുമാരന്‍ നായര്‍ എന്‍ എസ് എസിനെ ആര്‍ എസ് എസിന്റെ ആലയില്‍ കൊണ്ടു പോയി കെട്ടാന്‍ ശ്രമിക്കുകയാണ് എന്ന ആരോപണം ശക്തിപ്പെട്ടു വരികയാണ്. കേരളത്തില്‍ ഹിന്ദുക്കള്‍ നാടുവിടേണ്ട അവസ്ഥയിലാണെന്ന് പരസ്യപ്രസ്താവന ഇറക്കിയ വിവരദോഷി കൂടിയാണ് സുകുമാരന്‍ നായര്‍. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കരയിലെ ബി ജെ പി സ്ഥാനാര്‍ഥി ഒ രാജഗോപാലുമായി കൂടിക്കാഴ്ച നടത്തിയ വിവരം പ്രാധാന്യപൂര്‍വ്വം നല്കിയത് അമൃത ടി വിയാണ്. മാതാഅമൃതാനന്ദമയിയുടെ ഉടമസ്ഥതയിലുള്ള അമൃത ടി വി ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത് കേരളത്തില്‍ മുന്നണികള്‍ക്ക് ബദല്‍ ഉയര്‍ന്നു വരുന്നതിലെ സന്തോഷത്തോടെയായിരുന്നു. എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ള 12 ഹിന്ദു സംഘടനാ നേതാക്കളുമായി നേരിട്ട് ചര്‍ച്ച നടത്തിയാണ് നെയ്യാറ്റിന്‍കരയില്‍ രാജഗോപാല്‍ ചുവടുറപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. നെയ്യാറ്റിന്‍കരയിലെ യു ഡി എഫ് സ്ഥാനാര്‍ഥി സെല്‍വരാജ് എം എല്‍ എ സ്ഥാനം രാജിവെച്ചപ്പോള്‍ ഹൈന്ദവകേരളം. കോം അദ്ദേഹത്തെ ന്യൂനപക്ഷനാടാര്‍ സമുദായത്തിന്റെ നേതാവ് ആയി ആണ് വിശേഷിപ്പിച്ചിരുന്നത്. മാര്‍ച്ച് 10ന് വെബ്‌സൈറ്റ് നല്കിയ വാര്‍ത്തയില്‍ നാടാര്‍ സമുദായത്തിന്റെ നേതാവായും, ന്യൂനപക്ഷത്തിന്റെ പ്രതിനിധി സി പി എമ്മില്‍ നിന്ന് അകലുന്നതായും വാര്‍ത്ത പ്രസിദ്ധീകരിച്ചു. ഒരു സി പി എം നേതാവിനെ ജാതിനേതാവായി കണ്ട വെബ്‌സൈറ്റിന്റെ അജണ്ടകള്‍ അഞ്ചാം മന്ത്രി വിവാദത്തില്‍ എത്രകണ്ട് പ്രവര്‍ത്തിച്ചു എന്നത് രാഷ്ട്രീയ നിരീക്ഷകര്‍ ഇനിയും വിലയിരുത്തിയിട്ടില്ല. തിരുവനന്തപുരത്ത് വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കാനുള്ള ആര്‍ എസ് എസ് - ബി ജെ പി തന്ത്രത്തിന് ഹിന്ദു സമുദായത്തിലെ ചില സംഘടനകളില്‍ നിന്ന് കൂടി പിന്തുണ ലഭിക്കുന്നുണ്ടെന്ന സൂചനകളുണ്ട.് കേരളപുലയ മഹാസഭ ഗാന്ധി പാര്‍ക്കില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി ജനറല്‍ സെ്രകട്ടറി കുമ്മനം രാജശേഖരന്റെ വിഷലിപ്തമായ പ്രസംഗം ഉണ്ടായിരുന്നു. മഹാത്മാ അയ്യങ്കാളിയെ കുറിച്ചുള്ള സൂര്യദേവ് എന്ന സിനിമ പ്രദര്‍ശിപ്പിച്ച അതേ സമ്മേളനത്തിലാണ് കുമ്മനം രാജശേഖരന് പ്രസംഗിക്കാന്‍ അവസരം നല്കിയത് ആര്‍ എസ് എസിന്റെ വര്‍ഗ്ഗീയ അജണ്ടകള്‍ വിജയിക്കുന്നുവെന്നത് സൂചകമാണ്. പുലയമഹാസഭ സമ്മേളനത്തില്‍ കുമ്മനം രാജശേഖരന്‍ അത്യധികം വിഷലിപ്തമായ പ്രസ്താവനകളാണ് നടത്തിയിട്ടുള്ളത്. വരുന്ന പത്ത് വര്‍ഷത്തിനകം കേരളത്തിലെ എന്‍ജിനീയര്‍മാരും, ഡോക്ടര്‍മാരും പൂര്‍ണ്ണമായും മുസ്‌ലിംകളും, ക്രിസ്ത്യാനികളുമാകും. കോടികള്‍ ചെലവഴിച്ച് ആ സമുദായങ്ങള്‍ കോളെജുകള്‍ ആരംഭിക്കുകയാണ്. കേരളത്തിലെ കച്ചവടം, റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസം എന്നിവ ന്യൂനപക്ഷങ്ങളുടെ കരങ്ങളിലാണ്. മതപരിവര്‍ത്തനത്തെ കുറിച്ച് ആശങ്കകള്‍ പ്രകടിപ്പിച്ച കുമ്മനം രാജശേഖരന്‍ ഹിന്ദുക്കളുടെ ഐക്യത്തെ കുറിച്ചും വാചാലനാകുന്നുണ്ട്. ന്യൂനപക്ഷ കോളെജുകളില്‍ എസ് സി- എസ് ടി സംവരണം ഒഴിവാക്കണമെന്ന് മുസ്‌ലിം ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുന്നതായി ഒ രാജഗോപാല്‍ പറയുകയുണ്ടായി. പിന്നാക്ക സംവരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആര്‍ എസ് എസ് എടുത്ത കടുത്ത സവര്‍ണ്ണ നിലപാടിനെ മറച്ചു വെച്ച് കൊണ്ട് കുമ്മനം പ്രസ്താവനയിറക്കുന്നത് കൃത്യമായ വര്‍ഗ്ഗീയ രാഷ്ട്രീയ അജണ്ടകളോടെയാണ്. ലൗജിഹാദ് വിഷയത്തില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നു ഹിന്ദുജാഗ്രുതി. ഓര്‍ഗും, മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനം വാര്‍ത്തയാക്കിയിട്ടുണ്ട്. 1960ല്‍ സി എച്ച് മുഹമ്മദ് കോയയോട് തൊപ്പിയഴിച്ചു വെച്ച് സ്പീക്കര്‍ ആവാന്‍ ആവശ്യപ്പെട്ടിരുന്ന കാലത്ത് നിന്ന് മുസ്‌ലിം ലീഗ് വളര്‍ന്നതിലുള്ള കുണ്ഠിതം ഹിന്ദുജാഗ്രൂതി പങ്ക് വെക്കുന്നു. മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനത്തോടെ കേരള മന്ത്രിസഭയില്‍ ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമായതിലുള്ള പരിഭവമാണ് ഹിന്ദുജാഗ്രുതിക്ക്. (ഇതേ പരിഭവം തന്നെയാണോ കൊടിയേരി ബാലകൃഷ്ണനും, വി എസ് അച്യൂതനാന്ദനും പങ്ക് വെച്ചത് എന്ന് ചോദിക്കരുത്.) ഇക്കഴിഞ്ഞ ഏപ്രില്‍ 24ന് ചൊവ്വ കൊച്ചിയില്‍ നടന്ന ഹിന്ദു എക്കണോമിക് ഫോറത്തില്‍ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസംഗവും ഹിന്ദുജാഗ്രുതി വെബ്‌സൈറ്റില്‍ ഉണ്ട്. ഹിന്ദുക്കള്‍ ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് നടേശഗുരുക്കള്‍ പറഞ്ഞിരിക്കുന്നത്. നെയ്യാറ്റിന്‍കരയില്‍ പരമാവധി വോട്ടുകള്‍ നേടാന്‍ തന്നെയാണ് ഒ രാജഗോപാല്‍ മത്സരിക്കുന്നതെന്നാണ്‌നടേശന്‍ പറഞ്ഞത്. എന്നാല്‍ എസ് എന്‍ ഡി പി യോഗം ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും നടേശന്‍ പറയുന്നുണ്ട്. പതിനായിരത്തിലേറെ വോട്ട് നെയ്യാറ്റിന്‍കരയില്‍ ഒ രാജഗോപാലിന് നേടാനായാല്‍ അത് വര്‍ഗ്ഗീയതയുടെ വിജയമാണ്. കുറയുന്ന വോട്ട് കോണ്‍ഗ്രസിന്റേതോ, സി പി എമ്മിന്റെതോ എന്നത് മാത്രമാണ് തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ചയാകുക. അഞ്ചാം മന്ത്രി സ്ഥാനത്തോടെ സാമുദായിക സന്തുലനം തകര്‍ന്നുവെന്ന പ്രചാരണം സി പി എം നെയ്യാറ്റിന്‍കരയില്‍ ആവര്‍ത്തിച്ചാല്‍ ഭൂരിപക്ഷ വോട്ടുകള്‍ യു ഡി എഫില്‍ നിന്ന് അകലും. എന്നാല്‍ അത് താമരയില്‍ വീണാല്‍ അതിന്റെ ഉത്തരവാദിത്തം സി പി എമ്മിന് മാത്രമായിരിക്കും. ബി ജെ പിയുടെ രാഷ്ട്രീയ അജണ്ടകളെ എങ്ങനെ പരാജയപ്പെടുത്താം എന്ന ആലോചന കൂടി നെയ്യാറ്റിന്‍കരയില്‍ ഉണ്ടാകണം. ഒ രാജഗോപാല്‍ ബി ജെ പിക്ക് വലിയ നേതാവാണ്. എന്നാല്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് രാജ്യസഭ വഴി ഒരിക്കല്‍ കേന്ദ്രസഹമന്ത്രി പദത്തില്‍ എത്തിയിട്ടുണ്ടെന്നത് ഒഴിച്ചാല്‍ അദ്ദേഹം കേരള രാഷ്ട്രീയത്തില്‍ പ്രസക്തനേ അല്ല. എന്നിട്ടും രാജേട്ടനെ ബി ജെ പിയുടെ മികച്ച സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന ചില ദൃശ്യമാധ്യമങ്ങളുടെ സംഘ്പരിവാര്‍ അജണ്ട കൂടി പരാജയപ്പെടുത്തേണ്ട ബാധ്യത നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ഉണ്ട്. മൂന്നാം സ്ഥാനത്തിന് വേണ്ടി പൊരുതുന്ന ഒരു സ്ഥാനാര്‍ഥിക്ക് ഇത്ര മേല്‍ പ്രാധാന്യം നല്കുകയും, ദേ നെയ്യാറ്റിന്‍കരയില്‍ ത്രികോണ മത്സരമാണ് എന്ന് പറയുകയും ചെയ്യുന്ന മാധ്യമതന്ത്രം അങ്ങേ തരംതാഴ്ന്നതാണ്. നെയ്യാറ്റിന്‍കരയില്‍ രണ്ടു പ്രധാന സ്ഥാനാര്‍ഥികളെ ഉള്ളൂ. പത്ത് ശതമാനത്തില്‍ താഴെ വോട്ട് നേടാന്‍ സാധ്യതയുള്ള ഒരു പഴയ കാവി നിക്കറുകാരന്‍ അവിടെ പ്രധാന സ്ഥാനാര്‍ഥിയേ അല്ല. അദ്ദേഹം പിടക്കുന്ന ഏതാനും ആയിരം വോട്ടുകള്‍ യു ഡി എഫ് അനുകൂല സവര്‍ണ്ണ വോട്ടുകളാണെങ്കില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജയിക്കും എന്നത് മാത്രമാണ് അദ്ദേഹത്തെ പ്രസക്തനാക്കുന്ന പോയിന്റ്. തിരിച്ച് എല്‍ ഡി എഫ് അനുകൂല വോട്ട് ബി ജെ പി പിടിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇമേജ് കാന്‍ഡിഡേറ്റുള്ളതിനാല്‍ വോട്ട് വില്ക്കാന്‍ ഇത്തവണ കൂടുതല്‍ പണം കിട്ടണമെന്ന് ബി ജെ പി ആവശ്യപ്പെട്ടാല്‍ ആ വോട്ട് മൊത്തമായി കൂടിയ കച്ചവടമാക്കാന്‍ മാത്രമേ ഉള്ളൂവെന്ന് കൂടി വിസ്മരിക്കരുത്.

Thursday, May 17, 2012

വെട്ടിമാറ്റിയ ശിഖരങ്ങള്‍ തളിര്‍ക്കുന്ന കാലം വരും


വെട്ടിമാറ്റിയ ശിഖരങ്ങള്‍ തളിര്‍ക്കുന്ന കാലം വരും ടി. റിയാസ് മോന്‍ 2002-ല്‍ സംഭവിച്ച മുജാഹിദ് സംഘടനാ പിളര്‍പ്പ് 1921-ല്‍ മുസ്ലിം ഐക്യസംഘത്തോടെ ആരംഭിച്ച ഒരു മുന്നേറ്റത്തിന് പതര്‍ച്ചയുണ്ടാക്കുകയും, സമുദായത്തിന് പ്രകാശഗോപുരമായി നിന്ന പ്രസ്ഥാനത്തെ പരിഹാസ്യതയുടെ നോക്കുകുത്തിക്കോലമായി മാറ്റുകയും ചെയ്തു. ഈ പ്രതിസന്ധിഘട്ടത്തെ കേരളത്തിലെ മുസ്ലിം നവോത്ഥാന പ്രസ്ഥാനത്തിന്റെ അകാല ചരമത്തിനുള്ള രോഗാവസ്ഥയായി നിരീക്ഷിക്കുന്നവരുമുണ്ട്. കഴിഞ്ഞ നൂറ്റാണ്ടില്‍ വമ്പിച്ച സാമൂഹിക പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരുടെ പിന്മുറക്കാരാണ് ഇവരെന്ന് ആരെങ്കിലും മുജാഹിദുകളെ ചൂണ്ടി പറഞ്ഞാല്‍ കേട്ടവര്‍ വാപൊത്തി ചിരിക്കും വിധമുള്ള കോലത്തില്‍ വസ്ത്രധാരണത്തില്‍ പോലും അവര്‍ പിന്തിരിപ്പന്മാരായിത്തീരുകയും ചെയ്തിട്ടുണ്ട്. എങ്കിലും മുജാഹിദ് പ്രസ്ഥാനത്തിന് കേരളീയ മുസ്ലിം ഭൂപടത്തില്‍ നിര്‍ണായകമായി സ്വാധീനം ചെലുത്താന്‍ കഴിയുംവിധം നിലനില്‍ക്കാനും അതിജീവിക്കാനുമുള്ള കരുത്തുണ്ട്. അത്ര കണ്ട് ഹ്യൂമന്‍ റിസോഴ്സും വിഭവ ശേഷിയും അതിനുണ്ട്. പുതിയ കാലത്തെ മതനേതൃത്വം മൌലവിമാരില്‍ നിന്നും മുല്ലമാരില്‍ നിന്നും പ്രഫഷനലുകളിലേക്കും ഗവേഷകരിലേക്കും സോഷ്യോളജിസ്റുകളിലേക്കും പരിവര്‍ത്തിക്കുന്ന ഘട്ടമാണിത്. സമ്മേളനങ്ങള്‍ക്കും യാത്രകള്‍ക്കും വാള്‍പോസ്ററുകള്‍ക്കും റാലികള്‍ക്കും അപ്പുറത്ത് പ്രവര്‍ത്തനങ്ങളുടെ വിശാലമായ ഭൂമിക തുറന്നുവരുന്നുണ്ട്. എന്നാല്‍, കാലത്തിന്റെ ആവശ്യകതക്കനുസരിച്ച് മാറാന്‍ സാധിക്കാതിരിക്കുകയും കാലത്തിന്റെ വളര്‍ച്ചയെ അംഗീകരിക്കാതിരിക്കുകയും ചെയ്ത മൌലവിമാര്‍ മുജാഹിദ് പ്രസ്ഥാനത്തെ ഇന്നീ കാണുംവിധം അപഹാസ്യമാക്കി മാറ്റി. വക്കം അബ്ദുല്‍ഖാദര്‍ മൌലവിയുടെ തുടര്‍ച്ച പുതിയ കാലത്തെ മൌലവിമാരില്‍ ഉണ്ടായില്ല. അവരില്‍ നമുക്ക് കാണാനായത് ഉത്തരേന്ത്യയിലെ മുല്ലമാരുടെയും മൌലാനമാരുടെയും തനിസ്വരൂപങ്ങളെയായി പോയി. അവര്‍ മൈതാനികളില്‍ ആളെക്കൂട്ടി ആവേശംകൊള്ളിക്കുകയും, കര്‍മശാസ്ത്ര പ്രശ്നങ്ങളില്‍ കുഴഞ്ഞു മറിയുകയും ചെയ്തു. വക്കം മൌലവിയുടെയും മക്തിതങ്ങളുടെയും പിന്മുറക്കാര്‍ ഈ താല്‍ക്കാലിക പ്രതിഭാസങ്ങളോടെ നശിച്ച് മണ്ണടിയുമെന്ന് മാത്രം നിരീക്ഷിക്കരുത്. കുറച്ചു കാലം കൂടി അലക്ഷ്യമായി ഈ നൌക അലയും. എന്നാല്‍ വിവാദങ്ങളിലൂടെ ഈ പ്രസ്ഥാനത്തെ തുഴഞ്ഞു കാലം കഴിക്കുന്ന മുല്ലമാരെ കുത്തിനു പിടിച്ച് പുറത്തിട്ട് പ്രസ്ഥാനത്തിലെ കാര്യബോധമുള്ളവര്‍ മുന്നോട്ട് പോവുക തന്നെ ചെയ്യും. കേരളത്തിന്റെ സാമൂഹികാവസ്ഥകളെ കുറിച്ച് കൃത്യമായ ബോധ്യമുള്ള ഒരു തലമുറ മുജാഹിദ് പ്രസ്ഥാനത്തില്‍ വളരുന്നുണ്ട്. ഖൈറു ഉമ്മ എന്ന ഉജ്വലമായ സംസ്കാരത്തിന്റെ പ്രതിനിധാനങ്ങളാകേണ്ടവരാണ് തങ്ങള്‍ എന്ന ഉള്‍വിളി പ്രസ്ഥാനത്തിന്റെ പുത്തന്‍തലമുറക്കുണ്ട്. ആ ലക്ഷ്യത്തിലേക്ക് പ്രസ്ഥാനത്തെ എത്തിക്കുക എന്ന മഹത്തായ ഉത്തരവാദിത്വത്തിലേക്ക് തൌഹീദില്‍ ഊന്നിക്കൊണ്ട് നയിക്കാനുള്ള പ്രാപ്തി അവര്‍ക്കുണ്ട്. ഈ സമൂഹത്തെ ഈ കാലത്തും ലോകത്തും ജീവിക്കാന്‍ യോഗ്യതയുള്ളവരാക്കി തീര്‍ക്കുകയും, ചോദ്യങ്ങളെയും വെല്ലുവിളികളെയും നേരിടാന്‍ ത്രാണിയുള്ളവരാക്കുകയും ചെയ്യാനുള്ള ശിക്ഷണവും പാഠങ്ങളും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. 'മുജാഹിദ് പ്രസ്ഥാനം നവോത്ഥാനത്തില്‍ നിന്ന് നവയാഥാസ്ഥിതികതയിലേക്ക്' എന്ന പഠനം (ലക്കം 46) പങ്കുവെക്കുന്ന ആശങ്കകള്‍ ഏറെക്കുറെ ശരിയാണ്. എന്നാല്‍, ചിലതു അതോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം വിവിധ സലഫീ ഗ്രൂപ്പുകളുടെ ചിന്താധാരകളില്‍ ഏതിനെയാണ് പിന്തുടരുന്നത്? സയ്യിദ് റശീദ് രിദയുടെ ഈജിപ്ഷ്യന്‍ ഇസ്ലാഹി മൂവ്മെന്റിനെയാണോ? സുഊദി വഹാബിസത്തെയാണോ, യമനിലെ ശൈഖ് മുഖ്ബിലിന്റെ സങ്കുചിത സലഫിയ്യത്തിനെയാണോ? കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഏതെങ്കിലും ചിന്താധാരയുടെ കേരള എഡിഷനല്ല എന്ന് തിരിച്ചറിയാനുള്ള ചരിത്രബോധം പലര്‍ക്കും നഷ്ടമാവുകയാണ്. സലഫി പ്രസ്ഥാനങ്ങളുടെ സ്വഭാവവും രീതിയും അനുസരിച്ച് സലഫിയ്യ അഖ്ലാനിയ്യ, സലഫിയ്യ തഖ്ലീദിയ്യ, സലഫിയ്യ ജിഹാദിയ്യ, സലഫിയ്യ അല്‍ബാനിയ്യ എന്നൊക്കെയായി ഗവേഷകര്‍ തരംതിരിക്കുന്നുണ്ടായിരിക്കാം. എന്നാല്‍, വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളെ ഉള്‍ക്കൊള്ളാനുള്ള വിശാലത ഉടനീളം കാണിച്ചവരാണ് സലഫികള്‍ എന്ന് മറന്നു പോകരുത്. അത് കൊണ്ടാണ് സുഊദി അറേബ്യയിലെ വഹാബി പ്രസ്ഥാനത്തിനകത്ത് ശൈഖ് ഇബ്നുബാസിനും ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനിക്കും വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ സാധിച്ചത്. എന്നാല്‍ സലഫികള്‍ അതേ തുടര്‍ന്ന് ബാസികളും അല്‍ബാനികളുമായി ചേരി തിരിഞ്ഞിട്ടില്ല. എന്നാല്‍ കുറച്ചു കാലമായി സ്ഥിതികള്‍ മാറിയിട്ടുണ്ട്. കേരള നദ്വത്തുല്‍ മുജാഹിദീന്‍ 2002-ല്‍ നെടുകെ പിളര്‍ന്നതും ആ പിളര്‍പ്പിനിടയില്‍ ചെറു സംഘങ്ങള്‍ രൂപപ്പെട്ടതും ചിലര്‍ യമനിലേക്കും, മറ്റു ചിലര്‍ അത്തിക്കാട്ടേക്കും കുടിയേറിയതും ചെറുവാടിയിലും തിരൂര്‍ക്കാട്ടുമൊക്കെ ചില വിരുതന്മാര്‍ കിട്ടിയ അവസരത്തില്‍ ജിന്ന് ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിച്ചതും ഒരു പ്രസ്ഥാനം അനുഭവിക്കുന്ന ദയനീയതകളാണ് എന്ന് സമ്മതിക്കുന്നു. എന്നാല്‍, അതിന്റെ അടിസ്ഥാന കാരണം മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളും പ്രബോധന മര്യാദകളും മറന്ന് പോയത് തന്നെയാണ്. ഭിന്നിപ്പിന്റെ പ്രത്യയശാസ്ത്ര പരിസരം രൂപപ്പെടുന്നത് തൊണ്ണൂറുകളിലാണ്. ആഗോളതലത്തില്‍ സലഫി പ്രസ്ഥാനത്തില്‍ രൂപപ്പെട്ട ആശയസംഘര്‍ഷങ്ങളുടെ അലയൊലിയാണ് കേരളത്തില്‍ ഉണ്ടായതെന്ന വാദവും അംഗീകരിക്കുന്നു. എന്നാല്‍ കേരള നദ്വത്തുല്‍ മുജാഹിദീനിലെ പിളര്‍പ്പ് വിലയിരുത്തപ്പെടേണ്ടത് കേരളീയ സാഹചര്യത്തില്‍ തന്നെയാണ്. കാരണം, തികച്ചും കേരളീയ സാഹചര്യത്തില്‍ രൂപപ്പെട്ട പ്രസ്ഥാനം നിലനില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതും കേരളത്തില്‍ തന്നെയാണ്. 19-ാം നൂറ്റാണ്ടിന്റെ ഒടുക്കത്തിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യത്തിലും ലോകത്ത് ശക്തിയാര്‍ജിച്ച മുസ്ലിം നവോത്ഥാന പ്രസ്ഥാനങ്ങളുമായി അതിന് ബന്ധം ഉണ്ടായിരുന്നു. എങ്കിലും അതിന്റെ അജണ്ടകളും സ്വഭാവവും നിശ്ചയിക്കപ്പെട്ടത് മലയാളി മുസ്ലിമിന്റെ വര്‍ത്തമാന കാലാവസ്ഥയില്‍ നിന്നായിരുന്നു. ഈജിപ്തിലെ സയ്യിദ് റശീദ് രിദയുടെ ഇസ്ലാഹി മൂവ്മെന്റിനോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന മുന്നേറ്റം കെ.എം മൌലവിയുടെ കാലത്ത് സുഊദി വഹാബിസത്തോട് കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തിയെന്ന കണ്ടെത്തല്‍ നടത്തുന്നത് അദ്ദേഹത്തിന്റെ സുഊദ് രാജാവുമായുള്ള കൂടിക്കാഴ്ചയെ അവംലംബമാക്കിയാണെങ്കില്‍ പൂര്‍ണമായും വസ്തുതാപരമല്ല. മുസ്ലിം ഐക്യസംഘത്തിന്റെ വിശാലമായ കാഴ്ചപ്പാടുകളെ ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു കെ.എം മൌലവി ചെയതത്. ആ ജീവിതം അക്കാര്യം വ്യക്തമാക്കുന്നുണ്ട്. തിരൂരങ്ങാടി യതീംഖാനയും ഫാറൂഖ് കോളേജും സ്ഥാപിക്കുന്നതില്‍ കെ.എം മൌലവി നേതൃപരമായ പങ്കാണ് വഹിച്ചത്. സുഊദിയില്‍ നിന്ന് പഠിച്ചല്ല കെ.എം മൌലവി അത് ചെയ്തത്. കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന കെ.എം മൌലവി മുസ്ലിം ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായിരുന്നു. രാഷ്ട്രീയത്തിലും വിദ്യാഭ്യാസരംഗത്തും, സാമൂഹികക്ഷേമ രംഗത്തും അടിയുറച്ച് നിന്ന മതസംഘടനാ നേതാവായിരുന്നു തയ്യില്‍ മുഹമ്മദ് കുട്ടി മുസ്ലിയാര്‍ എന്ന കെ.എം മൌലവി. സുഊദി സലഫിസത്തിന്റെ സ്വാധീനം കെ.എം മൌലവിയുടെ കാലത്ത് മുജാഹിദ് പ്രസ്ഥാനത്തിലേക്ക് കയറിവന്നു എന്ന നിരീക്ഷണം ചരിത്രവിരുദ്ധമാണ്. മുജാഹിദ് പ്രസ്ഥാനത്തിലെ ചേരിപ്പോരിന്റെ പശ്ചാത്തലം പരിശോധിക്കുമ്പോള്‍ പ്രസ്ഥാനത്തിന് രാഷ്ട്രീയമായ ബോധ്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് വിലയിരുത്തുന്നതും ചരിത്രത്തോടുള്ള അനീതിയാണ്. കേരള നദ്വത്തുല്‍ മുജാഹിദീന്‍ ഇന്നേവരെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുകയോ ഏതെങ്കിലും പാര്‍ട്ടിയെ പരസ്യമായി പിന്തുണക്കുകയോ ചെയ്തിട്ടില്ല. കേരളീയ ജനാധിപത്യ സാഹചര്യങ്ങളില്‍ അതു സ്വീകരിച്ച ഇജ്തിഹാദി നിലപാട് കൂടിയാണ് അത്. കൃത്യമായ രാഷ്ട്രീയ ബോധമുള്ള പ്രവര്‍ത്തകരെ അത് മുസ്ലിം കേരളത്തിന് സംഭാവന നല്‍കിയിട്ടുണ്ട്. കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് സാലേ സേട്ട് സാഹിബ് രാജ്യസഭാ അംഗമായിരുന്നു. കെ.എം സീതിസാഹിബ് കേരള നിയമസഭാ സ്പീക്കറായിരുന്നു. സംഘടനാ ഭാരവാഹിത്വം ഉണ്ടായിരിക്കെയാണ് എ.വി അബ്ദുര്‍റഹ്മാന്‍ ഹാജി എം.എല്‍.എ ആയത്. ബി. പോക്കര്‍, ഉപ്പി സാഹിബ്, പി. സീതിഹാജി, അവുക്കാദര്‍ക്കുട്ടി നഹ എന്നിവര്‍ മുജാഹിദുകളായിരിക്കെ നിയമസഭയിലും പാര്‍ലമെന്റിലും നാടിനെ പ്രതിനിധീകരിച്ചവരാണ്. കേരള മുസ്ലിം ഐക്യസംഘത്തിന്റെ തുടര്‍ച്ചയായ മുജാഹിദ് പ്രസ്ഥാനം കേവല രാഷ്ട്രീയ പാര്‍ട്ടിയായി പരിണമിച്ചില്ല എന്ന കാരണത്താല്‍ അതിന് രാഷ്ട്രീയ ബോധം ഉണ്ടായിരുന്നില്ല എന്ന് പറയുന്നത് ശരിയല്ല. ജനാധിപത്യത്തില്‍ തന്ത്രപൂര്‍ണമായ ഇടപെടലുകള്‍ മാത്രമേ വിജയിക്കൂ എന്ന യാഥാര്‍ഥ്യം ഐക്യസംഘത്തിന്റെ പിന്മുറക്കാര്‍ ഉള്‍ക്കൊണ്ടിരുന്നു. കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തിന് ധൈഷണിക നേതൃത്വവും ദിശാബോധവും നല്‍കി എന്നതാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ സംഭാവന. മുജാഹിദ് പ്രസ്ഥാനത്തിലെ പിളര്‍പ്പിന്റെ അടിസ്ഥാന കാരണം നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ക്ക് സാമൂഹികബോധം നഷ്ടമായി എന്നത് തന്നെയാണ്. ഇത് മുജാഹിദ് പ്രസ്ഥാനത്തില്‍ സംഭവിക്കരുതായിരുന്നു. എന്നാല്‍, സമൂഹത്തെയും മതസംഘടനകളെയും മൊത്തത്തില്‍ ബാധിച്ച ദുരിതം മുജാഹിദ് പ്രസ്ഥാനത്തെയും ഗ്രസിക്കുകയായിരുന്നു. മതനേതൃത്വം അതത് കാലത്തോട് സംവദിക്കാതെ പഴയ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലെ ചര്‍ച്ചകളിലേക്ക് കൂപ്പു കുത്തിയെന്ന ദുരന്തം ഇവിടെ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ അതിന് വിരുദ്ധമായ ചിന്തകളും ധാരകളും മുജാഹിദ് പ്രസ്ഥാനത്തില്‍ സജീവമാണ്. ആ ധാരകള്‍ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് തിരിച്ചു വരുന്ന കാലം വിദൂരമല്ല. അത്തരത്തിലുള്ള ചര്‍ച്ചകളും രഞ്ജിപ്പിന്റെ സാധ്യതകളും പൂര്‍ണമായും അടഞ്ഞുപോയിട്ടില്ല. എന്നു മാത്രമല്ല, മുജാഹിദ് പ്രസ്ഥാനം ഇറങ്ങിപ്പോയ വഴികളിലേക്ക് വിശാലമായ സമുദായ സ്നേഹത്തോടെയും ഇസ്ലാമിക പ്രതിബദ്ധതയോടെയും കയറിവരാന്‍ പിന്നില്‍ കാര്യമായി ആരും ഇല്ല എന്നും കഴിഞ്ഞ ദശാബ്ദം വിളിച്ചു പറയുന്നുണ്ട്.

Tuesday, March 27, 2012

അഞ്ചാം മന്ത്രിസ്ഥാനം ഔദാര്യമല്ല

http://varthamanam.com/index.php/editorial/11251-2012-03-26-16-41-36

38 എം എല്‍ എമാരുണ്ടെങ്കില്‍ 10 മന്ത്രിമാരും 20 എം എല്‍ എമാരുണ്ടെങ്കില്‍ 4 മന്ത്രിമാരുമെന്നതാണ് ഇപ്പോഴത്തെ ന്യായം. ഇതെവിടുത്തെ ന്യായമാണെന്നാണ് മുസ്‌ലിം ലീഗിന്റെ സാധാരണ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ഒരു എം എല്‍ എയുള്ള പാര്‍ട്ടിക്ക് പോലും മന്ത്രി സ്ഥാനം കൊടുക്കുന്നത് മുന്നണി മര്യാദയാണെന്ന് വിശ്വസിക്കുന്നവരാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍. എന്നാല്‍ 20 എം എല്‍ എമാര്‍ ഉണ്ടായിട്ടും,

മുന്നണിയില്‍ നിന്ന് ഉറപ്പു ലഭിച്ചുവെന്ന് അറിയിച്ചിട്ടും അഞ്ചാം മന്ത്രി സ്ഥാനം പിറവത്തിനും, നെയ്യാറ്റിന്‍കരക്കും, അതിനു ശേഷം വരുന്ന ഉപതെരഞ്ഞെടുപ്പിനും, പിന്നീട് വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനും ശേഷം തരാമെന്ന നടക്കാത്ത വാഗ്ദാനത്തില്‍ എന്തര്‍ഥമാണുള്ളത് എന്ന് മാത്രമേ മുസ്‌ലിം ലീഗിന്റെ സാധാരണ പ്രവര്‍ത്തകര്‍ മലപ്പുറത്ത് നിന്ന് ചോദിക്കുന്നുള്ളൂ.
മഞ്ഞളാംകുഴി അലിക്ക് നല്കുന്ന സ്‌നേഹസമ്മാനമല്ല അഞ്ചാം മന്ത്രി സ്ഥാനം. മറിച്ച് രണ്ട് തവണ എം എല്‍ എയായിരിക്കുകയും, മൂന്നാം തവണയവും നിയമസഭയില്‍ അംഗമായിരിക്കുകയും ചെയ്ത നിയമസഭാസാമാജികന് അദ്ദേഹത്തിന്റെ സീനിയോറിറ്റി പരിഗണിച്ചും, ജനവികാരം മാനിച്ചും നല്‌കേണ്ട ഒന്ന് മാത്രമാണ് മന്ത്രിസഭാ പദവി. മികച്ച എം എല്‍ എയായി കഴിവ് തെളിയിച്ച, മുന്നണിയിലെ രണ്ടാം കക്ഷിയുടെ പ്രതിനിധിക്ക് സ്വാഭാവികമായും നല്കാവുന്ന ഒന്നാണ് മന്ത്രി പദവി.
മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രിയെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറയുകയുണ്ടായി. എന്‍ എസ് എസ് കേരളത്തിലെ രാഷ്ട്രീയത്തില്‍ ഇടപെടുന്നുവെന്ന് ഇന്നലെ പിണറായി വിജയനും പറയുകയുണ്ടായി. പെരുന്നയിലിരുന്ന് കല്പിക്കുന്നതിനനുസരിച്ചാണ് കെ പി സി സി പ്രസിഡന്റ് ചലിക്കുന്നതെന്ന ദുഷ്പ്രചാരണത്തിന് തന്റെ വാക്കുകള്‍ കൊണ്ടും നീക്കങ്ങള്‍ കൊണ്ടും രമേശ് അടിവരയിടുമ്പോള്‍ നഷ്ടപ്പെടുന്നത് മുസ്‌ലിം ലീഗിന്റെ കേവലമായ അധികമന്ത്രി മോഹമല്ല, മറിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സെക്യുലര്‍ ക്രെഡിബിലിറ്റി കൂടിയാണ് എന്ന് ചെന്നത്തല രമേശ് അവര്‍കള്‍ ഓര്‍ക്കണം.
മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രി അനൂപ് ജേക്കബിനൊപ്പം സത്യപ്രതിജ്ഞ ചെയ്യുമോ എന്ന മാധ്യമ ചര്‍ച്ച സജീവമായപ്പോഴേക്കും, നെയ്യാറ്റിന്‍കരയില്‍ നാടാര്‍ സമുദായത്തിന്റെ സമരവേദി ഉയര്‍ന്നു കഴിഞ്ഞു. യു ഡി എഫ് മന്ത്രിസഭയില്‍ ഒരു നാടാര്‍ മന്ത്രി എന്ന ആവശ്യമാണ് നാടാര്‍ സമുദായ നേതൃത്വം ഉന്നയിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കരയില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി തോറ്റാലും, ജയിച്ചാലും അത് ഭരണത്തെ ബാധിക്കില്ല. നെയ്യാറ്റിന്‍കര പിടിച്ചാല്‍ അത് യു ഡി എഫിന് നേട്ടമാണ് താനും. എന്നാല്‍ നെയ്യാറ്റിന്‍കരയില്‍ യു ഡി എഫ് ജയിച്ചാല്‍ ആ എം എല്‍ എക്കോ, അല്ലെങ്കില്‍ ഇപ്പോഴത്തെ ഡപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തനോ മന്ത്രി സ്ഥാനം നല്കണമെന്ന ആവശ്യമാണ് നാടാര്‍ സമുദായം ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്ത്.
നാടാര്‍ സമുദായത്തിന്റെ ഈ ആവശ്യം അന്യായമാണെന്ന് പറയുന്നില്ല. ജനാധിപത്യ സമൂഹത്തില്‍ നാടാന്‍മാര്‍ക്കും അര്‍ഹമായത് നല്കണം. കെ പി സി സിയുടെ പ്രസിഡന്റ് പദവിയിലേക്കോ, പാര്‍ലമെന്റിലേക്കോ, മന്ത്രി സഭയിലേക്കോ ഒരു നാടാര്‍ സമുദായ അംഗം എത്തുന്നതില്‍ ആരും എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടതുമല്ല.
എന്നാല്‍ നാടാര്‍ സമുദായത്തിന് നെയ്യാറ്റിന്‍കര മുന്നില്‍ നിര്‍ത്തി മന്ത്രി സ്ഥാനം ചോദിക്കുമ്പോള്‍ ഫലത്തില്‍ ഉയരുന്നത് കോണ്‍ഗ്രസിന് ഒരു മന്ത്രി സ്ഥാനം കൂടി വേണമെന്ന ആവശ്യമാണ്. അതായത് മുസ്‌ലിം ലീഗിന് ഒരു മന്ത്രിയെ കൂടി നല്കുന്നതിനെക്കാള്‍ അനിവാര്യം സാമുദായിക സന്തുലനം പാലിക്കാന്‍ കോണ്‍ഗ്രസിലൂടെ ഒരു മന്ത്രി കൂടി വരണമെന്ന ആവശ്യം. നെയ്യാറ്റിന്‍കര കാണിച്ച് യു ഡി എഫ് യോഗത്തില്‍ മുസ്‌ലിം ലീഗിനെ പേടിപ്പിച്ചു നിര്‍ത്താനുള്ള നീക്കമാണത്.
മഞ്ഞളാംകുഴി അലി കൂടി മന്ത്രിയാകുന്നതോടെ കേരളത്തിലെ എക്കാലത്തെയും വലിയ ജംബോ മന്ത്രിസഭയായി ഉമ്മന്‍ചാണ്ടി നേതൃത്വം നല്കുന്ന യു ഡി എഫ് മന്ത്രിസഭ മാറും. അത് കേരളീയ സമൂഹത്തില്‍ യു ഡി എഫിന്റെ പ്രതിഛായയെ ബാധിക്കും. ആ സാഹചര്യത്തില്‍ മന്ത്രി സഭയിലേക്ക് 20ല്‍ കൂടുതല്‍ ആളെ പ്രവേശിപ്പിക്കില്ലെന്ന് കോണ്‍ഗ്രസിന് നിലപാടെടുക്കാം. അങ്ങനെ കോണ്‍ഗ്രസ് നിലപാട് എടുത്താലും, യു ഡി എഫിനെ തകര്‍ത്ത് കേരളത്തില്‍ ഭരണഅസ്ഥിരത സൃഷ്ടിക്കാന്‍ മുസ്‌ലിം ലീഗ് തയ്യാറാവില്ലെന്നും കോണ്‍ഗ്രസിന് ബോധ്യമുണ്ട്.
മന്ത്രിസഭാ വികസനം സാധ്യമല്ലെന്ന് തറപ്പിച്ചു പറയുകയാണെങ്കില്‍ വരാനിരിക്കുന്ന രാജ്യസഭാ സീറ്റുകളുടെ വീതം വെപ്പിനെ കുറിച്ചെങ്കിലും അടുത്ത യു ഡി എഫ് യോഗത്തില്‍ ധാരണയാകണം. എങ്കില്‍ മാത്രമേ മുസ്‌ലിം ലീഗ് നേതൃത്ത്വത്തിന് അണികളെ സമാധാനിപ്പിക്കാനാവൂ. കാരണം മുസ്‌ലിം ലീഗിന്റെ രാജ്യസഭാ സീറ്റ് എ കെ ആന്റണിക്ക് ഒഴിഞ്ഞു കൊടുക്കാന്‍ ലീഗ് സന്മനസ്സ് കാണിച്ചത് കൊണ്ടാണ് ആന്റണി ഇന്ന് കേന്ദ്രപ്രതിരോധ മന്ത്രിയായിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രിയാകാന്‍ തിരൂരങ്ങാടിയില്‍ പാര്‍ട്ടി സീറ്റ് ദാനം നല്കിയ മുസ്‌ലിം ലീഗിന്റെ ഔദാര്യത്തില്‍ തന്നെയാണ് ആന്റണി പ്രതിരോധ മന്ത്രിയായി തുടരുന്നത്.
മുസ്‌ലിം ലീഗിന് പ്രധാനവകുപ്പുകള്‍ നല്കിയെന്ന ആരോപണം യു ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റയുട നെ ഉണ്ടായതാണ്. പ്രധാനപാര്‍ട്ടിക്ക് പ്രധാന വകുപ്പുകള്‍ നല്കുന്നത് സാധാരണയാണ്. ആ വകുപ്പുകളില്‍ മന്ത്രിമാരുടെ നിലപാടുകള്‍ക്ക് അനുസരിച്ച് ഭരണം നടക്കുന്നതും സ്വാഭാവികമാണ്. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കോട്ടയം എം ജി സര്‍വകലാശാല സിന്‍ഡിക്കേറ്റിലേക്ക് എം എസ് എഫ് പ്രതിനിധിയെ തെരഞ്ഞെടുത്തപ്പോഴേക്ക് അത് തെറ്റാണെന്ന് ചില യൂത്ത് നേതാക്കള്‍ പ്രസ്താവനയിറക്കിയിരുന്നു. എം കെ മുനീറിന്റെ പഞ്ചായത്ത് വകുപ്പ് ജില്ലാ വികസന സമിതികളിലേക്ക് സര്‍ക്കാര്‍ പ്രതിനിധികളെ നോമിനേറ്റ് ചെയ്തപ്പോള്‍ ദേ, എല്ലാവരും ലീഗുകാരാണ് എന്ന പരാതിയും ഉയരുകയുണ്ടായി. വൈദ്യുതി വകുപ്പിലും, സാംസ്‌കാരിക വകുപ്പിലും, ടൂറിസം വകുപ്പിലും നിയമനങ്ങള്‍ നടക്കുമ്പോള്‍ എല്ലാവരും കോണ്‍ഗ്രസ് അനുഭാവികളായതില്‍ മുസ്‌ലിം ലീഗുകാര്‍ പ്രതിഷേധിക്കാത്തതു പോലെ ലീഗ് വകുപ്പുകളില്‍ വല്ലതും നടക്കുമ്പോള്‍ കോണ്‍ഗ്രസുകാരും പ്രതിഷേധിക്കാതെ മുന്നണി മര്യാദ കാത്തു സൂക്ഷിക്കണം. മുസ്‌ലിം ലീഗിന് രണ്ട് രാജ്യസഭാ സീറ്റിന് അര്‍ഹതയുണ്ട്. എം എല്‍ എമാര്‍ കുറവായ സമയത്ത് ഉള്ള സീറ്റ് ആന്റണിക്ക് ദാനം നല്കിയതിന്റെ പ്രത്യുപകാരമായി കോണ്‍ഗ്രസ് ഒരു സീറ്റ് കൂടി ലീഗിന് നല്കാന്‍ തയ്യാറായാല്‍ ഭാവിയില്‍ മുസ്‌ലിം ലീഗിന് മൂന്ന് രാജ്യസഭാ എം പി മാര്‍ ഉണ്ടാകും.
ശക്തമായ ജനകീയ പിന്തുണയുള്ള മുസ്‌ലിം ലീഗിന് ഇപ്പോള്‍ ലഭിച്ചതിനെക്കാള്‍ ലഭിക്കാന്‍ ന്യായമായും അര്‍ഹതയുണ്ട്. നെയ്യാറ്റിന്‍കരയല്ല കേരളം. ലീഗിന്റെ പിന്തുണയില്ലെങ്കില്‍ ആലപ്പുഴക്കിപ്പുറം വടക്കോട്ട് പത്ത് എം എല്‍ എമാരെ പോലും ജയിപ്പിക്കാന്‍ ത്രാണിയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഒരു മുന്നണി ബന്ധത്തിന്റെ കരുത്തിലാണ് ഇപ്പോള്‍ 38 എം എല്‍ എമാരെങ്കിലും കോണ്‍ഗ്രസിന് ഉണ്ടായത്. ഈ മുന്നണി തകര്‍ന്നാല്‍ കേരളത്തില്‍ 20 എം എല്‍ എമാരെ ഉണ്ടാക്കാന്‍ പോലും കോണ്‍ഗ്രസിന് സാധിക്കണമെന്നില്ല. മുന്നണിയില്ലെങ്കില്‍ കേരളത്തില്‍ മുസ്‌ലിം ലീഗിനും അധികാരപങ്കാളിത്തമുണ്ടാകില്ല.
പെരുന്നിലിരിക്കുന്നവര്‍ക്ക് കല്പിക്കാന്‍ അധികാരമുണ്ട്. അനുയായികള്‍ക്ക് അത് അനുസരിക്കാനും ബാധ്യതയുണ്ട്. എന്‍ എസ് എസിന്റെയോ, എസ് എന്‍ ഡി പിയുടെയോ, ധീവരസഭയുടെയോ ആവശ്യങ്ങളെയും, അവകാശങ്ങളെയും തള്ളിക്കളയണമെന്ന് പറയുന്നില്ല. സമുദായ സംഘടനകള്‍ വിലപേശുകയും, നിലപാട് സ്വീകരിക്കുകയും, വെല്ലുവിളിക്കുകയും, അടവുതന്ത്രം പയറ്റുകയും ചെയ്തുകൊള്ളട്ടെ. എന്നാല്‍ കേരള രാഷ്ട്രീയം ഏതെങ്കിലും ജാതി സംഘടനക്ക് നിയന്ത്രിക്കാന്‍ സാധിക്കും വിധം ദുര്‍ബലമകുന്നത് അപകടമാണ്.

Monday, January 2, 2012

Saturday, December 31, 2011

ആത്മീയഗുരു അത്തിക്കാട്ടുണ്ട്

original text at
http://www.varthamanam.com/index.php/45-news/news1editorial/4194-2011-12-14-18-09-47

http://www.varthamanam.com//
ആത്മീയഗുരു അത്തിക്കാട്ടുണ്ട്
www.varthamanam.com

ടി റിയാസ് മോന്‍

നിലമ്പൂരിനടുത്ത ചാലിയാര്‍ പഞ്ചായത്തിലെ അത്തിക്കാട്ട് വന്‍തോതില്‍ ഭൂമി വാങ്ങി അവിടെ ഒന്നിച്ച് വീട് വെച്ച് ഒരു സംഘം താമസിക്കുന്നുണ്ട്. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിലെ പിളര്‍പ്പിനെ തുടര്‍ന്ന് എ പി അബ്ദുല്‍ഖാദര്‍ മൗലവി പക്ഷത്ത് നില്ക്കുകയും, പിന്നീട് തങ്ങളുടെ പിഴച്ച വാദങ്ങള്‍ പൂര്‍ണ്ണമായും അവിടെ നടപ്പാക്കാനാകാത്തതില്‍ നിരാശ പൂണ്ട് സംഘടന വിടുകയും ചെയ്ത സുബൈര്‍ മങ്കടയാണ് ആ സംഘത്തിന്റെ നേതാവ്.

ലോകത്തെ ഏറ്റവും ദരിദ്രമായ രാഷട്രങ്ങളില്‍ ഒന്നാണ് യെമന്‍. അറബ്‌ലോകത്തെ പരമദരിദ്രമായ രാജ്യം. എന്നാല്‍ യെമനുമായി സുബൈര്‍ മങ്കടക്ക് വല്ലാത്ത അടുപ്പമാണ് ഉള്ളത്. യെമനില്‍ ആഭ്യന്തരയുദ്ധങ്ങളും, മുല്ലപ്പൂ വിപ്ലവവും ആരംഭിക്കുന്നതിന് മുമ്പ് സൂബൈര്‍ പക്ഷത്തെ പലരും യെമനിലേക്ക് യാത്രകള്‍ നടത്തിയിരുന്നു. ഇസ്‌ലാമികമായി ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ കേന്ദ്രം യെമന്‍ ആണെന്ന് അവര്‍ വാദിച്ചു. കേരളത്തില്‍ നിന്ന് കുറച്ചാളുകള്‍ യെമനിലേക്ക് ഹിജ്‌റ പോകുകയും ചെയ്തു. യെമനില്‍ നിന്ന് സമാനചിന്താഗതിക്കാരുടെ പ്രതിനിധികള്‍ കേരളം സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. മാറിയ സാഹചര്യത്തില്‍ യെമന്‍ ബന്ധങ്ങള്‍ അറ്റുകിടക്കുകയാണത്രേ. യെമനില്‍ കുടുങ്ങിക്കിടക്കുന്ന കുറച്ച് മലയാളികള്‍ ഇപ്പോഴുമുണ്ട്. വേണ്ടത്ര യാഥാസ്ഥിതികമാകാത്തതിനാല്‍ യെമന്‍ടീം ഇവരെ അവഗണിച്ചതാണെന്നും ശ്രുതിയുണ്ട്.

യെമനിലാണ് ഇസ്‌ലാമികമായി ജീവിക്കാന്‍ ഏറ്റവും അനുയോജ്യമെന്നാണ് ഈ വിഭാഗം വാദിക്കുന്നത്. യെമനില്‍ ഈ വിഭാഗത്തിന് സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് ചില സഹായങ്ങള്‍ ലഭിക്കുകയും, സര്‍ക്കാര്‍ ഈ വിഭാഗത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന സ്ഥീരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. യെമനിലെ പരിണാമം ബാധിച്ച ചില സലഫീഗ്രൂപ്പുകളുമായും ഈ വിഭാഗത്തിന് ബന്ധമുണ്ട്. (യെമനില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ കൂടി പിന്തുണയോടെ നടത്തിയ ജനകീയ പോരാട്ടങ്ങളെ ഒരു വിഭാഗം സലഫികള്‍ വിമര്‍ശിച്ചതിന്റെയും, അബ്ദുള്ള സാലിഹ് എന്ന യെമന്‍ രാഷ്ട്രനായകന് പിന്തുണ നല്കാന്‍ ഒരു വിഭാഗം സലഫികള്‍ തയ്യാറായതിന്റെയും പശ്ചാത്തലത്തെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു.) യെമനിനോടുള്ള സ്‌നേഹം വളര്‍ന്ന് കേരളത്തില്‍ ചിലര്‍ യെമനീ വസ്ത്രധാരണം സ്വീകരിക്കുക പോലുമുണ്ടായി. യെമനിലെ പണ്ഡിതന്മാരുടെ പ്രഭാഷണങ്ങള്‍ കേരളത്തില്‍ ഇന്റര്‍നെറ്റിലുടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു.

ആഗോള സലഫിസം എന്നും സലഫി മന്‍ഹജ് എന്നും തെറ്റിധരിപ്പിച്ചാണ് വികലവാദങ്ങള്‍ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തില്‍ അവതരിപ്പിക്കാന്‍ സുബൈര്‍ മങ്കട ശ്രമിച്ചത്. മുജാഹിദ് പ്രസ്ഥാനം പിളരുന്നതിന് മുമ്പായിരുന്നു അത്. ശക്തമായ പ്രതിരോധത്തെ തുടര്‍ന്ന് ആ നീക്കങ്ങള്‍ കേരളത്തില്‍ ജനപിന്തുണ നേടിയില്ല. ആഗോള സലഫിസം എന്ന പേരില്‍ ഇറക്കുമതി ചെയ്യപ്പെട്ട വികലവാദങ്ങള്‍ക്ക് അറബ്‌ലോകത്തു പോലും പിന്തുണ ലഭിക്കാതെ പോകുകയാണ്. സലഫിസത്തിന്റെ പേരില്‍ ഉയര്‍ത്തിയ വാദങ്ങള്‍ക്കെതിരെ സഊദി സലഫി പണ്ഡിതന്മാരില്‍ നിന്നു പോലും രൂക്ഷമായ എതിര്‍പ്പുകളാണ് നേരിടുന്നത്.

കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തില്‍ ഭിന്നിപ്പിന് വഴിമരുന്നിട്ട നാളുകളില്‍ സുബൈര്‍ മങ്കടയും, ടീമും ജിന്ന്-പിശാച്-സിഹ്‌റ് വിഷയത്തില്‍ ഗവേഷണവും ആരംഭിച്ചിരുന്നു. 2002ല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട പുസ്തകവും ഇവര്‍ പ്രസിദ്ധീകരിച്ചു. സുബൈര്‍ സംഘടന വിട്ടു പോയി. എന്നാല്‍ സുബൈര്‍ ഉയര്‍ത്തിയ അതേ ആശയങ്ങളാണ് പിന്നീട് സകരിയ്യ സ്വലാഹിയും സംഘവും സംഘടനക്ക് അകത്ത് ഉയര്‍ത്തിയത്. അപ്പോള്‍ സകരിയ്യയില്‍ നിന്ന് സുബൈറിലേക്കുള്ള ലിങ്കുകളും, ധാരണകളും കൂടുതല്‍ വ്യക്തമാകുകയാണ്. സംഘടന അനിവാര്യമോ അല്ലയോ എന്ന കാര്യത്തില്‍ മാത്രമാണ് സുബൈറുമായി അഭിപ്രായ വ്യത്യാസം ഉള്ളതെന്ന സകരിയ്യ പക്ഷത്തെ പണ്ഡിതന്റെ വെളിപ്പെടുത്തല്‍ ഇതോട് കൂട്ടി വായിക്കണം. സുബൈര്‍ മങ്കടയുമായി ബന്ധം സ്ഥാപിക്കാന്‍ ഇടക്കാലത്ത് സകരിയ്യ ശ്രമിച്ചിരുന്നുവെങ്കിലും നടന്നിട്ടില്ല. എങ്കിലും ആശയപരമായി ഇവര്‍ ഒന്നാണ്. സംഘടനയെ അംഗീകരിക്കുന്നു എന്നതാണ് സകരിയ്യയില്‍ സുബൈര്‍ കണ്ട ഏക കുറ്റം. മുജാഹിദ് പ്രസ്ഥാനത്തിലെ നവയാഥാസ്ഥിതിക ചേരിയുടെ പ്രസിഡന്റ് ടി പി അബ്ദുള്ളക്കോയ മദനി എടവണ്ണയില്‍ അവരുടെ സംസ്ഥാനകൗണ്‍സിലിനെ അഭിസംബോധന ചെയ്ത് കൊണ്ട് നടത്തിയ പ്രസംഗത്തിന്റെ അപഹാസ്യത കൂടി ഇവിടെ തിരിച്ചറിയണം. വാദങ്ങള്‍ പോയി പോയി എന്നാണ് ടി പി പറയുന്നത്. വാദങ്ങള്‍ തുടങ്ങിയിട്ടേ ഉള്ളൂ എന്നാണ് മനസ്സിലാക്കേണ്ടത്. സുബൈര്‍ മങ്കട 2002ല്‍ പറഞ്ഞത് തുടര്‍ന്ന് സകരിയ്യ സ്വലാഹി ഏറ്റു പിടിച്ചു എന്നത് മാത്രമാണ് സംഭവിച്ചത്. അത്തിക്കാട്ട് സുബൈര്‍ ഒരു ലോകം പണിതിട്ടുണ്ട്. സക്കാത്തിന്റെ പ്രാധാന്യം കുറച്ച് കാണുന്ന, കുടുംബബന്ധങ്ങള്‍ക്കും, സാമൂഹ്യ ബന്ധങ്ങള്‍ക്കും വലിയ വില കല്പിക്കാത്ത, അയല്‍പക്കങ്ങള്‍തമ്മില്‍ കാര്യമായ അടുപ്പമില്ലാത്ത, മനുഷ്യബന്ധത്തിന്റെ എല്ലാ ഇഴയടുപ്പങ്ങളും നിരാകരിക്കുന്ന ഒരു സമൂഹത്തെ അവിടെ വളര്‍ത്തിയെടുക്കുന്നുണ്ട്. നവോഥാനപ്രസ്ഥാനത്തിന്റെ സകലമൂല്യങ്ങളെയും നിരാകരിക്കുകയും, പുഛിക്കുകയും ചെയ്യുന്ന അറുപിന്തിരിപ്പന്‍ സംഘം. അതൊരൂ ടെസ്റ്റ് ഡോസാണ്. അത്തിക്കാട് മോഡല്‍ പരീക്ഷണം എ പി വിഭാഗം മുജാഹിദുകള്‍ക്കിടയില്‍ വിജയിപ്പിക്കാനുള്ള ഏജന്റുമാരാണ് ഇപ്പോള്‍ ജിന്ന് വിഭാഗമായി എ പി പക്ഷത്ത് വളരുന്നത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും, പാലിയേറ്റിവ് കെയറും, മരുന്നു വിതരണവും ആവശ്യമില്ലെന്നും, ഫാമിലി സെല്‍ അച്ചടക്ക ലംഘനമാണെന്നും പറഞ്ഞവര്‍ നിലമ്പൂരില്‍ അത് പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. ആരെങ്കിലും രോഗിയായി കിടന്നാല്‍ ഇത്തിരി കരിഞ്ചീരകം നല്കുന്നതിനപ്പുറം യാതൊരു കാരുണ്യവും, ചികിത്സയും ആവശ്യമില്ലെന്ന് വരെ വാദിച്ചേക്കാവുന്ന കാടന്‍ സമൂഹമായിരിക്കും അത്.

സുബൈറിന്റെ ആശയങ്ങള്‍ തന്നെയാണ് ഇപ്പോള്‍ എ പി പക്ഷത്ത് ആഭ്യന്തരകലാപങ്ങളുടെ ദിശനിര്‍ണ്ണയിക്കുന്നതെന്ന് സംശയിക്കാവുന്നതാണ്.

കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഈജിപ്തിലെ ജമാലുദ്ദീന്‍ അഫ്ഗാനിയുടെയും, മുഹമ്മദ് അബ്ദുവിന്റെയും പരിഷ്‌കരണ യജ്ഞങ്ങളില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട പ്രസ്ഥാനമാണ്. ഈജിപ്തിലെ പരിഷ്‌കരണ സംരഭങ്ങളും, അത് ഉയര്‍ത്തിയ ചിന്തകളും കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഏതെങ്കിലും പ്രസ്ഥാനത്തിന്റെ ഫ്രാഞ്ചൈസി ആയല്ല പ്രവര്‍ത്തിക്കുന്നത്. സ്വന്തമായ നിലപാടുകളാണ് അതിനുള്ളത്. ഖുര്‍ആനും, പ്രവാചകാധ്യാപനങ്ങളും മാത്രമാണ് അതിന് പ്രമാണം. എന്നാല്‍ പഴയ ലാടവൈദ്യന്‍മാരെ പോലെ ചിലര്‍ ഇപ്പോള്‍ രംഗത്ത് ഇറങ്ങിയിട്ടുണ്ട്. കരിഞ്ചീരകഓയില്‍ കച്ചവടക്കാരാണവര്‍. കരിഞ്ചീരകഓയില്‍ ഏജന്‍സി പോലെ ഒന്നാണ് മുജാഹിദ് പ്രസ്ഥാനം എന്നും, യെമനീ ബദുക്കളുടെ കേരള ഏജന്‍സിയാണ് കെ എന്‍ എമ്മെന്നും വിചാരിച്ചുപോരുന്ന മുഴുവന്‍ ആളുകളെയും പുറന്തള്ളാനാവുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

സലഫി മന്‍ഹജിന്റെ പേരില്‍ ആരുമായാണ് അവിശുദ്ധകൂട്ടുകെട്ട് എന്നും, യെമനില്‍ നിന്ന് അത്തിക്കാട് വഴി കോഴിക്കോട് മുജാഹിദ് സെന്ററിലെത്തുന്ന കറുത്ത കരങ്ങളുടെ സ്‌പോണ്‍സര്‍മാര്‍ ആരാണെന്നും പറയേണ്ട ബാധ്യത സുബൈര്‍ മങ്കടക്ക് മാത്രമല്ല ഉള്ളത്, വര്‍ഷങ്ങളോളം സുബൈറിനെ കൊണ്ട് നടന്ന് ഐ എസ് എം പക്ഷത്തിനെതിരെ കരുക്കള്‍ നീക്കിയ എ പി അബ്ദുല്‍ഖാദര്‍ മൗലവിക്കുമുണ്ട്.

തുണീഷ്യയില്‍ ആരംഭിച്ച് സിറിയയില്‍ എത്തി നില്ക്കുന്ന മുല്ലപ്പൂ വിപ്ലവത്തോട് സമ്മിശ്രമായ പ്രതികരണം ആണ് അറബ് ലോകത്ത് ഉണ്ടായിട്ടുള്ളത്. ഈജിപ്തിലെയും, യെമനിലെയും, ലിബിയയിലെയും ജനാധിപത്യത്തിന്റെ തിരിച്ചുവരവില്‍ അറബികള്‍ ആനന്ദിക്കുന്നു. ഹുസ്‌നി മുബാറക് അധികാരഭ്രഷ്ടനായതിന് ശേഷമുള്ള ഈജിപ്തിന്റെ പരിണാമത്തില്‍ അറബ് ലോകം ആഹ്ലാദിക്കുകയാണ്. സിറിയയില്‍ അറബ് ലീഗ് നിലപാട് വിപ്ലവത്തിന് അനുകൂലമാണ്. ഖത്തര്‍ സിറിയയിലെ ബഷാറുല്‍ അസദിനെതിരെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. സിറിയയിലെ ജനകീയ വിപ്ലവത്തിന്റെ വിജയത്തിനായി അറബ്‌നാടുകളിലെ ജുമുഅ ഖുതുബകളില്‍ വരെ പ്രാര്‍ഥനകള്‍ നടക്കുന്നുണ്ട്. എന്നാല്‍ മുല്ലപ്പൂ വിപ്ലവത്തിനെതിരെ എ പി മുജാഹിദുകള്‍ സ്വീകരിച്ച നിലപാടിന്റെ കൂടി പ്രേരണകള്‍ യെമനീബാന്ധവത്തില്‍ ഒളിഞ്ഞിരിക്കുന്നുണ്ടോ എന്നതിന് അവര്‍ തന്നെയാണ് ഉത്തരം പറയേണ്ടത്.

നവോത്ഥാന പ്രസ്ഥാനം: അജന്‍ഡകളും ഹൈജാക്കുകളും

നവോത്ഥാന പ്രസ്ഥാനം: അജന്‍ഡകളും ഹൈജാക്കുകളും
http://www.facebook.com/l.php?u=http%3A%2F%2Fvarthamanam.com%2Findex.php%2Fsundayspecial%2F3980-2011-12-10-17-09-08&h=8AQGLlhqRAQEEhwJY2lnfhEsWr21-txyILX6txfh71VJzgQ

ടി റിയാസ് മോന്‍

ഒരു സാമൂഹ്യപ്രസ്ഥാനം ജീവിക്കുന്നതും പ്രവര്‍ത്തിക്കുന്നതും സമൂഹത്തിലാണ് എന്ന തിരിച്ചറിവ് നഷ്ടപ്പെടുമ്പോള്‍ ആ പ്രസ്ഥാനത്തിന്റെ പ്രസക്തി നഷ്ടമാകുന്നു. അത് നാശത്തിലേക്കും തകര്‍ച്ചയിലേക്കും ചെന്നെത്തുന്നു. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിലെ പിളര്‍പ്പിനെ തുടര്‍ന്ന് അന്ധവിശ്വാസപ്രചാരണത്തില്‍ മുഴുകിയിരിക്കുന്ന എ പി അബ്ദുല്‍ഖാദിര്‍ മൗലവി നേതൃത്വംനല്കുന്ന വിഭാഗത്തില്‍ ഈയടുത്ത കാലത്തായി ഉണ്ടായിരിക്കുന്ന ആഭ്യന്തരകലാപങ്ങള്‍ ലക്ഷ്യബോധം നഷ്ടമായ ആള്‍ക്കൂട്ടത്തിന്റെ അനിവാര്യ പതനമാണ് കാണിക്കുന്നത്.

എ പി വിഭാഗം മുജാഹിദുകളിലെ ജിന്ന്- സിഹ്‌റ് വിഭാഗം തലശ്ശേരിയില്‍ സംഘടനാ തെരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിച്ച വാര്‍ത്ത ഒരു സൂചന മാത്രമാണ്. സംസ്ഥാന നേതൃത്വത്തിന് കോടതിയും കള്ളക്കേസുകളും ശീലമാകുമ്പോള്‍ അണികളിലേക്കും ആ രോഗം ബാധിക്കും എന്നത് മാത്രമാണ് തലശ്ശേരി കേസ് നല്കുന്ന സന്ദേശം. തമ്മിലടിക്കുന്നതും, ചേരി തിരിയുന്നതും, തെറിവിളിക്കുന്നതും മതസംഘടനകള്‍ക്കിടയില്‍ ഒരു ശീലമായി വളരുന്നത് അപകടകരമാണ്. അത് മറന്നു പോകുന്നതിന്റെ അനിവാര്യ ദുരന്തങ്ങളാണ് മതസംഘടനകള്‍ക്കിടയില്‍ സംഭവിക്കുന്നത്.

പ്രവാചകനില്‍ നിങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ട് എന്ന് ഇസ്‌ലാം വ്യക്തമാക്കുന്നു. എന്നാല്‍ ഹദീസ് പണ്ഡിതന്‍മാരായി രംഗത്തെത്തിയ പലരോടും മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് എതിരാളികളും സ്വന്തക്കാരും ഇന്ന് അഭ്യര്‍ഥിക്കുകയാണ്. മാന്യമായ ഭാഷയും പെരുമാറ്റവും ഗുണകാംക്ഷയും മതനേതൃത്വങ്ങള്‍ക്കും, പ്രഭാഷകര്‍ക്കും നഷ്ടമാകുമ്പോള്‍ തകരുന്നത് സമുദായത്തിന്റെ കെട്ടുറപ്പും ഇമേജുമാണ്. മാന്യമായ ഭാഷ ഉപയോഗിക്കുന്നവര്‍ സമുദായ സംഘടനകളുടെ വേദികളില്‍ നിന്ന് അപ്രത്യക്ഷമാകുകയും, അലറിവിളിച്ച് പ്രസംഗിക്കുന്നവര്‍ക്കും, തെറിപ്പാട്ടുകാര്‍ക്കും മാര്‍ക്കറ്റ് വര്‍ധിക്കുകയും ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്നത് സൗഹാര്‍ദ്ദവും, സാംസ്‌കാരിക നിലവാരവും കൊതിക്കുന്ന വിദ്യാസമ്പന്നരായ യുവതലമുറയുടെ പിന്തുണയാണെന്ന് മാത്രം മതനേതൃത്വങ്ങളെ ഓര്‍മ്മിപ്പിക്കേണ്ടി വരികയാണ്.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മുജാഹിദ് പ്രസ്ഥാനത്തിന്റെ ബാനറില്‍ എഴുന്നള്ളിക്കാന്‍ കെ കെ സകരിയ്യാ സ്വലാഹി പക്ഷം നടത്തുന്ന നീക്കങ്ങള്‍ കണ്ട് അവരുടെ പ്രസിഡന്റായ ടി പി അബ്ദുള്ളക്കോയ മദനി നമ്മള്‍ തിരിച്ചുപോക്ക് ആരംഭിച്ചിരിക്കുന്നോ എന്ന് അണികളോട് പ്രസംഗമധ്യേ ചോദിക്കുകയുണ്ടായി. തിരിച്ചുപോക്ക് ആരംഭിച്ച് ഒരു ദശാബ്ദം പിന്നിട്ടതിന് ശേഷമാണ് ഈ ചോദ്യം ഉയരുന്നത്. ബിലാലിന്റെയും, അമ്മാറിന്റെയും കഥ പറയുന്ന, പതിതരായ ഒരു ജനതക്ക് ആത്മാഭിമാനം നല്കിയ ആദര്‍ശത്തിന്റെ അനന്തരാവകാശികള്‍ പാവങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളില്‍ നിന്നും, സമുദായത്തിന്റെ അടിസ്ഥാനപരമായ ആവശ്യങ്ങളില്‍ നിന്നും മുഖം തിരിച്ചുകൊണ്ട് പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്‌കരിച്ചു തുടങ്ങിയപ്പോള്‍ തന്നെ പിന്തിരിഞ്ഞു നടക്കാന്‍ തുടങ്ങിയിരുന്നു. ഇപ്പോള്‍ ആ നടത്തം ഏതാണ്ട് പൂര്‍ണമായിട്ടുണ്ട്. ഇനി മുന്നോട്ട് പോകേണമോ എന്ന ചോദ്യമാണ് ഉയരുന്നത്.

ബുദ്ധിപരമായി ജീര്‍ണത ബാധിച്ചു കഴിഞ്ഞ ഒരു വിഭാഗത്തിന്റെ ആള്‍ക്കൂട്ടത്തിന് മുന്നില്‍ നിന്നാണ് അവരുടെ നേതാവ് ആത്മവിമര്‍ശനം നടത്തിയത്. ജീര്‍ണത ഏത് പ്രസ്ഥാനത്തെയും ബാധിക്കാം. അത് ഒരു പ്രസ്ഥാനത്തില്‍ നിന്ന് പകര്‍ച്ചവ്യാധിയായി മറ്റുള്ളവയിലേക്ക് പടരുകയും ചെയ്യും. ആയതിനാല്‍ ഏതെങ്കിലും പ്രസ്ഥാനത്തിന് എതിരെ ഉയരുന്ന ആരോപണങ്ങളെയും വിമര്‍ശങ്ങളെയും അത് സ്വന്തം പ്രസ്ഥാനത്തില്‍ എങ്ങനെ സ്വാധീനം ചെലുത്തും എന്ന് കൂടി ഇതര സംഘടനകള്‍ ആലോചിക്കേണ്ടതാണ്.

മതസംഘടനകളുടെ ജീര്‍ണതയുടെ സാമൂഹ്യപശ്ചാത്തലം എന്താണ്? മതസംഘടനകളില്‍ നിന്നും വന്‍തോതില്‍ അണികളുടെ കൊഴിഞ്ഞ് പോക്ക് നടക്കുന്ന ഇക്കാലത്ത് ആ ചോദ്യം ഏറെ പ്രസക്തമാണ്. മതസംഘടനകളില്‍ നിന്ന് മാത്രമല്ല രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ഈ കൊഴിഞ്ഞ് പോക്ക് നടക്കുന്നുണ്ട്. വ്യക്തികള്‍ സാമൂഹ്യജീവിതം അവസാനിപ്പിക്കുന്നുവെന്നത് നേരാണ്. എന്നാല്‍ പുതിയ കാലത്ത് സാമൂഹ്യബോധം ഉള്ളവരെ പോലും ആകര്‍ഷിക്കാതിരിക്കാന്‍ മാത്രം സംഘടനകള്‍ സങ്കുചിതമാകുന്നുണ്ടോ എന്ന്, സ്ഥാപനവത്കരിക്കപ്പെടുന്നുണ്ടോ എന്ന്, ജനകീയജീവിതത്തിന്റെ തുടിപ്പുകളില്‍ നിന്ന് സ്വന്തം കൂടാരങ്ങളിലേക്ക് സംഘടനകള്‍ ചുരുങ്ങിപ്പോകുന്നുണ്ടോ എന്ന് ആത്മവിമര്‍ശനം നടത്താന്‍ സമയമായിട്ടുണ്ട്.

മതസംഘടനകളുടെ തകര്‍ച്ചയുടെ ആരംഭസൂചനകള്‍ വായിച്ചു തുടങ്ങേണ്ടത് പള്ളികളില്‍ നിന്നാണ്. പള്ളിക്കമ്മിറ്റികളില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ എന്തൊക്കെയാണ്? പള്ളി നടത്തിപ്പും, ശമ്പളവും മാത്രം ചര്‍ച്ച ചെയ്ത് പിരിയുകയാണ് യോഗങ്ങള്‍. നാട്ടിലെ പ്രമാണിമാരുടെ മടിശ്ശീലകള്‍ കൊണ്ട് പള്ളിനടത്തിപ്പ് മുന്നോട്ട് പോകുമ്പോള്‍ പാവങ്ങളുടെ പ്രശ്‌നം അവഗണിക്കപ്പെടുകയാണ്. രാവിലെ പാടത്തേക്കിറങ്ങുന്ന മുസ്‌ലിം സ്ത്രീകളുടെ ജീവിതവും, തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്ന മുസ്‌ലിം യുവതികളുടെ ചിത്രവും സമുദായനേതാക്കളുടെ മനസ്സില്‍ നിന്നും ഇല്ലാതെയായി. അവര്‍ കാറിന് കൂളിംഗ് ഗ്ലാസ് ഒട്ടിച്ച് സ്ത്രീകളെ അന്യപുരുഷന്‍മാരുടെ നോട്ടത്തില്‍ നിന്നും രക്ഷിക്കേണ്ടതിനെ കുറിച്ച് തഖ്‌വയുടെ സെഷനില്‍ പ്രസംഗിച്ചു.

പള്ളികളും മഹല്ലുകളും പിടിച്ചെടുക്കുന്നതിന് തന്ത്രങ്ങള്‍ മെനയുന്നവര്‍ക്ക് അതേ മഹല്ലിലെ കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നതിനെ കുറിച്ച് ആശങ്കയേതുമുണ്ടായില്ല. കുടുംബബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനെ കുറിച്ചും. വിവാഹവും ദാമ്പത്യവും ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് പ്രസംഗിക്കാനും പ്രവര്‍ത്തിക്കാനും ഉള്ള ആഹ്വാനങ്ങള്‍ ഒരു വേള സമ്പന്നരുടെ വിവാഹഖുത്ബകളിലേക്ക് മാത്രമായി ചുരുങ്ങി. പാവങ്ങള്‍ ഈ സമുദായത്തിന് പുറത്തെ അധകൃതരായി ഒതുക്കപ്പെട്ടു. അങ്ങനെ ആന പനിനീര്‍ തളിക്കുന്ന, ഇവന്റ് മാനേജ്‌മെന്റുകള്‍ സദ്യ നടത്തുന്ന റിസോര്‍ട്ട് വിവാഹങ്ങളില്‍ ആസ്ഥാനപണ്ഡിതന്മാര്‍ കാര്‍മികരായി. ഒടുവില്‍ നാലുമണി കല്യാണങ്ങളും, ഓലപ്പുരകളും നേതൃത്വം കാണാതെ പോയി. കടപ്പുറത്തെ വീട്ടില്‍ പോയി നികാഹ് നിര്‍വഹിച്ച് ആ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് ആദര്‍ശത്തെ ജീവിതം കൊണ്ട് സത്യപ്പെടുത്തിയ സ്വാത്തികന്‍മാരായ പണ്ഡിതന്‍മാരുടെ ഓര്‍മ്മകള്‍ പോലും ഇല്ലാതായി.

യഥാര്‍ഥ പ്രശ്‌നങ്ങളുടെ വേരുകള്‍ അവിടെയാണുള്ളത്. പണം കാര്യങ്ങള്‍ തീരുമാനിച്ചു തുടങ്ങി. നേതാക്കന്‍മാര്‍ പണച്ചാക്കുകളോട് ആദരവ് പ്രകടിപ്പിച്ചു തുടങ്ങിയതും കാര്യങ്ങളുടെ ഗതിമാറ്റി. സമ്മേളനപ്പന്തലുകളില്‍ ദശലക്ഷങ്ങള്‍ ചെലവഴിച്ച് പെട്രോഡോളര്‍ ആര്‍ഭാടങ്ങള്‍ തീര്‍ത്തപ്പോള്‍ കണ്ണഞ്ചിപ്പോയി, അതിശയംകൂറിപ്പോയി. ലക്ഷക്കണക്കിന് രൂപയുടെ വാള്‍പോസ്റ്ററുകള്‍ ഓരോ സംഘടനയും കോഴിക്കോട്ടങ്ങാടിയില്‍ മാത്രം ഒട്ടിക്കുന്നുണ്ട്. 400 പേര്‍ പങ്കെടുക്കുന്ന പരിപാടിക്കും നാലായിരം പോസ്റ്റര്‍ അടിക്കുന്നത് ശീലമായി പോയി. അങ്ങനെ എതിര്‍സംഘടനയെ പണത്തിന്റെ പളപളപ്പ് കാട്ടി പരാജയപ്പെടുത്തുന്നിടത്തേക്ക് കാര്യങ്ങള്‍ ഗതിമാറി.

അപ്പോള്‍ ഒരിക്കല്‍ പോലും കോഴിക്കോടിന്റെ പടിഞ്ഞാറെ ഭാഗത്ത് കുറെ പാവങ്ങള്‍ ഉണ്ടെന്ന് ആരും പറഞ്ഞു തന്നില്ല. അവരുടെ പ്രതിനിധികള്‍ ഒന്നും മതനേതൃത്വത്തിന്റെ ആഢ്യസഭയില്‍ കൗണ്‍സിലര്‍മാരായി വന്നില്ല.

പാവങ്ങള്‍ ബഹിഷ്‌കൃതരാകുകയും, സാമൂഹ്യബോധമുള്ളവര്‍ ഇറങ്ങിപ്പോകുകയോ, ഒതുക്കപ്പെടുകയോ ചെയ്തപ്പോള്‍ അവിടെ പകരം കയറിയിരുന്നത് ജനജീവിതവുമായി ബന്ധമില്ലാത്ത ഉപരിവര്‍ഗ്ഗമായിരുന്നു. അവര്‍ എപ്പോഴും ആലോചിക്കുക അന്യഗ്രഹജീവികളെ കുറിച്ചും, അദ്ഭുതജീവികളെ കുറിച്ചുമാണ്. അമേരിക്കന്‍ ഹോളിവുഡ് സിനിമകളുടെ തിരക്കഥയുമായി ഇതിന് വല്ലാത്ത സാമ്യമുണ്ട്. ഹോളിവുഡ് സിനിമകളില്‍ എപ്പോഴും അമാനുഷരും അന്യഗ്രഹജീവികളും വല്ലാതെ നിറഞ്ഞിരിക്കും. ശാസ്ത്രവും സാമൂഹ്യപഠനങ്ങളും ഇത്രയേറെ മുന്നോട്ട് പോയിട്ടും ഹോളിവുഡ് സിനിമകളില്‍ എന്തു കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ പ്രമേയമാകുന്നത് എന്ന് ചിന്തിക്കണം. അത്തരം സിനിമകള്‍ ഹിറ്റാകുന്നതിന്റെ അതേ മനശ്ശാസ്ത്രം തന്നെയാണ് കേരളത്തില്‍ ഒരു കൂട്ടം പണ്ഡിതവേഷധാരികള്‍ ജിന്നിനെ കുറിച്ചും, സിഹ്‌റിനെ കുറിച്ചും പറഞ്ഞ് ആള്‍ക്കൂട്ടത്തെ സൃഷ്ടിക്കുമ്പോളും ഉണ്ടാകുന്നത്. ഒരു ഹോളിവുഡ് സിനിമയുടെ അതേ ആസ്വാദനനിലവാരം ജിന്ന് സ്‌പെഷ്യലിസ്റ്റിന്റെ പ്രഭാഷണ സിഡികള്‍ക്കും ലഭിക്കുന്നു.

1990 കളോടെ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ സജീവമായ ഒരു പദമാണ് നവയാഥാസ്ഥിതികത അഥവാ നിയോകണ്‍സര്‍വേറ്റിവിസം. നീതിരഹിതമായ കമ്പോളത്തോടുള്ള നിലപാടുകളും, കത്തോലിക്കാസഭയിലെ ആഭ്യന്തരശൈഥില്യങ്ങളുമെല്ലാം ചര്‍ച്ചയാകുന്ന ഒരു പ്രയോഗമാണ് നവയാഥാസ്ഥിതികത. ആധുനികതക്ക് ശേഷം അന്ധവിശ്വാസം വളര്‍ത്തുന്നവരെയും ഈ പദം കൊണ്ട് വിശേഷിപ്പിക്കാറുണ്ട്. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തില്‍ നിന്ന് വഴിമാറി സഞ്ചരിക്കുന്ന ഒരു വിഭാഗത്തെ നിയോകണ്‍സര്‍വേറ്റിവുകള്‍ അഥവാ നവയാഥാസ്ഥിതികര്‍ എന്ന് വിശേഷിപ്പിക്കുന്നതിന്റെ വിശാലമായ അര്‍ഥബന്ധങ്ങള്‍ കൂടി അന്വേഷിക്കുന്നത് കൗതുകമായിരിക്കും. പിശാചുമായും അദൃശ്യജീവികളുമായും ബന്ധപ്പെട്ട ചര്‍ച്ചകള്‍ കേരളത്തിലും ഇറക്കുമതിചെയ്തത് പ്രസ്ഥാനത്തെ വഴിതെറ്റിക്കാനുള്ള ബാഹ്യശക്തികളുടെ തീരുമാനഫലമായിരുന്നുവോ എന്ന് അപ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കും.

പ്രത്യയശാസ്ത്രരഹിതരായി സമ്പന്നതയില്‍ ജീവിക്കുന്നവര്‍ക്ക് മനുഷ്യന്റെ പ്രശ്‌നങ്ങളില്‍ താത്പര്യം ഇല്ലാതെയാകുകയും, അവര്‍ക്ക് ഭാവനകളില്‍ താത്പര്യം ഉണ്ടാകുകയും ചെയ്യുന്നു. അത്തരം ജനവിഭാഗത്തെ കൂടെ നിര്‍ത്താന്‍ സകാത്തിന്റെ പോരിശ പ്രസംഗിച്ചാല്‍ മതിയാകില്ല. അവര്‍ക്ക് ജിന്നും സിഹ്‌റും അദൃശ്യജീവികളുമായുള്ള സംസാരവും ഒക്കെ ഗവേഷണവിഷയങ്ങളാകും. ഹോളിവുഡ് സിനിമ കണ്ടിറങ്ങുന്ന നവപണ്ഡിതന് യാത്രക്കിടയില്‍ രണ്ടത്താണിയില്‍ നിന്ന് ഒരു ജിന്ന് ആകാശത്തേക്ക് പോകുന്നത് കാണുന്നത് സ്വാഭാവികമാണ്.

എന്നാല്‍ അനാഥരുടെയും അഗതികളുടെയും അവിവാഹിതകളുടെയും രോഗികളുടെയും വൃദ്ധരുടെയും പ്രശ്‌നങ്ങള്‍ക്ക് വില കല്പിച്ച ഒരു ഉത്തമസമൂഹത്തിന്റെ പിന്‍മുറക്ക് ഈ ചര്‍ച്ചകള്‍ അരോചകമാകണം. എന്നാല്‍ ആ ചര്‍ച്ചകളെ ആസ്വദിക്കുകയും യഥാര്‍ഥ ചര്‍ച്ചകളോട് മുഖം തിരിക്കുകയും ചെയ്തു എന്നതാണ് കേരളത്തിലെ ഒരു വിഭാഗം മുജാഹിദുകള്‍ക്കിടയില്‍ ഇപ്പോള്‍ ഉള്ള ആഭ്യന്തര ശൈഥില്യത്തിന്റെ പ്രധാന കാരണം. നവസമൂഹത്തിലേക്ക് അജന്‍ഡകള്‍ സെറ്റ് ചെയ്യാന്‍ പ്രാപ്തിയുള്ളവര്‍ നേതൃത്വത്തില്‍ ഇല്ലാതെയായതിന്റെ അനിവാര്യദുരന്തം കൂടിയാണത്.

എല്ലാവരും കണ്ണു തുറക്കേണ്ട സമയമാണിത്. പുതിയ കാലത്തോട് സംവദിക്കാനുള്ള മീഡിയകളും അജന്‍ഡകളും ഉണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ട ഘട്ടമാണിത്. അതിജീവനം കൊതിക്കുന്ന പ്രസ്ഥാനങ്ങള്‍ ഉണര്‍ന്നുനിന്നേ മതിയാകൂ